ETV Bharat / bharat

നാഗ്‌പൂരില്‍ സ്ഫോടനം; 15 മരണം, നിരവധി പേർ ആശുപത്രിയിൽ

പ്രദേശത്ത് ജനങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും കമ്പനി സീൽ ചെയ്യുകയും ചെയ്‌തു.

മഹാരാഷ്ട്ര എസിബിഎൽ കമ്പനി  നാഗ്‌പൂർ ഫാക്‌ടറി സ്ഫോടനം  സ്‌ഫോടകവസ്‌തു  വെടിമരുന്ന് കമ്പനി സ്ഫോടന മരണം
Explosion at explosives manufacturing company (ETV Bharat)
author img

By ETV Bharat Kerala Team

Published : March 1, 2026 at 12:35 PM IST

2 Min Read
Choose ETV Bharat

മുംബൈ: മഹാരാഷ്‌ട്രയിലെ നാഗ്‌പൂർ ജില്ലയിൽ സ്ഫോടകവസ്‌തു നിർമാണ ഫാക്‌ടറിയിൽ വൻ സ്‌ഫോടനം. കറ്റോൾ താലൂക്കിലെ റൗൾഗാവിലുള്ള എസിബിഎൽ എനർജി ലിമിറ്റഡ് എന്ന കമ്പനിയുടെ ഫാക്‌ടറിയാണ് സ്ഫോടനത്തിനിരയായത്. ഇന്ന് (മാർച്ച് 1) രാവിലെ ഉണ്ടായ സ്‌ഫോടനത്തിൽ പതിനഞ്ചോളം തൊഴിലാളികൾ മരിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. സംഭവത്തിൽ നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു.

പരിക്കേറ്റവരെ നാഗ്‌പൂരിലെ ഓറഞ്ച് സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കുറച്ചുപേരെ അടിയന്തര ചികിത്സയ്ക്കായി അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തിൻ്റെ ആഘാതം കനത്തതായിരുന്നു. സമീപപ്രദേശങ്ങളിൽ പോലും പ്രകമ്പനമുണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. സ്ഫോടന തീവ്രതയിൽ കെട്ടിടത്തിലുണ്ടായിരുന്ന എല്ലാ നിർമാണ വസ്‌തുക്കളും സ്‌ഫോടക അവശിഷ്‌ടങ്ങളും അഞ്ഞൂറ് മുതൽ എഴുനൂറ് മീറ്റർ വരെ ദൂരേക്ക് ചിന്നിച്ചിതറി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സ്ഫോടനശാലയ്‌ക്ക് സമീപം തന്നെ മറ്റൊരു സ്ഥലത്തും വലിയ തീപിടിത്തമുണ്ടായി. ഇതോടെ പ്രദേശത്താകെ തീപടർന്ന് ജനങ്ങൾ പരിഭ്രാന്തരായി. കമ്പനി പരിസരത്ത് ജനങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും കമ്പനി സീൽ ചെയ്യുകയും ചെയ്‌തു. സ്ഫോടനത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ ജില്ലാ കലക്‌ടറും പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. ഏകദേശം നാല് മണിക്കൂർ നീണ്ട അക്ഷീണ ശ്രമങ്ങൾക്ക് ശേഷം തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ അടിയന്തര സഹായം നൽകാൻ മന്ത്രി ചന്ദ്രശേഖർ ബവൻകുലെ നിർദേശം നൽകി.

ഡിറ്റണേറ്ററുകൾ, സ്‌ഫോടകവസ്‌തുക്കൾ ഉൾപ്പെടെയുള്ള വ്യാവസായിക സ്‌ഫോടക വസ്‌തുക്കളുടെ പ്രധാന നിർമ്മാതാക്കളാണ് എസിബിഎൽ എനർജി ലിമിറ്റഡ് കമ്പനി. കഴിഞ്ഞ വർഷം അടുത്തുള്ള മറ്റൊരു ഫാക്‌ടറിയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ഇത് വ്യാവസായിക മേഖലയിലെ സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ചുള്ള പുതിയ ആശങ്കകൾ ഉയർത്തുന്നു. സ്ഫോടനത്തിൻ്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം, ആന്ധ്രാപ്രദേശിലെ ഗോദാവരി കനാലിനടുത്തുള്ള സൂര്യശ്രീ പടക്കശാലയിൽ ഇന്നലെ (ഫെബ്രുവരി 28) വൈകുന്നേരം തീപിടിത്തമുണ്ടായിരുന്നു. സ്‌ഫോടനത്തിലും തുടർന്നുണ്ടായ തീപിടിത്തത്തിലും 21 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ 8 പേരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

സംഭവത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചനം അറിയിക്കുകയും അടിയന്തര ദുരിതാശ്വാസ നടപടികൾക്ക് ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്‌തു. ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. "ഇനി ഒരിക്കലും ഇത്തരമൊരു സംഭവം ഉണ്ടാകില്ലെന്ന് ഞങ്ങൾ ഉറപ്പാക്കും, ശരിയായ അനുമതിയില്ലാതെ പടക്കങ്ങൾ നിർമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും" അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: പശ്ചിമേഷ്യന്‍ സംഘര്‍ഷം; കേരളത്തില്‍ സ്വര്‍ണ വില കുതിക്കുന്നു, 2 ലക്ഷത്തിലെത്തുമെന്ന് സൂചന