ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടൽ; 14 നക്‌സലുകൾ കൊല്ലപ്പെട്ടു, തെരച്ചിൽ ഊർജിതം
ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന വെടിവയ്‌പ്പിലാണ് 14 പേർ കൊല്ലപ്പെട്ടത്.

Published : January 3, 2026 at 2:31 PM IST
റായ്‌പൂര്‍: ഛത്തീസ്‌ഗഡിൽ സുരക്ഷാ സേനയും മാവോയിസ്‌റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 14 നക്‌സലുകൾ കൊല്ലപ്പെട്ടു. സംസ്ഥാനത്തെ ബസ്‌തർ മേഖലയിൽ നടന്ന വെടിവയ്‌പ്പിലാണ് മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മരിച്ചവരിൽ രണ്ട് പേർ ബിജാപൂർ ജില്ലയിൽ നിന്നുള്ളവരാണ്. ബാക്കി 12 പേർ സുക്‌മ ജില്ലയിൽ നിന്നുള്ളവരാണെന്നും സ്ഥിരീകരിച്ചു.
ബസ്‌തര്‍ മേഖലയിലും പരിസരത്തും മാവോയിസ്‌റ്റ് സാന്നിധ്യമുണ്ടെന്ന ഇന്‍റലിജന്‍സ് വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് തെരച്ചിൽ ആരംഭിച്ചത്. കൂടാതെ ജില്ല റിസർവ് ഗാർഡിൻ്റെ (ഡിആർജി) സംഘങ്ങളെ മേഖലയിൽ വിന്യസിച്ചിട്ടുണ്ടായിരുന്നു. ഇതിനിടയിലാണ് സുരക്ഷാ സേനയും മാവോയിസ്‌റ്റുകളും തമ്മില്‍ ഏറ്റുമുട്ടൽ നടന്നത്. വെടിവയ്‌പ്പ് ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടു നിന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംഭവ സ്ഥലത്ത് നിന്ന് എകെ-47, ഇൻസാസ് റൈഫിളുകൾ, എസ്എൽആർ റൈഫിളുകൾ തുടങ്ങിയ ആയുധങ്ങൾ കണ്ടെടുക്കുകയും ചെയ്‌തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ന് രാവിലെ ഛത്തീസ്‌ഗഡിലെ ബിജാപൂരിൽ ജില്ലാ റിസർവ് ഗാർഡുമായുണ്ടായ (ഡിആർജി) ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും സംഘം കൂട്ടിച്ചേർത്തു.
പുലർച്ചെ 5.00 മണി മുതൽ ഡിആർജി ഉദ്യോഗസ്ഥരും മാവോയിസ്‌റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ തുടർന്നു. ശേഷം നടന്ന തെരച്ചിലിനിടെ, ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് രണ്ട് മാവോയിസ്‌റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തുവെന്ന് ബസ്‌തർ റേഞ്ച് ഇൻസ്പെക്‌ടർ ജനറൽ ഓഫ് പൊലീസ് പി സുന്ദർരാജ് പറഞ്ഞു.
സമാന സംഭവങ്ങൾ:
ഇന്നലെ (ജനുവരി 02) പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയുടെ (പിഎല്‍ജിഎ) ഉന്നത കമാന്‍ഡര്‍ ബര്‍സ ദേവയെ അറസ്‌റ്റ് ചെയ്‌തതായി തെലങ്കാന പൊലീസ് പറഞ്ഞു. ഇടത് നക്‌സല്‍ സംഘടനകള്‍ക്ക് ഏറ്റ കനത്ത തിരിച്ചടിയായാണ് ഇതിനെ വിലയിരുത്തുന്നത്. തെലങ്കാന, ഛത്തീസ്‌ഗഡ്, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വനത്തിനുള്ളില്‍ ദേവയും പതിനഞ്ച് മറ്റ് പ്രവര്‍ത്തകരും ആയുധങ്ങളുമായി എത്തിയിട്ടുണ്ടെന്ന ഇന്‍റലിജന്‍സ് വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് സംഘം പിടിയിലായത്.
കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ ഉന്നത നേതാവ് ഉൾപ്പെടെ ആറ് മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടിരുന്നു. ഒഡിഷയിലെ കാണ്ഡമാൽ ജില്ലയിൽ നടന്ന വെടിവയ്‌പ്പിലാണ് ആറ് മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടത്. മരിച്ചവരിൽ ഒരാൾ പ്രധാന മാവോയിസ്‌റ്റ് നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ ഗണേഷ് ഉയികെ എന്ന ഹനുമന്ദു (69) ആണെന്ന് തിരിച്ചറിഞ്ഞു. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലെ ചന്ദൂർ മണ്ഡലത്തിലെ പുല്ലെംല ഗ്രാമനിവാസിയാണ് ഗണേഷ്.

