ഇത് അന്യായം! 'ജർമ്മൻ സർക്കാർ ഏറ്റെടുത്ത അരിഹ ഷായെ തിരികെ എത്തിക്കണം'; എസ് ജയശങ്കറിന് കത്തെഴുതി ജോൺ ബ്രിട്ടാസ്
ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസിൻ്റെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി കുട്ടിയുടെ മോചനത്തിൽ ഇടപെടണമെന്ന് എംപി ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.

Published : January 7, 2026 at 7:44 PM IST
ന്യൂഡൽഹി: നാലര വർഷത്തിലേറെയായി ജർമ്മനിയിൽ ഫോസ്റ്റർ കെയറിൽ കഴിയുന്ന ഇന്ത്യൻ പൗരയായ അരിഹ ഷായെ തിരികെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തെഴുതി എംപി ജോൺ ബ്രിട്ടാസ്. കുട്ടിയുടെ മാതാപിതാക്കള്‍ കുറ്റക്കാരല്ലെന്ന് തെളിഞ്ഞതായും ജനുവരി 12-13 തീയതികളിൽ ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസിൻ്റെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി കുട്ടിയുടെ മോചനത്തിൽ ഇടപെടണമെന്നും സിപിഎം എംപി ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.
കോടതി നിയമിച്ച സൈക്കോളജിസ്റ്റ് മാതാപിതാക്കളുടെ സംരക്ഷണം പുനസ്ഥാപിക്കാൻ ശുപാർശ ചെയ്‌തതിന് ശേഷവും കുഞ്ഞിനെ വിട്ട് നൽകിയിട്ടില്ല. ഇപ്പോഴും ഏകദേശം അഞ്ച് വയസുള്ള പെൺകുട്ടി ജർമ്മൻ ചൈൽഡ് സർവിസസിൻ്റെ കസ്റ്റഡിയിൽ തുടരുകയാണെന്നും എംപി കത്തിൽ ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തെത്തുടർന്ന് 2021 സെപ്‌തംബർ 23നാണ് ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ജർമ്മൻ അധികൃതർ മാതാപിതാക്കളിൽ നിന്ന് പിരിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അവകാശ സംരക്ഷണം, കുടുംബ ഐക്യത്തോടുള്ള ബഹുമാനം, അന്താരാഷ്ട്ര ബാലാവകാശ കൺവെൻഷനുകൾ പാലിക്കൽ എന്നിവയുൾപ്പെടെ പരസ്‌പര താൽപ്പര്യമുള്ള വിഷയങ്ങളിൽ ക്രിയാത്മകമായ ഇടപെടലിന് സർക്കാർ തയാറാകണമെന്നും ജർമ്മൻ ചാൻസലറുടെ സന്ദർശനം അവസരമാണെന്നും ബ്രിട്ടാസ് പറഞ്ഞു.
"ഈ സാഹചര്യം അങ്ങേയറ്റം അന്യായമാണ്, അന്താരാഷ്ട്ര നിയമപ്രകാരം അരിഹയുടെ അവകാശങ്ങളെ ലംഘിക്കുന്നു. പാസ്‌പോർട്ട് കൈവശമുള്ള ഒരു ഇന്ത്യൻ പൗരയെന്ന നിലയിൽ, ജർമ്മനിയും ഇന്ത്യയും ഒപ്പുവച്ച കുട്ടികളുടെ അവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ കൺവെൻഷൻ അനുശാസിക്കുന്നതുപോലെ, ബന്ധുത്വ പരിചരണത്തിനും അവളുടെ വ്യക്തിത്വം, ഭാഷ, മതം എന്നിവയുടെ സംരക്ഷണത്തിനും അവൾക്ക് അർഹതയുണ്ട്" - എംപി പറഞ്ഞു.
. @JohnBrittas, Permanent Invitee, Central Committee of the Communist Party of India (Marxist), and Member of Parliament, Rajya Sabha, urges Union Government to leverage German Chancellor’s India visit to secure repatriation of Baby Ariha Shah.
— CPI (M) (@cpimspeak) January 7, 2026
In a letter to Dr. S. Jaishankar,… pic.twitter.com/gZvsgxe1KK
കുട്ടി അവളുടെ പൈതൃകത്തിൽ നിന്ന് അവൾ പൂർണമായും അകന്നിരിക്കുന്നു. സസ്യാഹാരത്തിനായി അവളുടെ കുടുംബം ആവർത്തിച്ച് അഭ്യർഥിച്ചിട്ടും നോൺ-വെജിറ്റേറിയൻ ഭക്ഷണം നൽകുകയാണ്. ഇത്തരം പ്രവണതകള്‍ അതിര് കടന്നതാണെന്നും ജോണ്‍ ബ്രിട്ടാസ് കത്തിൽ എടുത്ത് പറയുന്നു.
ഗുജറാത്തിലെ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറായ ഭവേഷ് ഷാ, ധാര എന്നീ ദമ്പതിമാരുടെ മകളാണ് അരിഹ ഷാ. കളിക്കുന്നതിനിടെ സ്വകാര്യഭാഗത്തേറ്റ ചെറിയ പരിക്കിൻ്റെ അടിസ്ഥാനത്തിലാണ് ജര്‍മന്‍ സര്‍ക്കാര്‍ അരിഹ ഷാ എന്ന കുഞ്ഞിനെ മാതാപിതാക്കളില്‍ നിന്ന് മാറ്റിത്താമസിപ്പിച്ചത്. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ കുട്ടി ലൈംഗീക ചൂഷണത്തിന് ഇരയായെന്ന് ആശുപത്രി സംശയം ഉന്നയിക്കുകയായിരുന്നു.
എന്നാൽ കോടതിയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് തെളിഞ്ഞെങ്കിലും കുട്ടിയെ വിട്ടുനല്‍കാന്‍ ജർമൻ സര്‍ക്കാര്‍ തയാറായില്ല. മാതാപിതാക്കള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ് പിന്‍വലിക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ നിലവിൽ കുട്ടി ജർമൻ സർക്കാരിൻ്റെ സംരക്ഷണയിലാണ്.

