ഫയാസ് ഇലാഹി പള്ളിക്ക് സമീപം ഒഴിപ്പിക്കല്‍ നടപടികള്‍ അക്രമാസക്തമായി, പൊലീസിന് നേരെ കല്ലേറ്, സ്ഥലത്ത് സംഘര്‍ഷാവസ്ഥ
ചില സാമൂഹ്യവിരുദ്ധരാണ് പൊലീസിന് നേരെ കല്ലെറിഞ്ഞ് സ്ഥലത്ത് അനിഷ്‌ട സംഭവങ്ങള്‍ ഉണ്ടാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. ചെറിയ തോതില്‍ പൊലീസ് നടപടിയിലൂടെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയെന്നും അധികൃതര്‍ വ്യക്തമാക്കി.

Published : January 7, 2026 at 10:37 AM IST
ന്യൂഡല്‍ഹി: രാംലീല മൈതാനത്തിന് സമീപത്ത് തുര്‍ക്ക്‌മാന്‍ ഗേറ്റ് മേഖലയില്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നടത്തിയ ഒഴിപ്പിക്കല്‍ നടപടികള്‍ അക്രമാസക്തമായി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പതിനേഴ് ബുള്‍ഡോസറുകളും വലിയ പൊലീസ് സന്നാഹങ്ങളുമായാണ് അധികൃതര്‍ ഒഴിപ്പിക്കലിനെത്തിയത്.
#WATCH | दिल्ली: तुर्कमान गेट स्थित फैज-ए-इलाही मस्जिद के पास अतिक्रमण पर MCD की बुलडोजर कार्रवाई जारी है। pic.twitter.com/XZPKK2fApA
— ANI_HindiNews (@AHindinews) January 7, 2026
സാധാരണ ഇത്തരം ഒഴിപ്പിക്കല്‍ നടപടികള്‍ രാവിലെ എട്ട് മണിക്ക് ശേഷമാണ് ആരംഭിക്കുക. എന്നാല്‍ സുരക്ഷാ കാരണങ്ങളും പ്രതിഷേധ സാധ്യതകളും കണക്കിലെടുത്ത് പുലര്‍ച്ചെ 1.30മുതല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങുകയായിരുന്നു. സമീപത്തെ ഒരു കമ്യൂണിറ്റി ഹാള്‍ ഒഴിപ്പിക്കുകയായിരുന്നു നടപടിയിലൂടെ പ്രധാനമായും ലക്ഷ്യമിട്ടത്. ഇതിന് പുറമെ രാംലീല മൈതാനത്തിന്‍റെയും ഫൈസ് ഇ ഇലാഹി പള്ളിയുടെയും സ്ഥലം കയ്യേറി അനധികൃതമായി നിര്‍മ്മിച്ച ഒരു ആശുപത്രിയും ചില വാണിജ്യ സ്ഥാപനങ്ങളും പൊളിച്ച് നീക്കാനും ഈ നടപടിയിലൂടെ ലക്ഷ്യമിട്ടിരുന്നു.
പൊലീസിന് നേരെ കല്ലേറുണ്ടായതോടെ സ്ഥലത്ത് സംഘര്‍ഷം
അനധികൃത നിര്‍മ്മാണങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് നീക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. ചിലര്‍ പൊലീസിനും കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കും നേരെ കല്ലെറിഞ്ഞതോടെ സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമായി. സംഭവത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ജനക്കൂട്ടത്തെ പിരിച്ച് വിടാന്‍ ചെറിയ തോതില്‍ പൊലീസ് നടപടി സ്വീകരിക്കുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്‌തു.
സ്ഥലത്ത് വന്‍തോതില്‍ പൊലീസിനെ വിന്യസിച്ചു
ഡല്‍ഹിയിലെ ഒന്‍പത് ജില്ലകളിലെ ഡിസിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ച ശേഷമാണ് അനധികൃത കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചത്. പതിനഞ്ചിലേറെ ജെസിബി മെഷീനുകള്‍ സ്ഥലത്ത് വിന്യസിച്ചിരുന്നു. അവശിഷ്‌ടങ്ങള്‍ നീക്കം ചെയ്യാനായി 70 മാലിന്യ ശേഖരണ സംവിധാനങ്ങളും ഒരുക്കിയിരുന്നു.കോര്‍പ്പറേഷന്‍റെ 150 ജീവക്കാരെയും വിന്യസിച്ചിരുന്നു. തുര്‍ക്ക്‌മാന്‍ ഗേറ്റിന് സമീപത്ത് സ്ഥാപിച്ചിരുന്ന ബാരിക്കേഡിന് മുന്നില്‍ ജനങ്ങള്‍ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ചു. ബാരിക്കേഡ് പൊളിക്കാനും അവര്‍ ശ്രമിച്ചു.
കോടതി ഉത്തരവും സര്‍വെയും
ജോയിന്‍റ് സര്‍വെയെ തുടര്‍ന്നാണ് നടപടി. പൊതുമരാമത്തിന്‍റെ 2,512 ചതുരശ്ര അടി സ്ഥലം അനധികൃതമായി കയ്യേറിയതായി സര്‍വേയില്‍ കണ്ടെത്തി. മത, ശ്‌മശാന ഭൂമികള്‍ വാണിജ്യ ഉപയോഗം പോലുള്ള സ്വകാര്യ ബാങ്കോക്ക് ഹാളുകളോ ആശുപത്രികള്‍ക്കോ ആയി എടുക്കാന്‍ സാധിക്കില്ല. നടപടിയെ തുടര്‍ന്ന് മധ്യ ഡല്‍ഹിയില്‍ പലയിടത്തും ഗതാഗതം തടസപ്പെട്ടു. ജെഎല്‍എന്‍ മാര്‍, അജ്‌മേരി ഗേറ്റ്, മിന്‍റോ റഡ്, ഡല്‍ഹി ഗേറ്റ് തുടങ്ങിയിടങ്ങളിലേക്ക് വരുന്നവര്‍ ബദല്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്ന് ഡല്‍ഹി ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
#WATCH दिल्ली: तुर्कमान गेट स्थित फैज-ए-इलाही मस्जिद के पास अतिक्रमण पर MCD की बुलडोजर कार्रवाई जारी है। https://t.co/eHAXmc7wkl pic.twitter.com/gRH9WejsBu
— ANI_HindiNews (@AHindinews) January 7, 2026
കോടതി ഉത്തരവ് പ്രകാരമാണ് ഇത്തരമൊരു നടപടിയെന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഡിസി വിവേക് അഗര്‍വാള്‍ പറഞ്ഞു. 32 ജെസിബികള്‍ ഇതിനായി വിന്യസിച്ചു. കയ്യേറ്റവും കയ്യേറ്റം ഒഴിപ്പിക്കുമ്പോഴുണ്ടാകുന്ന അവശിഷ്‌ടങ്ങളും ഉടന്‍ നീക്കം ചെയ്യും. ആര്‍ക്കും പരിക്കില്ല. പൊലീസ് നല്ല ജോലിയാണ് ചെയ്‌തത്. പൊലീസിന് വളരെ വേഗം കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കാനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തികച്ചും നിയമപരമായാണ് കാര്യങ്ങളെല്ലാം നടത്തിയത്. ഇതിനിടെ ചിലര്‍ പൊലീസിനും ഉദ്യോഗസ്ഥര്‍ക്കും നേരെ കല്ലെറിഞ്ഞു. ഇതോടെ പൊലീസ് കണ്ണീര്‍ വാതകവും വാതക ബുള്ളറ്റുകളും പ്രയോഗിച്ചു. പൊട്ടിത്തെറി ശബ്‌ദങ്ങള്‍ എമ്പാടും കേള്‍ക്കാമായിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ ദ്രുത കര്‍മ്മസേനയെ രംഗത്തിറക്കി. കല്ലെറിഞ്ഞവരെ സ്ഥലത്ത് നിന്ന് നീക്കി. ഡ്രോണ്‍ ക്യാമറകളുപയോഗിച്ച് ഡല്‍ഹി പൊലീസ് സ്ഥിഗതികള്‍ നിരീക്ഷിച്ചു.

കയ്യേറ്റം ഒഴിപ്പിക്കലിന് മുന്നോടിയായി നിരവധി യോഗങ്ങള്‍ വിളിച്ചിരുന്നു. അമന്‍ കമ്മിറ്റി അംഗങ്ങളും നാട്ടുകാരുമടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. സമാധാനപരമായി ഒഴിപ്പിക്കല്‍ നടപടികള്‍ മുന്നോട്ട് കൊണ്ടു പോകാനായി ആയിരുന്നു ഇത്. സൈന്യത്തെ നാമമാത്രമായി ഉപയോഗിക്കുക എന്ന ലക്ഷ്യവും ഇതിലുണ്ടായിരുന്നു. ക്രമസമാധാനം നിലനിര്‍ത്താന്‍ ഡല്‍ഹി പൊലീസ് പ്രതിജ്ഞാബദ്ധമാണെന്നും ഡല്‍ഹി മധ്യമേഖല ജോയിന്‍റ് പൊലീസ് കമ്മീഷണര്‍ മധുര്‍ വര്‍മ്മ വ്യക്തമാക്കി.

