മോഹൻ ഭാഗവതിൻ്റെ പരിപാടിക്കിടെ ദേശീയ പതാകയെ അപമാനിച്ചു; പ്രതിഷേധക്കാർക്ക് മന്ത്രിയുടെ മുന്നറിയിപ്പ്
ആർ.എസ്.എസിനെയോ ബി.ജെ.പിയെയോ സർക്കാരിനെയോ വിമർശിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ രാജ്യത്തെ അപമാനിക്കാൻ ആരെയും അനുവദിക്കില്ലെന്നും കിരൺ റിജിജു

Published : August 31, 2026 at 8:54 AM IST
ന്യൂഡൽഹി: ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുത്ത പരിപാടിക്കിടെ ഇന്ത്യൻ ദേശീയ പതാകയെ അപമാനിച്ച സംഭവത്തിൽ ശക്തമായ മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. രാജ്യത്തെ അപമാനിക്കുന്നത് വലിയ വിലനൽകേണ്ടി വരുന്ന പ്രവൃത്തിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഖാലിസ്ഥാൻ അനുകൂലികൾ പതാകയെ അപമാനിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമമായ 'എക്സി'ൽ പങ്കുവച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.
ആർ.എസ്.എസിനെയോ ബി.ജെ.പിയെയോ സർക്കാരിനെയോ വിമർശിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ രാജ്യത്തെ അപമാനിക്കാൻ ആരെയും അനുവദിക്കില്ലെന്നും കിരൺ റിജിജു എക്സിൽ കുറിച്ചു. ഇന്ത്യൻ പതാകയെയും രാജ്യത്തെയും അപമാനിക്കുന്നവർ അതിന് വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം കർശനമായ ഭാഷയിൽ മുന്നറിയിപ്പ് നൽകി. മാഡിസൺ സ്ക്വയർ ഗാർഡന് പുറത്ത് നടന്ന പ്രതിഷേധത്തിൽ ഒരാൾ ഇന്ത്യൻ പതാകയെ കാലുകൊണ്ട് ചവിട്ടി അപമാനിക്കുന്നതും മറ്റുള്ളവർ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ വിളിക്കുന്നതും മന്ത്രി പങ്കുവച്ച വീഡിയോയിൽ വ്യക്തമായി കാണാം. നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിൻ്റെ (എസ്.എഫ്.ജെ) നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. ഇന്ത്യൻ പതാകയെ അപമാനിക്കുന്നതിനൊപ്പം തന്നെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും ഇവർ മുഴക്കിയിരുന്നു. വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ പതാകയ്ക്കും നയതന്ത്ര കാര്യാലയങ്ങൾക്കും നേരെ ഖാലിസ്ഥാൻ അനുകൂലികൾ നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയായാണ് ഈ സംഭവത്തെയും വിലയിരുത്തുന്നത്. ഇത്തരം പ്രവൃത്തികൾ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും രാജ്യത്തിൻ്റെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്ന നടപടികൾക്കെതിരെ കർശനമായ നിലപാട് സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
We always said, you have freedom to criticize RSS, BJP or Govt. but don't abuse our nation.
— Kiren Rijiju (@KirenRijiju) August 30, 2026
ध्यान से सुनें.. हमारे झंडे और मेरे देश का अपमान मत करो। यह तुम्हें बहुत ज़्यादा महंगा पड़ेगा। pic.twitter.com/THH2kT49yc
നാനാത്വത്തിൽ ഏകത്വം ഭാരതത്തിൻ്റെ ഡി.എൻ.എയിൽ
ശനിയാഴ്ച മാഡിസൺ സ്ക്വയർ ഗാർഡനിലെ ഇൻഫോസിസ് തിയറ്ററിൽ നടന്ന 'യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ' പരിപാടിയിൽ ആറായിരത്തിലധികം വരുന്ന ഇന്ത്യൻ-അമേരിക്കൻ സമൂഹത്തെയും വിവിധ മതനേതാക്കളെയും അഭിസംബോധന ചെയ്യുകയായിരുന്നു മോഹൻ ഭാഗവത്. നാനാത്വത്തിൽ ഏകത്വം എന്നത് ഭാരതത്തിൻ്റെ ഡി.എൻ.എയിലുള്ള കാര്യമാണെന്നും അത് ആഘോഷിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈവിധ്യങ്ങളെ ഉൾക്കൊള്ളാനും സമൂഹത്തെ പിന്തുണയ്ക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ആർ.എസ്.എസിൻ്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അമേരിക്ക, കാനഡ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ നടത്തുന്ന പര്യടനത്തിൻ്റെ ഭാഗമായാണ് അദ്ദേഹം ന്യൂയോർക്കിലെത്തിയത്. അമേരിക്കൻ ഹിന്ദുസ് ഫോർ എൻഗേജ്മെൻ്റ് ആൻഡ് ഡയലോഗ് (എ.എച്ച്.ഇ.എ.ഡി) എന്ന സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മോഹൻ ഭാഗവതിൻ്റെ മുഖ്യപ്രഭാഷണത്തിന് മുൻപായി വിവിധ മതനേതാക്കളും വേദിയിൽ സംസാരിച്ചു. ഐക്യം, വൈവിധ്യം, ദയ, അനുകമ്പ, പരസ്പരം സഹായിക്കേണ്ടതിൻ്റെ ആവശ്യകത എന്നിവയെക്കുറിച്ചുള്ള സന്ദേശങ്ങളാണ് അവർ പങ്കുവച്ചത്. റാബിനിക്കൽ അസംബ്ലിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ റാബി ജേക്കബ് ബ്ലൂമെൻ്റൽ, ന്യൂയോർക്ക് സിറ്റിയിലെ ചരിത്രപ്രസിദ്ധമായ റിവർസൈഡ് ചർച്ചിലെ എട്ടാമത്തെ സീനിയർ മിനിസ്റ്ററും ഈ പദവിയിലെത്തുന്ന ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ വനിതയുമായ റവറൻഡ് അഡ്രിയാൻ തോൺ, വാഷിംഗ്ടൺ ഡി.സിയിലെ 'ദി നേഷൻസ് മോസ്ക്' എന്ന് വിളിക്കപ്പെടുന്ന മസ്ജിദ് മുഹമ്മദിൻ്റെ പ്രസിഡൻ്റും ഇമാമുമായ താലിബ് എം. ഷെരീഫ് എന്നിവരും പരിപാടിയിൽ സംസാരിച്ചു.
Also Read: 'ഹിന്ദുക്കൾ ഉണർന്നാൽ ലോകം ഉണരും'; ആർഎസ്‌എസ് മേധാവി മോഹൻ ഭഗവത്

