വ്യവസായ പ്രമുഖൻ്റെ ലംബോർഗിനി കാർ അപകടം: 'സ്റ്റേഷനിൽ നിന്ന് കാർ വിട്ട് നൽകാൻ 8 കോടി 30 ലക്ഷം രൂപയുടെ ജാമ്യ വ്യവസ്ഥ
പുകയില വ്യവസായി കെകെ മിശ്രയുടെ മകൻ ശിവം മിശ്രയാണ് ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് നഗരമധ്യത്തിൽ പരിഭ്രാന്തി സൃഷ്‌ടിച്ച് അപകടമുണ്ടാക്കിയത്.

Published : February 28, 2026 at 11:07 AM IST
ലക്‌നൗ: കാൺപൂരിൽ വഴിയാത്രക്കാരെ ലംബോർഗിനി കാറിൽ ഇടിച്ച് തെറിപ്പിച്ച കേസിൽ കാർ വിട്ടുനൽകാൻ ഉത്തരവ്. എട്ട് കോടി 30 ലക്ഷം രൂപയുടെ ജാമ്യത്തുകയിലാണ് വ്യവസായി തൻ്റെ ആഡംബര കാർ പൊലീസ് സ്റ്റേഷനിൽ നിന്ന് മോചിപ്പിരിക്കുന്നത്. പുകയില വ്യവസായി കെകെ മിശ്രയുടെ മകൻ ശിവം മിശ്രയാണ് ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് നഗരമധ്യത്തിൽ പരിഭ്രാന്തി സൃഷ്‌ടിച്ച് അപകടമുണ്ടാക്കിയത്. ഈ കേസിലാണ് 12 കോടിയോളം വിലയുള്ള കാർ എട്ട് കോടി 30 ലക്ഷം രൂപയുടെ ജാമ്യ വ്യവസ്ഥയിൽ മോചിപ്പിച്ചിട്ടുള്ളത്.
അപകടത്തെ തുടർന്ന് ലംബോർഗിനി കാർ ഗ്വാൾട്ടോളി പൊലീസ് സ്റ്റേഷനിൽ പാർക്ക് ചെയ്‌തിരിക്കുകയായിരുന്നു. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സൂരജ് മിശ്രയാണ് കാർ വിട്ട് നൽകാൻ ഉത്തരവിട്ടത്. കാർ വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കോടതിയിൽ ഹർജി നൽകുകയായിരുന്നു. സാങ്കേതിക പരിശോധനകളും പൊലീസ് റിപ്പോർട്ടും പരിശോധിച്ചാണ് ഉത്തരവ്. അപകടവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണെന്ന് സെൻട്രൽ ഡിസിപി അതുൽ ശ്രീവാസ്‌തവ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ഏഴിനാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. പുകയില വ്യവസായ പ്രമുഖനും ശതകോടീശ്വരനുമായ ബംശീധർ ടുബാക്കോ പ്രൈവറ്റ് ലിമിറ്റഡ് ഉടമ കെകെ മിശ്രയുടെ മകൻ ശിവം മിശ്ര ഓടിച്ച ആഡംബരകാർ അമിതവേഗത്തിൽ നിയന്ത്രണം വിട്ട് വഴിയാത്രികരെയും ഔട്ടോറിക്ഷയേയും ബൈക്കിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റിരുന്നു.
ശിവത്തിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും വാഹനം ഓടിക്കുന്നതിനിടെ അപസ്‌മാരം ഉണ്ടായതാണ് വാഹനത്തിൻ്റെ നിയന്ത്രണം വിടാൻ കാരണമെന്നുമാണ് പിന്നീട് പിതാവ് നൽകിയ വിശദീകരണം. കഴിഞ്ഞ ആറുമാസമായി ശിവത്തിന് ഇത്തരം ആരോഗ്യപ്രശ്‌നമുണ്ടെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ അപകടസമയത്ത് ഇയാൾ മദ്യലഹരിയിൽ ആയിരുന്നതായാണ് നാട്ടുകാർ ആരോപിക്കുന്നത്.
ലംബോർഗിനി ആദ്യം ഒരു ഓട്ടോറിക്ഷയിൽ ഇടിക്കുകയും പിന്നീട് ഒരു റോയൽ എൻഫീൽഡ് ബൈക്കിൽ ഇടിക്കുകയും ചെയ്‌തു. ബൈക്കിനേറ്റ ആഘാതത്തിൽ അതിലുണ്ടായിരുന്ന ആൾ പത്തുമീറ്ററോളം ഉയർന്ന് തെറിച്ചുവീണെന്നാണ് വിവരം. ബൈക്കിൻ്റെ മുൻചക്രം കാറിൽ കുടുങ്ങിയതോടെ അതിനെ വലിച്ചിഴച്ച് കുറച്ചുദൂരം മുൻപോട്ടു പോയ ശേഷം ലംബോർഗിനി ഒരു വൈദ്യുതത്തൂണിൽ ഇടിച്ചുനിൽക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
അപകടത്തിൽ കുപിതരായ നാട്ടുകാർ ശിവത്തെ കാറിൽനിന്ന് ഇറങ്ങുന്നതിൽനിന്ന് തടഞ്ഞുവെച്ചു. ഈ സമയത്ത് സ്വകാര്യ ബൗൺസർമാർ സ്ഥലത്തെത്തി ശിവത്തെ രക്ഷിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെന്നും നാട്ടുകാർ ആരോപിച്ചു. പിന്നീട് പോലീസ് എത്തി പരിക്കേറ്റവരെയും ശിവത്തേയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Also Read: ''വീടോ ശൗചാലയമോ ഇല്ല, ഗ്രാമത്തെ നയിക്കേണ്ട സർപഞ്ച് താമസിക്കുന്നത് കുടിലിൽ''; കടുത്ത അവഗണന

