ETV Bharat / bharat

എത്രയുംവേഗം കിട്ടുന്ന വിമാനത്തില്‍ ഇന്ത്യൻ പൗരന്മാര്‍ രാജ്യം വിടണം, ഇറാനില്‍ യുദ്ധ ഭീതി, അടിയന്തര നിര്‍ദേശവുമായി എംബസി

ലഭ്യമായ വിമാന സർവീസുകളോ മറ്റ് ഗതാഗത മാർഗങ്ങളോ ഉപയോഗിച്ച് ഏതുവിധേനയും ഉടൻ രാജ്യം വിടാൻ ഇന്ത്യൻ പൗരന്മാര്‍ക്ക് നിർദേശം നൽകി ഇറാനിലെ ഇന്ത്യൻ എംബസി. ഇറാൻ-അമേരിക്ക യുദ്ധഭീതിക്കിടെയാണ് അടിയന്തര ഉത്തരവ്...

IRAN USA WAR  INDIAN EMBASSY IN IRAN  INDIAN NATIONALS IN IRAN  IRAN AMERICA TENSION
Representational Image (IANS)
author img

By ETV Bharat Kerala Team

Published : February 23, 2026 at 3:11 PM IST

2 Min Read
Choose ETV Bharat

ന്യൂഡൽഹി: ഇറാനിലെ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് അവിടെയുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും ഉടൻ രാജ്യം വിടണമെന്ന് ഇറാനിലെ ഇന്ത്യൻ എംബസി. ലഭ്യമായ വിമാന സർവീസുകളോ മറ്റ് ഗതാഗത മാർഗങ്ങളോ ഉപയോഗിച്ച് ഏതുവിധേനയും രാജ്യം വിടാൻ ഇന്ത്യൻ പൗരന്മാര്‍ക്ക് അധികൃതര്‍ നിർദേശം നൽകി. ഇറാൻ-അമേരിക്ക സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ എംബസി നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.

ടെഹ്‌റാനിൽ വീണ്ടും പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിലും, ഇറാനുനേരെ അമേരിക്കൻ സൈനിക നീക്കം ഉണ്ടായേക്കാമെന്ന ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിലുമാണ് ഇറാനിലെ ഇന്ത്യൻ എംബസി പുതിയ നിർദേശം പുറപ്പെടുവിച്ചത്. കഴിഞ്ഞ മാസം നടന്ന പ്രതിഷേധങ്ങൾക്കെതിരെ ഇറാൻ ഭരണകൂടം കർശന നടപടി സ്വീകരിച്ചിരുന്നു. ഇതിനുപിന്നാലെ വിവിധ സർവ്വകലാശാലകളിലെ വിദ്യാർഥികൾ വീണ്ടും സർക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ സംഘര്‍ഷം ഉടലെടുത്താല്‍ അമേരിക്ക ഇടപെടാനുള്ള സാധ്യതയും തുടര്‍ന്ന് യുദ്ധത്തിലേക്ക് നീങ്ങുമോയെന്ന ഭീതിയുമുണ്ട്.

IRAN USA WAR  INDIAN EMBASSY IN IRAN  INDIAN NATIONALS IN IRAN  IRAN AMERICA TENSION
Travel Advisory (indian embassy)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ജനുവരിയിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം വിദ്യാർത്ഥികൾ ഉൾപ്പെടെ പതിനായിരത്തിലധികം ഇന്ത്യക്കാരാണ് ഇറാനിൽ താമസിക്കുന്നത്. "ഇറാനിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ അറിയിപ്പ്. നിലവിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ (വിദ്യാർഥികൾ, തീർത്ഥാടകർ, ബിസിനസുകാർ, വിനോദസഞ്ചാരികൾ) കൊമേഴ്സ്യൽ വിമാനങ്ങൾ ഉൾപ്പെടെ ലഭ്യമായ മാർഗ്ഗങ്ങളിലൂടെ രാജ്യം വിടാൻ നിർദ്ദേശിക്കുന്നു," എംബസി അറിയിച്ചു.

ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജരും അതീവ ജാഗ്രത പാലിക്കണമെന്നും പ്രതിഷേധങ്ങൾ നടക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കണമെന്നും ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെടണമെന്നും അധികൃതർ ആവർത്തിച്ചു. യാത്രയ്ക്കാവശ്യമായ രേഖകൾ, പാസ്‌പോർട്ട്, തിരിച്ചറിയൽ കാർഡുകൾ എന്നിവ കൈവശം കരുതണമെന്നും എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ഇന്ത്യൻ എംബസിയെ ബന്ധപ്പെടണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

അമേരിക്ക-ഇറാൻ സൈനിക സംഘർഷം

ഇറാനുമായുള്ള ആണവ ചർച്ചകളിൽ പുരോഗതിയില്ലാത്തതിനെത്തുടർന്ന് അമേരിക്ക പശ്ചിമേഷ്യയിൽ വൻതോതിൽ സൈനിക വിന്യാസം നടത്തിയിട്ടുണ്ട്. നാല് വിമാനവാഹിനിക്കപ്പലുകൾ ഉൾപ്പെടെയുള്ള വലിയ സന്നാഹമാണ് നിലവിൽ ഇറാന് ചുറ്റുമുള്ളത്. ഇറാൻ തങ്ങളുടെ ആണവ പദ്ധതികൾ പൂർണ്ണമായും ഉപേക്ഷിക്കാൻ തയ്യാറാകാത്ത പക്ഷം സൈനിക നടപടി ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാൽ കടുത്ത തിരിച്ചടി നൽകുമെന്നും മേഖലയിലെ പ്രധാന തുറമുഖങ്ങളും യുഎസ് കപ്പലുകളും ആക്രമിക്കുമെന്നും ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

ഇറാനിലെ ആഭ്യന്തര പ്രക്ഷോഭം

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2025 ഡിസംബറിൽ ആരംഭിച്ച പ്രതിഷേധങ്ങൾ ഇപ്പോൾ ഭരണമാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള വലിയ വിപ്ലവമായി മാറിയിരിക്കുകയാണ്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും വലിയ ആഭ്യന്തര കലാപമായാണ് ഇതിനെ കണക്കാക്കുന്നത്. പ്രക്ഷോഭകാരികൾക്കെതിരെ ഇറാൻ സർക്കാർ കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്. ജനുവരിയിൽ നടന്ന പ്രതിഷേധങ്ങളിൽ 7,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി പ്രതിഷേധക്കാർക്ക് വധശിക്ഷ വിധിക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ സ്മരണാർത്ഥം തെഹ്‌റാൻ സർവ്വകലാശാല ഉൾപ്പെടെയുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾ വീണ്ടും പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടുണ്ട്.

Read Also: ഫ്ലോറിയാന ദ്വീപിൽ വീണ്ടും 150ലധികം ഭീമൻ ആമകളെത്തി