കഴിഞ്ഞ വര്‍ഷം രാജ്യത്ത് നടന്നത് വൻ ലഹരിവേട്ട; പിടിച്ചെടുത്തത് 1,980 കോടിയുടെ മയക്കുമരുന്ന്
2024-ൽ 60.8 ശതമാനമായിരുന്ന ശിക്ഷാ നിരക്ക് 2025-ൽ 66.8 ശതമാനമായി ഉയർന്നു. 131 കേസുകളിലായി 265 പേരെയാണ് കോടതി ശിക്ഷിച്ചത്.

Published : January 7, 2026 at 11:25 PM IST
ന്യൂഡൽഹി: കഴിഞ്ഞ വര്‍ഷം രാജ്യത്തുടനീളം നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB) നടത്തിയ റെയ്‌ഡുകളില്‍ ഏകദേശം 1,980 കോടി രൂപ വിലമതിക്കുന്ന 1,33,965 കിലോഗ്രാം ലഹരിമരുന്നുകൾ പിടിച്ചെടുത്തു.
ബുധനാഴ്ച പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം വിവിധ ലഹരിക്കടത്ത് കേസുകളിലായി 25 വിദേശികൾ ഉൾപ്പെടെ 994 പേരെയാണ് ഏജൻസി അറസ്റ്റ് ചെയ്തത്. ആകെ 447 കേസുകളാണ് ഈ വർഷം രജിസ്റ്റർ ചെയ്തത്. മുൻവർഷങ്ങളെ അപേക്ഷിച്ച് കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിൽ എൻസിബി വലിയ പുരോഗതി കൈവരിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2024-ൽ 60.8 ശതമാനമായിരുന്ന ശിക്ഷാ നിരക്ക് 2025-ൽ 66.8 ശതമാനമായി ഉയർന്നു. 131 കേസുകളിലായി 265 പേരെയാണ് കോടതി ശിക്ഷിച്ചത്.
ശിക്ഷിക്കപ്പെട്ടവരിൽ 39 പേർക്ക് നിയമം അനുവദിക്കുന്ന പരമാവധി ശിക്ഷയായ 20 വർഷം തടവ് ലഭിച്ചു. 210 പേർക്ക് 10 വർഷമോ അതിലധികമോ തടവ് ശിക്ഷയും വിധിച്ചു. കുറ്റവാളികളിൽ നിന്ന് ആകെ 3.3 കോടി രൂപ പിഴയായും ഈടാക്കി. ഒൻപത് വിദേശ പൗരന്മാരും ശിക്ഷിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.
സിന്തറ്റിക് ഡ്രഗ്‌സ്, അനധികൃത മരുന്നുകൾ എന്നിവയുടെ കടത്ത് തടയാൻ അന്താരാഷ്ട്ര തലത്തിൽ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് എൻസിബി നടത്തിയത്. ഇതിന്‍റെ ഭാഗമായി 'ഓപ്പറേഷൻ ക്രിസ്റ്റൽ ഫോർട്രസ്', 'ഓപ്പറേഷൻ കെറ്റാമെലോൺ', 'ഓപ്പറേഷൻ മെഡ് മാക്സ്' തുടങ്ങിയ വൻ പദ്ധതികൾ ഏജൻസി വിജയകരമായി പൂർത്തിയാക്കി.
ഡൽഹിയിൽ നടന്ന 'ഓപ്പറേഷൻ ക്രിസ്റ്റൽ ഫോർട്രസ്' വഴി 328 കിലോഗ്രാം ഉയർന്ന നിലവാരമുള്ള മെത്താംഫെറ്റമിൻ പിടിച്ചെടുത്തു. 'ഓപ്പറേഷൻ കെറ്റാമെലോണി'ലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ ഡാർക്ക്നെറ്റ് ലഹരി ശൃംഖലയെയാണ് എൻസിബി തകർത്തത്. ഇതിലൂടെ 1,127 എൽഎസ്ഡി ബ്ലോട്ടുകളും ക്രിപ്‌റ്റോകറൻസി ഇടപാടുകളും കണ്ടെത്തി.
'ഓപ്പറേഷൻ മെഡ് മാക്സ്' വഴി നാല് ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചു കിടക്കുന്ന രാജ്യാന്തര മരുന്ന് കടത്ത് ശൃംഖലയെയും അധികൃതർ തകർത്തു. മുംബൈയിൽ ഡിഎച്ച്എൽ കൊറിയർ വഴി ഓസ്‌ട്രേലിയയിലേക്ക് കടത്താൻ ശ്രമിച്ച കൊക്കെയ്ൻ പിടികൂടുകയും ഇതിന് പിന്നിൽ പ്രവർത്തിച്ച മുഖ്യപ്രതിയെ വിദേശത്തുനിന്ന് നാട്ടിലെത്തിക്കുകയും ചെയ്തു.
2025-ൽ മാത്രം ഏകദേശം 3,889 കോടി രൂപ വിലമതിക്കുന്ന 77,773 കിലോഗ്രാം ലഹരിമരുന്നുകൾ ഏജൻസി നശിപ്പിച്ചു. രാജസ്ഥാൻ, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് എന്നിവിടങ്ങളിലായി പ്രവർത്തിച്ചിരുന്ന ആറ് രഹസ്യ ലഹരി നിർമ്മാണ ശാലകൾ എൻസിബി തകർത്തു. ഇവിടെനിന്ന് സിന്തറ്റിക് മരുന്നുകളുടെ നിർമ്മാണത്തിനാവശ്യമായ വലിയ തോതിലുള്ള രാസവസ്തുക്കളും പിടിച്ചെടുത്തു.
ലഹരിക്കടത്ത് കേസുകളിലെ സ്ഥിരം കുറ്റവാളികളെ തടയുന്നതിനായി പിഐടി-എൻഡിപിഎസ് നിയമപ്രകാരം 16 കരുതൽ തടങ്കൽ ഉത്തരവുകൾ പുറപ്പെടുവിച്ചു. കൂടാതെ, ലഹരിക്കടത്തിലൂടെ സമ്പാദിച്ച 96.69 കോടി രൂപയുടെ സ്വത്തുക്കളും ഏജൻസി കണ്ടുകെട്ടി.
അന്താരാഷ്ട്ര തലത്തിൽ ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ 14 റെഡ് നോട്ടീസുകളും 22 ബ്ലൂ നോട്ടീസുകളും എൻസിബി പുറപ്പെടുവിച്ചു. യുഎഇ, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ച് വിദേശത്തേക്ക് കടന്ന അഞ്ച് ലഹരിക്കടത്ത് പ്രതികളെ നാട്ടിലെത്തിക്കാനും ഏജൻസിക്ക് സാധിച്ചു. ലഹരിമുക്ത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ് 2025-ലെ ഈ പ്രവർത്തനങ്ങളെന്ന് എൻസിബി വാർത്താക്കുറിപ്പിൽ അറിയിച്ചു.
Also Read: പിഎസ്‌എൽവി വീണ്ടും ലോഞ്ച് പാഡിലേക്ക്: 'അന്വേഷ'യെ ബഹിരാകാശത്ത് എത്തിക്കും; സി62 ദൗത്യം ജനുവരി 12ന്

