ആന്ധ്രാപ്രദേശിലെ പടക്ക നിർമ്മാണ ശാലയിൽ വൻ സ്‌ഫോടനം; 21 പേർ മരിച്ചു
സ്‌ഫോടനത്തിൽ മരിച്ചവരിൽ കൂടുതലും സ്‌ത്രീകളാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി പ്രതികരിച്ചു.

Published : February 28, 2026 at 4:41 PM IST
അമരാവതി: ആന്ധ്രാപ്രദേശിലെ പടക്ക നിർമ്മാണ ശാലയിൽ വൻ സ്‌ഫോടനം. കാക്കിനട ജില്ലയിലെ വെറ്റ്‌ലപാലം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സൂര്യശ്രീ പടക്കശാലയിലാണ് സ്‌ഫോടനം നടന്നത്. ഇന്ന് ഉച്ചയ്‌ക്കാണ് (ഫെബ്രുവരി 28) സ്‌ഫോടനം. സംഭവത്തിൽ 21 പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ 8 പേരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
അടബാല ശ്രീനു, കടിമ്പള്ളി കൃപമ്മ, കടിമ്പള്ളി ധനരാജു, സാധനല സത്യവേണി, വട്ട്ലൂരി രവി, മന്ദപ്പള്ളി ചിന്നി, നിമ്മദ കരുണ, ഗമ്പള മാങ്ങ, ഗോദ മഹേഷ്, ഗോദത്ത രാമു, ഗോദത്ത നാനി എന്നിവരെ മരുച്ചതായി സ്ഥിരീകരിച്ചു. മരിച്ചവർ കൂടുതലും സ്‌ത്രീകളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പടക്ക നിർമ്മാണ ശാലയിൽ തൊഴിലാളികൾ പടക്കങ്ങൾ നിർമ്മിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
വിവരം ലഭിച്ചയുടനെ പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. പടക്ക നിർമ്മാണ ശാലയിൽ ഇപ്പോഴും സ്ഫോടനങ്ങൾ തുടരുകയാണെന്നാണ് വിവരം. നിർമ്മാണ ശാലയിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. വൻ ദുരന്തത്തിൽ ചില മൃതദേഹങ്ങൾ വയലുകളിലേക്ക് ചിതറിവീണു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പെഡപുടി റോഡിനോട് ചേർന്നുള്ള വയലുകളിലാണ് പടക്ക നിർമ്മാണ പ്ലാൻ്റ് സ്ഥിതിചെയ്യുന്നത്. അഡപ നാനി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫാക്‌ടറിയാണിത്. സ്‌ഫോടനം നടക്കാനുണ്ടായ കാരണം എന്താണെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. സ്‌ഫോടനത്തിൻ്റെ ശബ്‌ദവും കനത്ത പുകയും വ്യാപിച്ചതോടെ നാട്ടുകാർ പരിഭ്രാന്തരായി. ഇതേ ഗ്രാമത്തിൽത്തന്നെ മറ്റൊരു പടക്ക നിർമ്മാണ ശാലയിലും മുമ്പ് സമാനമായ സ്‌ഫോടനം നടന്നിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയന്നു.
അടിയന്തര സഹായം നൽകാൻ ഉത്തരവിട്ട് മുഖ്യമന്ത്രി
സ്‌ഫോടനം നടന്ന സംഭവത്തിൽ അടിയന്തര ദുരിതാശ്വാസ നടപടികൾ സ്വീകരിക്കാൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്യോഗസ്ഥരോട് നിർദേശിച്ചു. "ഈ അപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്‌ടപ്പെട്ടത് ഹൃദയഭേദകമാണ്. സംഭവത്തെക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥരുമായി ഞാൻ സംസാരിച്ചു. ദുരിതബാധിതർക്ക് ആവശ്യമായ സഹായം അടിയന്തരമായി നൽകണമെന്ന് ഞാൻ നിർദ്ദേശിച്ചിട്ടുണ്ട്. ദുരിതാശ്വാസ നടപടികൾ ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ദുഖിതരായ കുടുംബങ്ങൾക്കൊപ്പം ഞങ്ങൾ നിൽക്കുന്നു", എന്ന് മുഖ്യമന്ത്രി തൻ്റെ എക്‌സ് പോസ്‌റ്റിൽ കുറിച്ചു.
కాకినాడ జిల్లా వేట్లపాలెంలోని బాణాసంచా తయారీ కేంద్రంలో జరిగిన పేలుడు ఘటన తీవ్ర దిగ్భాంతిని కలిగించింది. ఈ ప్రమాదంలో పలువురు ప్రాణాలు కోల్పోవడం విచారకరం. ఘటనపై ఉన్నతాధికారులతో మాట్లాడాను. బాధితులకు అవసరమైన తక్షణ సాయం అందించాలని ఆదేశించాను. సహాయక చర్యలను పర్యవేక్షిస్తున్నాము. బాధిత…
— N Chandrababu Naidu (@ncbn) February 28, 2026
തുടർന്ന് ആഭ്യന്തര മന്ത്രി അനിതയോട് സംഭവസ്ഥലത്തേക്ക് പോകാൻ ഉത്തരവിട്ടു. അനിത നിലവിൽ സംഭവ സ്ഥലത്തേയ്‌ക്ക് തിരിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ജില്ലാ കളക്‌ടർ ഷൺമോഹനും പൊലീസ് സൂപ്രണ്ട് (എസ്‌പി) ബിന്ദു മാധവും സ്ഫോടനം നടന്ന സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.

