ETV Bharat / bharat

ഐസ്ക്രീം പാർലറിൽ എലിപ്പാച്ചിൽ; മുംബൈക്കാരുടെ പ്രിയപ്പെട്ട 'റുസ്തം' അടപ്പിച്ചു

മുംബൈ ചർച്ച്ഗേറ്റിലെ വീർ നരിമാൻ റോഡിലുള്ള ബ്രാബോൺ സ്റ്റേഡിയം ഹൗസിലാണ് കെ റുസ്തം ആൻഡ് കോ എന്ന ഐസ്ക്രീം പാർലർ പ്രവർത്തിക്കുന്നത്

RUSTOM ICE CREAM PARLOUR  FOOD AND DRUG ADMINISTRATION  FOOD SAFETY VIOLATIONS  FOOD HYGIENE
Visual from Rustom Icecream parlour (ANI)
author img

By ANI

Published : July 9, 2026 at 11:05 AM IST

2 Min Read
Choose ETV Bharat

മുംബൈ: എലികളെയും ഈച്ചകളെയും കണ്ടെത്തിയതിനെ തുടർന്ന് മുംബൈയിലെ പ്രശസ്തമായ ഐസ്ക്രീം പാർലറായ 'റുസ്തം' അടപ്പിച്ചു. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചതടക്കം ഗുരുതരമായ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതോടെയാണ് മഹാരാഷ്ട്ര ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ (എഫ്ഡിഎ) നടപടി. സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനകളുടെ ഭാഗമായാണ് നടപടിയെടുത്തത്.

മുംബൈ ചർച്ച്ഗേറ്റിലെ വീർ നരിമാൻ റോഡിലുള്ള ബ്രാബോൺ സ്റ്റേഡിയം ഹൗസിലാണ് കെ റുസ്തം ആൻഡ് കോ എന്ന ഐസ്ക്രീം പാർലർ പ്രവർത്തിക്കുന്നത്. എഫ്ഡിഎ കമ്മിഷണർ തുക്കാറാം മുണ്ടെയുടെ നിർദേശപ്രകാരം 'സേഫ് ഫുഡ്, സേഫ് മഹാരാഷ്ട്ര' എന്ന ക്യാമ്പയിൻ്റെ ഭാഗമായാണ് ഇവിടെ മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ പാർലറിനുള്ളിൽ എലികളെയും ഈച്ചകളെയും സ്വതന്ത്രമായി വിഹരിക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഐസ്ക്രീം നിർമാണത്തിനും വിതരണത്തിനും ആവശ്യമായ താപനില നിലനിർത്തുന്നതിൽ (കോൾഡ് ചെയിൻ) വലിയ വീഴ്ചയുണ്ടായതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂടാതെ, ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സൂക്ഷിക്കേണ്ട നിർബന്ധിത രേഖകൾ ഹാജരാക്കാനും സ്ഥാപനത്തിന് കഴിഞ്ഞില്ല.

കാലാവധി കഴിഞ്ഞ കൃത്രിമ ഫ്ലേവറുകളും എസൻസുകളും ഐസ്ക്രീം നിർമാണത്തിനായി ഇവിടെ സൂക്ഷിച്ചിരുന്നതായി പരിശോധനയിൽ വ്യക്തമായി. പിസ്ത, പൈനാപ്പിൾ, സ്ട്രോബെറി, ബ്ലാക്ക് കറൻ്റ് തുടങ്ങിയ ഫ്ലേവറുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നശിപ്പിച്ചു. ഇതിനുപുറമെ, ഇവിടെനിന്നുള്ള ഐസ്ക്രീം സാമ്പിളുകളിൽ എഫ്എസ്എസ്എഐ നിഷ്കർഷിക്കുന്ന 10 ശതമാനം കൊഴുപ്പിന് പകരം 7.94 ശതമാനം മാത്രമാണ് ഉണ്ടായിരുന്നതെന്നും ലബോറട്ടറി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഗുരുതരമായ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ 2006ലെ ഭക്ഷ്യസുരക്ഷാ നിയമത്തിലെ സെക്ഷൻ 32(3) പ്രകാരം സ്ഥാപനത്തിൻ്റെ ലൈസൻസ് ഉടനടി റദ്ദാക്കുകയായിരുന്നു. പരിശോധനയ്ക്കായി അയച്ച സാമ്പിളുകളുടെ ഫലം വരുന്നതുവരെ സ്ഥാപനം അടച്ചിടാനാണ് നിർദേശം.

മുംബൈക്കാരുടെ പ്രിയപ്പെട്ട ഇടം
മുംബൈയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ഐസ്ക്രീം പാർലറുകളിലൊന്നാണ് റുസ്തം. 1953ൽ കെ റുസ്തം ഇറാനി സ്ഥാപിച്ച ഈ കട, അവരുടെ പ്രത്യേകതയായ ഐസ്ക്രീം സാൻഡ്‌വിച്ചുകൾക്ക് പേരുകേട്ടതാണ്. മറൈൻ ഡ്രൈവിനടുത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം കുറഞ്ഞ നിരക്കിൽ ഐസ്ക്രീം നൽകുന്നതിനാൽ മുംബൈക്കാരുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്.

മറ്റിടങ്ങളിലും നടപടി
സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയിൽ മറ്റ് രണ്ട് സ്ഥാപനങ്ങൾക്കെതിരെയും എഫ്ഡിഎ നടപടി സ്വീകരിച്ചു. മതിയായ ലൈസൻസില്ലാതെ പ്രവർത്തിച്ചതിന് ധൂലെയിലെ ഹോട്ടൽ പാട്ടീൽവാഡയുടെ ലൈസൻസ് റദ്ദാക്കി. നാഗ്പൂരിലെ പഞ്ച്പൗലിയിലുള്ള ഡോ അംബേദ്കർ മാർഗിൽ പ്രവർത്തിക്കുന്ന ഹീര സ്വീറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ലൈസൻസും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇവിടെ നടത്തിയ പരിശോധനയിൽ ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്തിന് സമീപത്തുനിന്ന് ചത്ത എലിയെ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 2011ലെ ഭക്ഷ്യസുരക്ഷാ നിയമത്തിലെ ഷെഡ്യൂൾ നാല് പ്രകാരമുള്ള വ്യവസ്ഥകൾ ലംഘിച്ചതിനാണ് ഈ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്. പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന രീതിയിൽ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടികൾ തുടരുമെന്ന് എഫ്ഡിഎ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗുണനിലവാരമില്ലാത്ത ഭക്ഷണസാധനങ്ങൾ വിൽക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും സ്വീകരിക്കുകയെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Also Read: ട്രെയിനുകളിലെ വൃത്തിഹീനമായ പാന്‍ട്രികള്‍; ക്ലീനിങ് പ്രോട്ടോക്കോളുകൾ കർശനമാക്കി റെയിൽവേ