ETV Bharat / bharat

യുദ്ധം പാടില്ല, ഇന്ത്യയ്‌ക്ക് വരാനിരിക്കുന്നത് വൻ തിരിച്ചടി

അമേരിക്ക-ഇസ്രയേൽ സംയുക്ത ആക്രമണങ്ങൾ ഇറാനുനേരെ ശക്തമാകുന്ന സാഹചര്യത്തിൽ, ഇന്ത്യ നേരിടുന്ന ഊർജ്ജ പ്രതിസന്ധികൾ, പ്രവാസി ആശങ്കകൾ, പശ്ചിമേഷ്യയിലെ മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ചുള്ള തന്ത്രപ്രധാനമായ നയതന്ത്ര നീക്കങ്ങൾ എന്നിവയെക്കുറിച്ച് ഇടിവി ഭാരതിനായി അരുണിം ഭൂയാൻ തയ്യാറാക്കിയ റിപ്പോർട്ട്.

israel iran war  ഇസ്രയേല്‍ ഇറാൻ യുദ്ധം  ഇന്ത്യയ്‌ക്ക് പ്രതിസന്ധി  ഇന്ത്യൻ നയതന്ത്രം
Smoke rises on the skyline after an explosion in Tehran, Iran, Saturday, Feb. 28, 2026 (AP)
author img

By Aroonim Bhuyan

Published : February 28, 2026 at 8:32 PM IST

3 Min Read
Choose ETV Bharat

ന്യൂഡൽഹി: അമേരിക്കയും ഇസ്രയേലും ഇറാനുനേരെ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ ഈ മേഖലയെ ഒരു വലിയ യുദ്ധത്തിൻ്റെ വക്കിലെത്തിച്ചിരിക്കുകയാണ്. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതീവ സങ്കീർണ്ണമായ ഒരു തന്ത്രപ്രധാന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് "വലിയ സൈനിക നടപടികൾ" സ്ഥിരീകരിക്കുകയും, ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഇസ്രായേലിന് നേരെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിലൂടെ തിരിച്ചടിക്കുകയും ചെയ്തതോടെ മേഖലയിലെ ഭൗമരാഷ്ട്രീയ സ്ഥിരത ഭീഷണിയിലായിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് ഇതിൻ്റെ ആഘാതം നയതന്ത്രത്തിൽ മാത്രം ഒതുങ്ങുന്നതല്ല, ഊർജ്ജ സുരക്ഷ, പ്രവാസികളുടെ സുരക്ഷ, സമുദ്ര വ്യാപാര പാതകൾ, വൈരികളായ രാജ്യങ്ങൾക്കിടയിലുള്ള ഇന്ത്യയുടെ സന്തുലിത ബന്ധം എന്നിവയെല്ലാം ഇതിൻ്റെ പരിധിയിൽ വരുന്നു.

ശനിയാഴ്ചത്തെ ഈ സംഭവവികാസങ്ങൾ നടക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ ഇസ്രയേൽ സന്ദർശനം പൂർത്തിയാക്കി ദിവസങ്ങൾക്കുള്ളിലാണ്. ചർച്ചകളിലൂടെയും സമാധാനപരമായ പരിഹാരങ്ങളിലൂടെയും മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കൂ എന്ന ഇന്ത്യയുടെ നിലപാട് സന്ദർശനവേളയിൽ അദ്ദേഹം ആവർത്തിച്ചിരുന്നു. പശ്ചിമേഷ്യയിലെ സമാധാനം ഇന്ത്യയുടെ സുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഈ ചർച്ചകൾ "ഗ്ലോബൽ സൗത്തിൻ്റെ" ശബ്ദമാണെന്നും മോദി ഊന്നിപ്പറഞ്ഞിരുന്നു.

ഊർജ്ജ സുരക്ഷയും സാമ്പത്തിക പ്രത്യാഘാതങ്ങളും

ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾക്ക് പശ്ചിമേഷ്യ നിർണ്ണായകമാണ്. ഇറാൻ ഉൾപ്പെടുന്ന ഒരു വലിയ യുദ്ധം ആഗോള എണ്ണക്കടത്തിൻ്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിനെ ബാധിച്ചേക്കാം. ഇത് ക്രൂഡ് ഓയിൽ വില കുത്തനെ ഉയരാൻ കാരണമാകും. ലോകത്തിലെ ഏറ്റവും വലിയ ഊർജ്ജ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യയെ ഇത് സാരമായി ബാധിക്കും. എണ്ണവില വർദ്ധനവ് ഇന്ത്യയുടെ കറൻ്റ് അക്കൗണ്ട് കമ്മി വർദ്ധിപ്പിക്കുകയും പണപ്പെരുപ്പത്തിന് കാരണമാവുകയും ചെയ്യും. ഭൗതികമായി എണ്ണ വിതരണം തടസ്സപ്പെട്ടില്ലെങ്കിൽ പോലും, യുദ്ധസാഹചര്യം കാരണം ഇൻഷുറൻസ് തുക വർദ്ധിക്കുന്നത് ഇറക്കുമതിച്ചെലവ് കൂട്ടും.

പ്രവാസി സുരക്ഷ

ഏകദേശം 90 ലക്ഷത്തോളം ഇന്ത്യക്കാരാണ് പശ്ചിമേഷ്യയിൽ ജോലി ചെയ്യുന്നത്. ഇസ്രായേലിൽ കുറഞ്ഞ എണ്ണം ഇന്ത്യക്കാരേ ഉള്ളൂവെങ്കിലും, യുദ്ധം യുഎഇ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്ക് വ്യാപിച്ചാൽ അത് വലിയ പ്രതിസന്ധിയുണ്ടാക്കും. 2015-ൽ യമനിലും 2006-ൽ ലെബനനിലും നടത്തിയതുപോലെയുള്ള വൻതോതിലുള്ള ഒഴിപ്പിക്കൽ പദ്ധതികൾ ഇന്ത്യക്ക് തയ്യാറാക്കേണ്ടി വന്നേക്കാം.

ഇന്ത്യയുടെ പ്രതികരണം

ഇറാനിലെയും ഗൾഫ് മേഖലയിലെയും സാഹചര്യങ്ങളിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. "എല്ലാ പക്ഷങ്ങളും സംയമനം പാലിക്കണമെന്നും സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും" വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും രാജ്യങ്ങളുടെ പരമാധികാരം മാനിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇസ്രയേലിലെ ഇന്ത്യൻ എംബസി തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും സുരക്ഷിത കേന്ദ്രങ്ങൾക്ക് സമീപം തുടരാനും നിർദ്ദേശമുണ്ട്. ഫെബ്രുവരി 23-ന് ഇറാനിലെ ഇന്ത്യൻ എംബസിയും പൗരന്മാരോട് ലഭ്യമായ മാർഗങ്ങളിലൂടെ മടങ്ങാൻ ആവശ്യപ്പെട്ടിരുന്നു.

നയതന്ത്രപരമായ വെല്ലുവിളികൾ

ഇസ്രയേൽ, ഇറാൻ, അമേരിക്ക എന്നീ രാജ്യങ്ങൾക്കിടയിൽ ഒരു സന്തുലിതാവസ്ഥ നിലനിർത്തുക എന്നത് ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്. പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇസ്രായേലുമായി ഇന്ത്യക്ക് ശക്തമായ ബന്ധമുണ്ട്. അതേസമയം, ചബാഹർ തുറമുഖം ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ ഇറാനുമായും ഇന്ത്യക്ക് തന്ത്രപ്രധാനമായ ബന്ധമുണ്ട്.

തന്ത്രപ്രധാന വിദഗ്‌ധനായ സി. ഉദയ് ഭാസ്കറിൻ്റെ അഭിപ്രായത്തിൽ, ഇറാനെതിരെയുള്ള ഈ ആക്രമണം ഇന്ത്യയുടെ വിദേശനയത്തിന്റെ കടുത്ത പരീക്ഷണമായിരിക്കും. എണ്ണവിലയിൽ ഓരോ ഡോളറിൻ്റെ വർദ്ധനവും ഇന്ത്യയുടെ ഇറക്കുമതിച്ചെലവിൽ 200 കോടി ഡോളറിൻ്റെ അധികബാധ്യത വരുത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജെഎൻയുവിലെ പ്രൊഫസർ മുദസ്സർ ഖമറിൻ്റെ നിരീക്ഷണമനുസരിച്ച്, ഹൂതികളും ഹിസ്ബുള്ളയും യുദ്ധത്തിൽ ചേർന്നാൽ അത് മേഖലയെയാകെ തകർക്കും. ചുരുക്കത്തിൽ, പശ്ചിമേഷ്യയിലെ സ്ഥിരത എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വെറുമൊരു താല്പര്യമല്ല, മറിച്ച് അതൊരു അനിവാര്യതയാണ്.

Also Read: ഉടൻ രാജ്യം വിടണം, ജാഗ്രത വേണം, ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് നിര്‍ദേശങ്ങളുമായി ഇന്ത്യൻ എംബസി