ETV Bharat / bharat

കെപിഎസ്‌സി പരീക്ഷാ ക്രമക്കേട്; ഐഎഎസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്ത് സിഐഡി

ഗ്യാനേന്ദ്ര കുമാർ ഗാംഗ്വാറിൻ്റെ ബെംഗളൂരുവിലെയും ബറേലിയിലെയും ഉത്തർപ്രദേശിലെയും വസതികളിൽ ഇഡി പരിശോധന നടത്തി.

KPSC ILLEGAL  IAS OFFICER GYANENDRA KUMAR  GYANENDRA KUMAR CUSTODY BY CID  VETERINARY OFFICER RECRUITMENT TEST
Representational image (ETV Bharat)
author img

By ETV Bharat Kerala Team

Published : August 30, 2026 at 1:57 PM IST

2 Min Read
Choose ETV Bharat

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്‌സി) പരീക്ഷാ ക്രമക്കേട് കേസുമായി ബന്ധപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥൻ ഗ്യാനേന്ദ്ര കുമാർ ഗാംഗ്വാറിനെ സിഐഡി കസ്റ്റഡിയിലെടുത്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഐഎഎസ് ഉദ്യോഗസ്ഥനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിനിടെ ചോദിച്ച ചോദ്യങ്ങൾക്ക് ഗ്യാനേന്ദ്ര കുമാർ വ്യക്തമായ ഉത്തരങ്ങൾ നൽകിയില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

കൂടാതെ അദ്ദേഹം അന്വേഷണത്തോട് പൂർണമായി സഹകരിക്കാത്തതിനാൽ കൂടുതൽ അന്വേഷണത്തിനായി അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിഐഡി ഓഫിസിൽ അദ്ദേഹത്തിൻ്റെ ചോദ്യം ചെയ്യൽ തുടരും. കർണാടക പബ്ലിക് സർവീസ് കമ്മിഷനുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിൻ്റെ ഭാഗമായി, ഐഎഎസ് ഉദ്യോഗസ്ഥൻ ഗ്യാനേന്ദ്ര കുമാർ ഗാംഗ്വാറിൻ്റെ വസതികളിലും മുൻ പ്രസിഡൻ്റുമാരുടെയും അംഗങ്ങളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും വീടുകളിലും ഇഡി (എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ്) റെയ്‌ഡ് നടത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 23 ന് ബെംഗളൂരുവിലെ ജയമഹലിലുള്ള ഒരു ഫ്ലാറ്റിലും ഉത്തർപ്രദേശിലെ ബറേലിയിലുള്ള അദ്ദേഹത്തിൻ്റെ വസതിയിലുമാണ് ഇഡി ഉദ്യോഗസ്ഥർ രണ്ട് ദിവസം നീണ്ട പരിശോധന നടത്തിയത്. എന്നാൽ, ഗ്യാനേന്ദ്ര കുമാറിനെ കണ്ടെത്താനായില്ല. ഓഗസ്റ്റ് 18 മുതൽ ഓഗസ്റ്റ് 25 വരെ മൊബൈൽ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. ഓഗസ്റ്റ് 18 മുതൽ ഒളിവിൽ പോയ ഗ്യാനേന്ദ്ര കുമാർ വെള്ളിയാഴ്‌ച (ഓഗസ്റ്റ് 28) ഉച്ചയ്ക്ക് 12 മണിയോടെ പാലസ് റോഡിലെ സിഐഡി ഓഫിസിൽ ഹാജരായി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കർണാടക പബ്ലിക് സർവീസ് കമ്മീഷൻ ഈ വർഷം ജനുവരി 8, 9 തീയതികളിൽ നടത്തിയ വെറ്ററിനറി ഓഫീസർ റിക്രൂട്ട്‌മെൻ്റ് പരീക്ഷയിൽ ഉദ്യോഗാർഥികളിൽ നിന്ന് ഏകദേശം 70 മുതൽ 80 ലക്ഷം രൂപ വരെ കൈക്കൂലി വാങ്ങിയെന്ന ഗുരുതരമായ ആരോപണത്തെത്തുടർന്നാണ് ഇ ഡി അന്വേഷണം ആരംഭിച്ചത്. കേസിൻ്റെ അന്വേഷണം കർണാടക സർക്കാർ സിഐഡിയെ ചുമതലപ്പെടുത്തുകയായിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഓഗസ്‌റ്റ് 18 ന് ബെംഗളൂരുവിലെ കെപിഎസ്‌സിയുടെ പരിസരത്ത് ഇഡി ആദ്യ റൗണ്ട് പരിശോധന നടത്തിയിരുന്നു. മുൻ ചെയർമാൻ ശിവശങ്കരപ്പ എസ് സാഹുക്കർ, അംഗം ശാന്ത ഹൊസ്‌മാനി തുടങ്ങിയവരുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു. വെറ്ററിനറി ഓഫിസർമാരുടെ നിയമന പരീക്ഷാ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വലിയ വിവാദങ്ങളാണ് നിലനിൽക്കുന്നത്.

Also Read: ശക്തമായ പര്‍വതക്കാറ്റും ദുർഘടമായ മഞ്ഞുമലയും; 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്‍റെ അതിസാഹസിക രക്ഷാപ്രവർത്തനം