ETV Bharat / bharat

ഭാര്യ പാചകം ചെയ്യുന്നില്ല,അമ്മായിയമ്മയെ സഹായിക്കുന്നില്ല;ഭര്‍ത്താവിന്‍റെ വിവാഹ മോചന ഹര്‍ജി തള്ളി ഹൈക്കോടതി

ഭർത്താവ് ഉച്ചയ്ക്ക് ഒരുമണി മുതൽ രാത്രി 10 വരെ ജോലി ചെയ്യുമ്പോള്‍ ഭാര്യ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം ആറ് മണി വരെ ജോലി ചെയ്യുന്നുണ്ട്. അതിനാൽ വീട്ടുജോലികള്‍ ചെയ്യാത്തത് കുറ്റകരമല്ലെന്ന് കോടതി.

TELANGANA HIGH COURT  Lack of Cooking Skills Wife  Assistance to Mother in Law  Divorce case Telangana HC
Telangana HC - File (ETV Bharat)
author img

By ETV Bharat Kerala Team

Published : January 7, 2026 at 1:59 PM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: 'ഭാര്യയ്ക്ക് പാചകം അറിയില്ല. അമ്മായിയമ്മയെ സഹായിക്കുന്നില്ല. വിവാഹ മോചനം അനുവദിക്കണം. ഹൈദരാബാദിലെ എല്‍ ബി നഗറില്‍ ഒരു ഭര്‍ത്താവ് വിവാഹ മോചനം തേടി കോടതിയില്‍ സമര്‍പ്പിച്ച കാരണങ്ങള്‍ ഇതൊക്കെയായിരുന്നു. എന്നാല്‍ കേസില്‍ രാജ്യത്തെങ്ങുമുള്ള ഭര്‍ത്താക്കന്മാര്‍ക്കും ഭാര്യമാര്‍ക്കും അമ്മായിയമ്മമാര്‍ക്കും ബാധകമായേക്കാവുന്ന നിര്‍ണ്ണായക വിധി പറഞ്ഞിരിക്കുകയാണ് തെലങ്കാന ഹൈക്കോടതി. ഭാര്യക്ക് പാചകം അറിയാത്തതോ ഭർത്താവിൻ്റെ അമ്മയെ സഹായിക്കാത്തതോ ക്രൂരതയായി കണക്കാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പാചകം അറിയാത്തത് കുറ്റമായി കണ്ട് വിവാഹ മോചനം അനുവദിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഭാര്യ പാചകം ചെയ്യുന്നില്ലെന്നും അമ്മായിയമ്മയെ വീട്ടുപണികള്‍ ചെയ്യുന്നതിന് സഹായിക്കുന്നില്ലെന്നും ഭർത്താവ് കോടതിയിൽ വാദിച്ചു. ഭാര്യയിൽ നിന്ന് ക്രൂരത അനുഭവിക്കുകയാണെന്നും തൻ്റെ വിവാഹം റദ്ദാക്കണമെന്നും ഭർത്താവ് കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ ഭാര്യയും ഭർത്താവും ജോലിക്കാരായിരിക്കുന്ന സാഹചര്യത്തിൽ പാചകം ചെയ്യാതിരിക്കുകയോ അമ്മയെ സഹായിക്കാതിരിക്കുകയോ ചെയ്യുന്നത് ക്രൂരതയായി കണക്കാക്കാനാവില്ലെന്ന് കോടതി തീർപ്പ് കൽപ്പിച്ചു. ഹൈദരാബാദിലെ എൽബി നഗർ സ്വദേശികളുടെ വിവാഹ മോചന കേസിലെ അപ്പീൽ പരിഗണിച്ച തെലങ്കാന ഹൈക്കോടതിയുടേതാണ് നിർണായ നിരീക്ഷണം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നേരത്തെ കീഴ്‌ക്കോടതിയിൽ ഇയാളുടെ ഹർജി തള്ളിയിരുന്നു. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് മൗഷുമി ഭട്ടാചാര്യ, ജസ്റ്റിസ് നാഗേഷ് ഭീമപക്ക എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിൽ ഭാര്യയുടെയും ഭർത്താവിൻ്റെയും വാദം കേട്ടു. ഭർത്താവ് ഉച്ചയ്ക്ക് ഒരുമണി മുതൽ രാത്രി 10 വരെ ജോലി ചെയ്യുമ്പോള്‍ ഭാര്യ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം ആറ് മണി വരെ ജോലി ചെയ്യുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ രാവിലെ പാചകം ചെയ്യാതിരിക്കുന്നത് ക്രൂരതയായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ഭാര്യ പതിവായി മാതാപിതാക്കളുടെ വീട്ടിൽ പോകുന്നുവെന്നും തന്നോടൊപ്പം താമസിക്കാറില്ലെന്നുമായിരുന്നു ഭർത്താവിന്‍റെ മറ്റൊരു വാദം. എന്നാല്‍ ഭർത്താവ് പരസ്‌പരവിരുദ്ധമായ പ്രസ്‌താവനകൾ നടത്തുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു വർഷവും ഒമ്പത് മാസവുമുള്ള വിവാഹജീവിതത്തിൽ, ആകെ എട്ട് മാസം ഭർത്താവിൻ്റെ വീട്ടിൽ താമസിച്ചതായും ബാക്കി സമയം സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചുവെന്നും ഇയാള്‍ കോടതിയിൽ വാദമുന്നയിച്ചു.

ഒരു തവണ ഗർണിയായി എന്നാൽ അത് അലസിയെന്നും അതിന് ശേഷം സ്വന്തം വീട്ടിൽ കുറച്ച് കാലം നിന്നതാണെന്നും യുവതി കോടതിയെ അറിയിച്ചു. വാദം കേട്ട കോടതി ഗർഭം അലസലിനുശേഷം മാതാപിതാക്കളോടൊപ്പം താമസിക്കുന്നത് ക്രൂരതയായി കണക്കാക്കാനാവില്ലെന്നും വ്യക്തമാക്കി. ഓരോ കേസിൻ്റെയും വസ്‌തുതകളെ ആശ്രയിച്ച് ഇത് ബാധകമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

നേരത്തെ ഭാര്യ പ്രത്യേക താമസസ്ഥലം ആവശ്യപ്പെടുന്നത് ക്രൂരതയായി കണക്കാക്കാമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ഭർത്താവിൻ്റെ വാദം. കേസിൽ, ഭാര്യ സ്വയം വേർപിരിയൽ ആഗ്രഹിക്കുന്നില്ലെന്നും, പകരം ഭർത്താവിൻ്റെ ആരോപണങ്ങൾ ക്രൂരതയായി കണക്കാക്കി വിവാഹമോചനം അനുവദിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി കോടതി അപ്പീൽ തള്ളി.

Also Read: രണ്ട് മണിക്കൂർ അധ്യാപകൻ, പിന്നെ കൃഷിക്കാരൻ; ആഴ്‌ചയിൽ പ്രൊഫസർ വിളവെടുക്കുന്നത് 60 ക്വിൻ്റൽ വഴുതന