ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടൽ; തലയ്ക്ക് 60 ലക്ഷം ഇനാം പ്രഖ്യാപിച്ച വെട്ടി മങ്കാട് ഉള്‍പ്പെടെ 12 നക്‌സലുകൾ കൊല്ലപ്പെട്ടു
41 കേസുകളില്‍ പ്രതിയാണ് വെട്ടി മങ്കാട്, അപകടകാരിയെന്ന് സുക്‌മ പൊലീസ്, സമാധാനം പുനഃസ്ഥാപിക്കാന്‍ എളുപ്പമെന്ന് ബസ്‌തര്‍ ഐജി

Published : January 4, 2026 at 4:29 PM IST
റായ്‌പൂര്‍: തലയ്‌ക്ക് 60 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച മുക്ക എന്ന വെട്ടി മങ്കാട് ഉള്‍പ്പെടെ 12 മാവോയിസ്റ്റുകളെ കൊലപ്പെടുത്തി സുരക്ഷ സേന. ഛത്തീസ്‌ഗഡിലെ സുക്‌മയില്‍ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത്. മാവോയിസ്റ്റുകളില്‍ നിന്ന് എകെ-47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ സുക്‌മ പൊലീസ് പിടിച്ചെടുത്തു. സുക്‌മ എസ്‌പി കിരൺ ചവാനാണ് ഏറ്റുമുട്ടലിൻ്റെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്.
വെട്ടി മങ്കാഡ് ഉള്‍പ്പെടെ കൊലപ്പെട്ടതോടെ ബസ്‌തര്‍ മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കുന്നത് എളുപ്പമാണെന്നും സുക്‌മ പൊലീസ് വ്യക്തമാക്കി. അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് ആകാശ് റാവുവിൻ്റെ ജീവനെടുത്ത ഐഇഡി സ്ഫോടനത്തിന് പിന്നിലെ ഗൂഢാലോചനയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകൾക്ക് പങ്കുണ്ടെന്ന് സുക്‌മ പൊലീസ് പറഞ്ഞു.
ഏറ്റുമുട്ടല്‍ വിവരങ്ങള്‍ പുറത്ത് വിട്ടത് മാധ്യമങ്ങളിലൂടെ
നക്‌സല്‍ സംഘടനയിലെ ഏറ്റവും അപകടകാരിയാണ് തലയ്ക്ക് 60 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച വെട്ടി മങ്കാഡിയെന്ന് സുക്‌മ എസ്‌പി കിരൺ ചവാന്‍ പറഞ്ഞു. ഛത്തീസ്‌ഗഡിലെ സുക്‌മയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതായി എസ്‌പി കിരൺ ചവാൻ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രഹസ്യ വിവരത്തെത്തുടർന്ന് ഒരു ഡിആർജി സംഘത്തെ സ്ഥലത്തേക്ക് അയച്ചു. രാവിലെ എട്ട് മണിക്ക് സുരക്ഷ സേന തെരച്ചില്‍ ആരംഭിച്ചു. തിരച്ചിലിനിടെ മാവോയിസ്റ്റുകൾ വെടിയുതിർത്തു ഇതോടെ സുരക്ഷാ സേനയും തിരിച്ചടിച്ചു. ഇരുവശത്തു നിന്നും വെടിവയ്പ്പ് നിലച്ചതിനുശേഷം ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് 12 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളും ആയുധങ്ങളും കണ്ടെടുത്തു. കണ്ടെടുത്ത ആയുധങ്ങളിൽ തോക്കുകളും ഉൾപ്പെടുന്നു.
കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ ഒരാള്‍ കോണ്ട ഏരിയ കമ്മിറ്റിയുടെ ചുമതലയുള്ള (ഡിവിസിഎം) വെട്ടി മങ്കാഡ് അഥവാ മുക്ക എന്ന് തിരിച്ചറിഞ്ഞുവെന്ന് സുക്‌മ എസ്‌പി പറഞ്ഞു. മുക്കയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് കോണ്ട ഏരിയ കമ്മിറ്റിയുടെ സെക്രട്ടറി (എസിഎം) മാദ്വി ഹിതേഷ് അഥവാ ഹംഗയുടെ മൃതദേഹം ലഭിച്ചു. കൊല്ലപ്പെട്ട 12 മാവോയിസ്റ്റുകളിൽ അഞ്ച് പേർ സ്ത്രീകളാണ്.
കുപ്രസിദ്ധ മാവോയിസ്റ്റ് ഡിവിസിഎം മുക്ക 41 ഗുരുതരമായ കേസുകളിലെ പ്രതിയാണ്. സാധാരണക്കാരെ കൊല്ലുക, സുരക്ഷാ സേനയെ ആക്രമിക്കുക, പ്രധാന ഐഇഡി സ്ഫോടനങ്ങൾ ആസൂത്രണം ചെയ്യുക എന്നീ കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിരുന്നു. എസിഎം മാദ്വി ഹിതേഷിന് നിലവില്‍ 14 കേസുകള്‍ ഉണ്ട്. നിരവധി ഗുരുതരമായ കുറ്റകൃത്യങ്ങളിലും ഇയാള്‍ ഉൾപ്പെട്ടിരുന്നുവെന്ന് സുക്‌മ പൊലീസ് പറഞ്ഞു.
കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ വിവരങ്ങൾ
സിവൈപിസി റാങ്കിലുള്ള 1 മാവോയിസ്റ്റ് കൊല്ലപ്പെട്ടു
ഡിവിസിഎം റാങ്കിലുള്ള 1 നക്‌സലൈറ്റ് കൊല്ലപ്പെട്ടു
എസിഎം റാങ്കിലുള്ള 7 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
പാർട്ടി അംഗങ്ങളായ 3 നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടു
കണ്ടെടുത്ത ആയുധങ്ങളുടെ വിവരങ്ങള്‍
എകെ-47
ഇൻസാസ് റൈഫിൾ
എസ്എൽആർ റൈഫിൾ
ബിജിഎൽ ലോഞ്ചർ
12-ബോർ റൈഫിൾ
വയർലെസ് സെറ്റ്
സ്‌കാനർ മെഷീൻ
ബസ്‌തറില്‍ സമാധാനം പുനഃസ്ഥാപിക്കും- ഐജി സുന്ദർരാജ് പി
12 മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിലൂടെ ബസ്‌തറിലെ സമാധാനം പുനഃസ്ഥാപിക്കുമെന്ന് റേഞ്ച് ഇൻസ്പെക്‌ർ ജനറൽ ഓഫ് പൊലീസ് സുന്ദർരാജ് പി പറഞ്ഞു. മേഖലയിൽ സമാധാനം നിലനിർത്തുന്നതിന് മുമ്പത്തേക്കാൾ എളുപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സുരക്ഷസേന തെരച്ചില്‍ ശക്തമാക്കിയതോടെ മാവോയിസ്റ്റുകൾ പരിഭ്രാന്തരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ മാവോയിസ്റ്റുകൾ ആയുധങ്ങൾ ഉപേക്ഷിച്ച് സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് വരണമെന്ന് ബസ്‌തർ ഐജി അഭ്യർത്ഥിച്ചു.

