ETV Bharat / bharat

എന്‍സിഇആര്‍ടി പാഠപുസ്‌തകം; ഇന്ത്യയും അയൽക്കാരും അധ്യായത്തില്‍ പാക് ഭീകരതയും ചൈനയുമായുള്ള വ്യാപാര ശ്രമങ്ങളും

പാകിസ്ഥാൻ സൈന്യത്തിന്‍റെ പിന്തുണയോടെയുള്ള ഭീകരാക്രമണങ്ങൾ ഇന്ത്യ-പാക് ബന്ധം സാധാരണ നിലയിലാക്കുന്നതിന് തടസമുണ്ടാക്കുന്നുവെന്ന് എന്‍സിഇആര്‍ടി പാഠപുസ്തകത്തിലെ അധ്യായം എടുത്തുപറയുന്നു.

NCERT  TEXTBOOK  PAKISTAN  CHINA
NCERT TEXTBOOK (ETV Bharat)
author img

By ETV Bharat Kerala Team

Published : December 8, 2025 at 8:04 PM IST

2 Min Read
Choose ETV Bharat

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിലിന്‍റെ (NCERT) പുതിയ ഏഴാം ക്ലാസ് സാമൂഹ്യ പാഠപുസ്തകമായ 'എക്സ്പ്ലോറിങ് സൊസൈറ്റി ഇന്ത്യ ആൻഡ് ബിയോണ്ട്' എന്നതിൽ 'ഇന്ത്യയും അയൽക്കാരും' എന്ന പേരിൽ ഒരു പുതിയ, വിശദമായ അധ്യായം അവതരിപ്പിച്ചു.

പാകിസ്ഥാൻ സൈന്യത്തിന്‍റെ പിന്തുണയോടെയുള്ള ഭീകരാക്രമണങ്ങൾ ഇന്ത്യ-പാക് ബന്ധം സാധാരണ നിലയിലാക്കുന്നതിന് തടസമുണ്ടാക്കുന്നുവെന്ന് അധ്യായം എടുത്തുപറയുന്നു.

31 പേജുള്ള ഈ അധ്യായം കര അതിർത്തികൾക്കപ്പുറം സമുദ്ര അതിര്‍ത്തി വഴിയുള്ള പങ്കാളികളിലേക്കുകൂടി ഇന്ത്യയുടെ അയൽബന്ധങ്ങളെ വിശദമാക്കുന്നുണ്ട്. വിശാലമായ കാഴ്ചപ്പാടിലൂടെ ദക്ഷിണേഷ്യയിലെ ഇന്ത്യയുടെ തന്ത്രപരവും കേന്ദ്രീകൃതവുമായ സ്ഥാനം അധ്യായത്തില്‍ ഊന്നിപ്പറയുന്നു.

"സൈന്യത്തിന്‍റെ പിന്തുണയോടെ പാകിസ്ഥാൻ ഇന്ത്യക്കെതിരെ നിരന്തരം നടത്തുന്ന ഭീകരാക്രമണങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള സാധാരണ ബന്ധം തടസപ്പെടുത്തിയെന്ന് പുസ്തകം ശക്തമായി പരാമർശിക്കുന്നു.

ഇന്ത്യ-പാക് അതിർത്തി ഒരു ഭൂമിശാസ്ത്രപരമായ രേഖ മാത്രമല്ല, പങ്കിട്ട പൈതൃകത്തിന്‍റെയും ദുരന്തപൂർണമായി വിഭജിക്കപ്പെട്ട ചരിത്രത്തിന്‍റെയും പ്രതീകം കൂടിയാണെന്നും അധ്യായം കൂട്ടിച്ചേർക്കുന്നു. കർത്താർപൂർ ഇടനാഴി 2019-ൽ തുറന്നതും പുസ്തകത്തിൽ വിശദമാക്കുന്നുണ്ട്.

ചൈനയുമായി ഇന്ത്യക്ക് പുരാതനമായ നാഗരിക ബന്ധങ്ങളുണ്ടെന്നും ബുദ്ധമതം പ്രധാന കണ്ണിയാണെന്നും അധ്യായം അടിവരയിടുന്നു. എങ്കിലും, സമീപ വർഷങ്ങളിൽ അതിർത്തി തർക്കങ്ങൾ കാരണം വലിയ പിരിമുറുക്കങ്ങൾ ഉണ്ടായിട്ടുണ്ട്. അതേസമയം, "വ്യാപാരം, അതിർത്തി തർക്ക പരിഹാര സംവിധാനങ്ങൾ എന്നിവയിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്" എന്നും പുസ്തകം രേഖപ്പെടുത്തുന്നു.

പതിമൂന്നാം നൂറ്റാണ്ടിൽ ചൈനീസ് തുറമുഖ നഗരമായ ക്വാൻഷൗവിൽ ഹിന്ദു വ്യാപാരികൾ ക്ഷേത്രങ്ങൾ പണിതതിനെക്കുറിച്ചും കൈയുവൻ ക്ഷേത്രത്തിലെ വിഷ്ണു, ശിവൻ എന്നിവരുടെ കൊത്തുപണികളെക്കുറിച്ചും ഒരു പ്രത്യേക ബോക്സിൽ പരാമർശമുണ്ട്.

ബംഗ്ലാദേശുമായി ചരിത്രം, നദികൾ, സംസ്കാരം എന്നിവയിൽ അധിഷ്ഠിതമായ അടുത്ത പങ്കാളിത്തമാണ് ഇന്ത്യ പങ്കുവെക്കുന്നത്. നേപ്പാളുമായി പാസ്‌പോർട്ടോ വിസയോ ഇല്ലാതെ പൗരന്മാർക്ക് അതിർത്തി കടക്കാൻ അനുവദിക്കുന്ന തുറന്ന അതിർത്തിയും സാംസ്കാരിക ബന്ധങ്ങളുമാണ് പ്രധാന ആകർഷണം.

ഭൂട്ടാനുമായുള്ള ബന്ധം ഹൈഡ്രോ പവർ സഹകരണവും ബുദ്ധ പൈതൃകവും കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു. ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളിൽ 2004-ലെ സുനാമി, 2014-ലെ മാലി ജലപ്രതിസന്ധി തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളിൽ ഇന്ത്യ നൽകിയ സഹായങ്ങൾ എടുത്തുപറയുന്നു.

കൂടാതെ, തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ബുദ്ധമതത്തിന്‍റെയും സംസ്‌കൃത നാമങ്ങളുടെയും സ്വാധീനം വഴിയുള്ള ഇന്ത്യയുടെ ചരിത്രപരമായ മുദ്രകളും ഈ അധ്യായം വിശദീകരിക്കുന്നു.

ഇന്ത്യയുടെ അയൽരാജ്യങ്ങളുമായുള്ള ബന്ധം ദീർഘകാലത്തെ നാഗരിക പ്രവാഹങ്ങളിൽ നിന്ന് ശക്തി ഉൾക്കൊള്ളുന്നതാണെന്ന് പറഞ്ഞുകൊണ്ടാണ് അധ്യായം ഉപസംഹരിക്കുന്നത്.

Also Read: സ്‌കൂളിലെത്താൻ കാട്ടിലൂടെ നടക്കുന്നത് 14 കിലോ മീറ്റര്‍; സഹികെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി വിദ്യാര്‍ഥികള്‍