മാവോയിസ്റ്റ് നേതാവ് രാംധർ മജ്ജി ഉൾപ്പടെ 12 നക്‌സലൈറ്റുകൾ കീഴടങ്ങി; പ്രതിഫലമായി കൈയ്യില്‍ കിട്ടുക 1.5 കോടി രൂപ
ഛത്തീസ്‌ഗഢിനെ വലയ്‌ക്കുന്ന മാവോയിസ്റ്റ് നേതാവ് രാംധറും കൂട്ടാളികളും കീഴടങ്ങി

Published : December 8, 2025 at 8:11 PM IST
റായ്‌പൂർ: പതിറ്റാണ്ടുകളായി, ഛത്തീസ്‌ഗഢിനെ വലയ്‌ക്കുന്ന മാവോയിസ്റ്റ് നേതാവ് രാംധറും കൂട്ടാളികളും ഇന്ന് കീഴടങ്ങി. ഡിസംബർ 13 ന് ഛത്തീസ്‌ഗഢ് സർക്കാരിൻ്റെ രണ്ടാം വർഷം പൂർത്തിയാകാനിരിക്കെയാണ് അപ്രതീക്ഷിതമായ ഈ കീഴടങ്ങൽ.
നക്‌സലൈറ്റ് രാംധർ മജ്ജി ഉൾപ്പടെ 12 നക്‌സലൈറ്റുകൾ കീഴടങ്ങിയിട്ടുണ്ട്. മാവോയിസ്റ്റുകളുടെ ഉന്നത കമാൻഡറാണ് രാംധർ മജ്ജി. നക്‌സൽ സംഘടനയിൽ സിസിഎം റാങ്കാണ് ഇയാൾ വഹിക്കുന്നത്. അദ്ദേഹത്തെ പിടികൂടുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികവും സർക്കാർ പ്രഖ്യാപിച്ചിരുന്നു. രാംധർ മജ്ജിക്കൊപ്പം കീഴടങ്ങിയവരിൽ ആറ് വനിതാ നക്‌സലൈറ്റുകളും ഉൾപ്പെടുന്നു.
"ഛത്തീസ്‌ഗഢിന് ഇന്ന് ചരിത്രപരമായ ദിവസമാണ്. സംസ്ഥാനം നക്‌സലിസത്താൽ വലയുകയായിരുന്നു. ഇത് വികസനത്തിന് തടസം നിൽക്കുകയായിരുന്നു. മുമ്പ് നമ്മൾ നക്‌സലിസത്തിനെതിരെ പോരാടിയിട്ടുണ്ട്" മുഖ്യമന്ത്രി വിഷ്‌ണുദേവ് സായ് പറഞ്ഞു. "ഡിസംബർ 13 ന് ഈ സർക്കാർ രണ്ട് വർഷം പൂർത്തിയാക്കുന്നു. നമ്മുടെ സൈനികരും ഉദ്യോഗസ്ഥരും ചേർന്ന് പ്രശംസനീയമായ ഒരു ജോലി ചെയ്‌തു. 2026 മാർച്ച് 31-നകം രാജ്യത്ത് നിന്ന് നക്‌സലിസം തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. നക്‌സലൈറ്റ് രാംധർ അക്രമത്തിൻ്റെ പാത ഉപേക്ഷിച്ചു. നക്‌സലിസം വംശനാശത്തിലേക്ക് നീങ്ങുകയാണ്" മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പൊലീസ് ഉദ്യോഗസ്ഥർ രാംധറിനെ പുനരധിവസിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. അക്രമത്തിൽ നിന്നും വെടിവയ്പ്പിൽ നിന്നും തിരിച്ചെത്തിയ രാംധറിന് സർക്കാർ 1.05 കോടി രൂപ പ്രതിഫലമായി നൽകുന്നുണ്ട്. അതുപോലെ, കീഴടങ്ങിയ മറ്റ് 11 മാവോയിസ്റ്റുകളും പാരിതോഷികം നൽകും. സംസ്ഥാനത്തിൻ്റെ പുനരധിവാസ നയം വളരെ മികച്ചതാണ്. തൽഫലമായി, കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 4,000-ത്തിലധികം മാവോയിസ്റ്റുകൾ അറസ്റ്റിലാവുകയും കീഴടങ്ങുകയും ചെയ്‌തിട്ടുണ്ട്. കൂടാതെ, 500-ലധികം മാവോയിസ്റ്റുകൾ കൊല്ലപ്പെടുകയും ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കീഴടങ്ങിയ മാവോയിസ്റ്റുകൾക്ക് സർക്കാർ മുഖേന നിരവധി സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. പ്രധാനമന്ത്രി ഭവന പദ്ധതി പ്രകാരം കീഴടങ്ങിയ മാവോയിസ്റ്റുകൾക്ക് 15,000 വീടുകൾ പ്രത്യേകം അനുവദിച്ചു. നക്‌സൽ രഹിത ഗ്രാമങ്ങളുടെ വികസനത്തിനായി ഒരു കോടി രൂപയും നൽകും. നിയദ് നെല്ലനാർ പദ്ധതി നടക്കുന്ന 400-ലധികം ഗ്രാമങ്ങൾ മാവോയിസ്റ്റുകളിൽ നിന്ന് മോചിപ്പിക്കപ്പെട്ടു.
നിയാദ് നെല്ലനാർ (നിങ്ങളുടെ സുന്ദര ഗ്രാമം) പദ്ധതിയിലൂടെ സർക്കാർ പദ്ധതികൾ ഗ്രാമങ്ങളിൽ എത്തുന്നു. റോഡുകൾ, വൈദ്യുതി, വെള്ളം, ആശുപത്രി സൗകര്യങ്ങൾ എന്നിവ ഇത് വഴി ഗ്രാമങ്ങളിൽ എത്തുന്നു. "ഇപ്പോൾ, വെടിവയ്പ്പിന് പകരം, ഗ്രാമങ്ങളിൽ സ്‌കൂൾ ബെല്ലുകൾ മുഴങ്ങുന്നു. ബസ്‌തറിലെ ഗ്രാമങ്ങളിലും റേഷൻ സാധനങ്ങൾ എത്തിക്കുന്നുണ്ട്. കീഴടങ്ങിയ നക്‌സലൈറ്റുകൾക്ക് തൊഴിൽ നൽകാനുള്ള ശ്രമങ്ങളും നടന്നുവരുകയാണ്. കീഴടങ്ങിയ നക്‌സലൈറ്റുകൾ പ്രവർത്തിക്കുന്ന ജഗദൽപൂരിൽ ഒരു കഫേയും തുറന്നിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുടെയും അമിത് ഷായുടെയും ദൃഢനിശ്ചയം പൂർത്തീകരിക്കപ്പെടുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്" മുഖ്യമന്ത്രി വിഷ്‌ണു സായ് പറഞ്ഞു.
'ഇന്ന് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഇന്ന്, എംഎംസി (മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്) മേഖലയുടെ തലവനായ രാംധർ കീഴടങ്ങി. ഛത്തീസ്‌ഗഢിൽ രണ്ട് സി.സി അംഗങ്ങൾ മാത്രമേയുള്ളൂ മാദ്വി ഹിദ്‌മയും രാംധറും. മാദ്വി ഹിദ്‌മ ഒരു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു, അതേസമയം രാംധർ ഇന്ന് കൂട്ടാളികളോടൊപ്പം കീഴടങ്ങി. ഈ നക്‌സലൈറ്റുകളും അവരുടെ ആയുധങ്ങൾ കൊണ്ടുവന്നു. ഇപ്പോൾ എം.എം.സി സോൺ ഏതാണ്ട് പൂർണ്ണമായും നീക്കം ചെയ്‌തിട്ടുണ്ട്. ഈ കീഴടങ്ങലിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു' ഛത്തീസ്‌ഗഢ് ഉപമുഖ്യമന്ത്രി വിജയ് ശർമ്മ പറഞ്ഞു.
ALSO READ: കർണാടക മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്‌തുള്ള ഹർജി; വിശദീകരണം തേടി സുപ്രീം കോടതി

