ലാലു പ്രസാദിനും റാബ്‌റി ദേവിക്കും വീണ്ടും ഇസഡ് സുരക്ഷ; ബിഹാർ സർക്കാരിൻ്റെ പുതിയ നീക്കത്തിൽ രാഷ്ട്രീയ ചർച്ച കനക്കുന്നു
കഴിഞ്ഞ മാസം ഇവരുടെ ഇസഡ് പ്ലസ് സുരക്ഷ പിൻവലിക്കുകയും സുരക്ഷാ ക്രമീകരണങ്ങൾ ഗണ്യമായി കുറയ്ക്കുകയും ചെയ്‌തിരുന്നു. ഇതേ തുടർന്ന് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദമാണ് ഉയർന്നത്.

Published : July 4, 2026 at 2:03 PM IST
പട്‌ന: ബിഹാർ സർക്കാരിൻ്റെ സുപ്രധാന തീരുമാനമായി, ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനും മുൻ മുഖ്യമന്ത്രി റാബ്‌റി ദേവിക്കും വീണ്ടും ഇസഡ് കാറ്റഗറി സുരക്ഷ അനുവദിച്ചു. കഴിഞ്ഞ മാസം ഇവരുടെ ഇസഡ് പ്ലസ് സുരക്ഷ പിൻവലിക്കുകയും സുരക്ഷാ ക്രമീകരണങ്ങൾ ഗണ്യമായി കുറയ്ക്കുകയും ചെയ്‌തിരുന്നു. ഇതിനെ തുടർന്ന് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദമാണ് ഉയർന്നത്.
സുരക്ഷ കുറച്ചതിൽ പ്രതിഷേധിച്ച് ലാലു പ്രസാദ്, റാബ്‌റി ദേവി, അവരുടെ മകള്‍ മിസ ഭാരതി, പ്രതിപക്ഷ നേതാവായ തേജസ്വി പ്രസാദ് യാദവും ഭാര്യ രാജ്‌ശ്രീ യാദവും തങ്ങൾക്ക് നൽകിയിരുന്ന സർക്കാർ സുരക്ഷ ഉപേക്ഷിച്ചിരുന്നു.
വെള്ളിയാഴ്‌ച സംസ്ഥാന സുരക്ഷാ സമിതിയുടെ ശുപാർശയെ തുടർന്ന് ബിഹാർ ആഭ്യന്തര വകുപ്പിൻ്റെ പ്രത്യേക ബ്രാഞ്ചാണ് ലാലു പ്രസാദിനും റാബ്‌റി ദേവിക്കും ഇസഡ് കാറ്റഗറി സുരക്ഷ അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്. റാബ്‌റി ദേവി കുടുംബത്തോടൊപ്പം ഏകദേശം രണ്ട് പതിറ്റാണ്ടായി താമസിച്ചിരുന്ന 10 10, സർക്കുലർ റോഡ് സർക്കാർ വസതി ഒഴിഞ്ഞ അതേ ദിവസമാണ് ഈ തീരുമാനം ഉണ്ടായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പുതിയ സുരക്ഷാ ക്രമീകരണപ്രകാരം ഇരുവർക്കും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ ലഭിക്കും. കൂടാതെ നാല് മുതൽ ആറ് വരെ സിആർപിഎഫ് കമാൻഡോകൾ ഉൾപ്പെടെ ഏകദേശം 22 സുരക്ഷാ ഉദ്യോഗസ്ഥരാണ് സുരക്ഷാ സംഘത്തിലുണ്ടാകുക. റോഡ് യാത്രകളിൽ ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയും ഉണ്ടായിരിക്കും. നിലവിൽ അവർ താമസമാക്കിയിരിക്കുന്ന കൗടില്യ നഗറിലുള്ള സ്വകാര്യ വസതിയിലാണ് ഈ സുരക്ഷ ഒരുക്കുക.
മുമ്പ് ഇസഡ് സുരക്ഷ ലഭിച്ചിരുന്നപ്പോൾ ഏകദേശം 36 സുരക്ഷാ ഉദ്യോഗസ്ഥരും കുറഞ്ഞത് 10 സിആർപിഎഫ് കമാൻഡോകളും ഇവർക്കൊപ്പമുണ്ടായിരുന്നു. പുതിയ സംവിധാനത്തിൽ സുരക്ഷയുടെ തോത് മുൻപത്തേതിനേക്കാൾ കുറവാണ്.
അതേസമയം, ഇസഡ് സുരക്ഷ അനുവദിച്ച വിവരം ലാലു പ്രസാദിനോ റാബ്‌റി ദേവിക്കോ ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. പുതിയ സുരക്ഷാ സംഘം അവരുടെ വസതിയിൽ എത്തിയിട്ടുമില്ല. അതിനാൽ ഈ സുരക്ഷ സ്വീകരിക്കുമോ അതോ നിരസിക്കുമോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.
ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി ചിത്‌രഞ്ജൻ ഗഗൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. രാഷ്ട്രീയ പ്രതികാരത്തിൻ്റെ ഭാഗമായാണ് ആദ്യം സുരക്ഷ കുറച്ചതെന്നും പിന്നീട് വീണ്ടും സുരക്ഷ നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം ആരോപിച്ചു. വിലക്കയറ്റം, തൊഴിലില്ലായ്‌മ, വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ, ഭവന പ്രശ്‌നങ്ങൾ തുടങ്ങിയ ജനകീയ വിഷയങ്ങളിൽ നിന്നുള്ള ശ്രദ്ധ തിരിക്കാനാണ് സർക്കാർ ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷാ മാനദണ്ഡങ്ങൾ എന്താണെന്നും കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് തവണ സുരക്ഷാ വിഭാഗത്തിൽ മാറ്റം വരുത്താൻ കാരണമായ സാഹചര്യം എന്താണെന്നും സർക്കാർ ജനങ്ങളോട് വിശദീകരിക്കണമെന്നും ആർജെഡി ആവശ്യപ്പെട്ടു. ഏറ്റവും പുതിയ തീരുമാനത്തെക്കുറിച്ച് ലാലു പ്രസാദും റാബ്‌റി ദേവിയും ആലോചിച്ച് ഉചിതമായ തീരുമാനം സ്വീകരിക്കുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു.
Also read: 'വീട് പണിയാൻ പറഞ്ഞത് സർക്കാർ... പൊളിച്ചതും അതേ സർക്കാർ'; ഛത്തീസ്‌ഗഡിൽ കണ്ണീരായി പിഎം ആവാസ് വിവാദം

