ETV Bharat / bharat

ലോകത്തിലെ ഏറ്റവും വലിയ നാവികാഭ്യാസത്തിൽ ഇന്ത്യ; ഹവായിയിൽ P-8I വിമാനവുമായി നാവികസേനയുടെ പ്രകടനം

1971-ൽ ആരംഭിച്ച ഈ അഭ്യാസം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര നാവിക സൈനിക പരിശീലനമായി വളർന്നിട്ടുണ്ട്

RIMPAC EXERCISE  MARITIME PATROL AIRCRAFT IN HAWAII  INDIA NAVAL EXERCISE  STRENGTH OF INDIAN NAVY
In this image posted on July 3, 2026, Indian Navy personnel pose for a photograph in front of a P-8I Long Range Maritime Reconnaissance and Anti-Submarine Warfare aircraft after its arrival to participate in the Rim of the Pacific (RIMPAC) 2026 exercise, in Honolulu, Hawaii. (PTI)
author img

By ETV Bharat Kerala Team

Published : July 4, 2026 at 11:03 AM IST

2 Min Read
Choose ETV Bharat

വാഷിങ്ടൺ: അമേരിക്കൻ പസഫിക് ഫ്ലീറ്റിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര നാവികാഭ്യാസമായ റിം ഓഫ് ദ പസഫിക് (RIMPAC) 2026ൽ ഇന്ത്യൻ നാവികസേനയുടെ സജീവ പങ്കാളിത്തം. സമുദ്രനിരീക്ഷണത്തിനും പട്രോളിംഗിനുമായി ഉപയോഗിക്കുന്ന നാവികസേനയുടെ P-8I മാരിടൈം പട്രോൾ വിമാനമാണ് ഹവായിയിലെ അഭ്യാസത്തിൽ പങ്കെടുക്കുന്നത്. സ്വതന്ത്രവും തുറന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇൻഡോ-പസഫിക് മേഖലയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ പങ്കാളിത്തമെന്ന് അമേരിക്കയിലെ ഇന്ത്യൻ എംബസി എക്‌സിലൂടെ അറിയിച്ചു.


പങ്കാളികൾ: സംയോജിതവും തയ്യാറായതും' ( Partners: Integrated and Prepared) എന്നതാണ് ഇത്തവണത്തെ റിം ഓഫ് ദ പസഫിക് 2026ൻ്റെ പ്രമേയം. 1971-ൽ ആരംഭിച്ച ഈ അഭ്യാസം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര നാവിക സൈനിക പരിശീലനമായി വളർന്നു. പങ്കാളി രാജ്യങ്ങളുമായി സംയുക്ത പ്രവർത്തനശേഷി വർധിപ്പിക്കുക, സമുദ്രമേഖലയിലെ വിവരശേഖരണവും നിരീക്ഷണവും മെച്ചപ്പെടുത്തുക, സമുദ്രസുരക്ഷയിൽ സഹകരണം ശക്തമാക്കുക എന്നിവയാണ് ഇന്ത്യയുടെ പങ്കാളിത്തത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ.

30 രാജ്യങ്ങൾ, 30,000 സൈനികർ

ജൂൺ 24 മുതൽ ജൂലൈ 31 വരെ ഹവായിയിൽ നടക്കുന്ന അഭ്യാസത്തിൽ 30 രാജ്യങ്ങൾ, 30-ലധികം യുദ്ധക്കപ്പലുകൾ, അഞ്ച് അന്തർവാഹിനികൾ, 206-ലധികം സൈനിക വിമാനങ്ങൾ, 15 രാജ്യങ്ങളുടെ കരസേന വിഭാഗങ്ങൾ, കൂടാതെ 30,000 ത്തിലധികം സൈനികർ പങ്കെടുക്കുന്നുണ്ട്. ലോക സമുദ്രമാർഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും വിവിധ രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്താനുമുള്ള സുപ്രധാന വേദിയായാണ് റിം ഓഫ് ദ പസഫികിനെ വിലയിരുത്തപ്പെടുന്നത്.

യുദ്ധസന്നദ്ധതയും ദുരന്തനിവാരണ പരിശീലനവും ഉൾപ്പെടെ വിപുലമായ അഭ്യാസങ്ങൾ

സങ്കീർണവും പ്രതിസന്ധി നിറഞ്ഞതുമായ സാഹചര്യങ്ങളിലാണ് വിവിധ രാജ്യങ്ങളുടെ സേനകൾ സംയുക്തമായി പരിശീലനം നടത്തുന്നതെന്ന് റിംപാക് 2026 സംയുക്ത സേനാ കമാൻഡർ വൈസ് അഡ്‌മിറൽ ജെഫ് ജാബ്ലോൺ വ്യക്തമാക്കി. ഇതിലൂടെ സേനകളുടെ യുദ്ധസന്നദ്ധതയും പരസ്‌പര സഹകരണ ശേഷിയും കൂടുതൽ ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അഭ്യാസത്തിൻ്റെ ഭാഗമായി ആംഫിബിയസ് ഓപ്പറേഷനുകൾ, പീരങ്കി മിസൈൽ പരീക്ഷണങ്ങൾ, അന്തർവാഹിനി വിരുദ്ധ യുദ്ധപരിശീലനം, വ്യോമ പ്രതിരോധ പ്രവർത്തനങ്ങൾ, സൈനിക മെഡിക്കൽ പരിശീലനം, മാനുഷിക സഹായവും ദുരന്തനിവാരണവും, കടൽക്കൊള്ള വിരുദ്ധ ദൗത്യങ്ങൾ, മൈൻ നിർവീര്യമാക്കൽ, സ്‌ഫോടകവസ്‌തു നിർവീര്യമാക്കൽ, ഡൈവിംഗ്, സാൽവേജ് ഓപ്പറേഷനുകൾ തുടങ്ങി വിപുലമായ പരിശീലനങ്ങളാണ് നടക്കുന്നത്. ഇന്ത്യയുടെ പങ്കാളിത്തം ഇൻഡോ-പസഫിക് മേഖലയിലെ സുരക്ഷാ സഹകരണത്തിന് പുതിയ കരുത്താണ് പകരുന്നത് എന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.

Also read: യൂസർനെയിമിലെ സുരക്ഷാ ആശങ്ക; ഐടി മന്ത്രാലയമായി കൂടിക്കാഴ്‌ച നടത്തി മെറ്റ പ്രതിനിധികൾ