ETV Bharat / bharat

തണുത്തുറഞ്ഞ് ഗുല്‍മര്‍ഗ്‌; മഞ്ഞ് പെയ്‌ത് കശ്‌മീര്‍, വിമാന സര്‍വീസുകള്‍ റദ്ദാക്കി

ഗുല്‍മര്‍ഗില്‍ മൈനസ് 8 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.

KASHMIR WEATHER UPDATES  CHILAI KALAN  SNOWFALL IN KASHMIR  CHILAI KALAN TIGHTENS IN KASHMIR
Visitors enjoy snowfall at Guldanda, near Bhaderwah, in Doda district of Jammu and Kashmir (PTI)
author img

By ETV Bharat Kerala Team

Published : January 5, 2026 at 12:39 PM IST

3 Min Read
Choose ETV Bharat

ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ അതിശൈത്യം. വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഗുല്‍മര്‍ഗിലും പഹല്‍ഗാമിലും കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. ഗുല്‍മര്‍ഗില്‍ മൈനസ് 8 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്.

സീസണിലെ ഏറ്റവും തണുപ്പുള്ള രാത്രിയാണ് ഇന്നലത്തേതെന്ന് അധികൃതര്‍ പറഞ്ഞു. പഹൽഗാമിൽ മൈനസ് 4.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഷോപ്പിയാന്‍ ഏറ്റവും തണുപ്പുള്ള ജനവാസ പ്രദേശങ്ങളിൽ ഒന്നാണ്. മൈനസ് 5.6 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്.

കശ്‌മീർ താഴ്‌വരയിൽ രാത്രി മുഴുവൻ ശക്തമായ തണുപ്പ് അനുഭവപ്പെട്ടു. മിക്ക ജില്ലകളിലും താപനില പൂജ്യത്തേക്കാൾ വളരെ താഴെയായി. പുൽവാമയിൽ മൈനസ് 4.2 ഡിഗ്രിയും ശ്രീനഗര്‍ വിമാനത്താവളത്തിനും പരിസര പ്രദേശങ്ങളിലും 3.6 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

കുപ്‌വാരയില്‍ മൈനസ് 1.8 ഡിഗ്രിയും ബന്ദിപ്പോരയിൽ മൈനസ് 1.3 ഡിഗ്രിയും ബാരാമുള്ളയിൽ മൈനസ് 0.7 ഡിഗ്രിയും ബുഡ്‌ഗാം, റാഫിയാബാദ് എന്നിവിടങ്ങളിൽ മൈനസ് 3.5 ഡിഗ്രി വീതവും അനന്ത്നാഗിലും അവന്തിപ്പോരയിലും മൈനസ് 3.2 ഡിഗ്രിയും രേഖപ്പെടുത്തി.

ജമ്മു മേഖലയിൽ താരതമ്യേന നേരിയ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. എന്നാല്‍ ഉയര്‍ന്ന മേഖലയില്‍ കൊടും തണുപ്പ് അനുഭവപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബനിഹാളിൽ 1.3 ഡിഗ്രി സെൽഷ്യസും ഭദേർവയിൽ മൈനസ് 2.1 ഡിഗ്രിയും ബട്ടോട്ടിലും ദോഡയിലും 2.1, 2.7 എന്നിങ്ങനെയും രേഖപ്പെടുത്തി. എന്നാല്‍ ജമ്മു നഗരത്തില്‍ 8.7 ഡിഗ്രി സെൽഷ്യസും ജമ്മു വിമാനത്താവളത്തിൽ 11.1 ഡിഗ്രിയും കത്രയിൽ 5.6 ഡിഗ്രിയും ഉദംപൂരിൽ 6.0 ഡിഗ്രിയും കതുവയിൽ 8.4 ഡിഗ്രിയും രേഖപ്പെടുത്തി.

ലഡാക്കില്‍ കൊടും തണുപ്പ്: ലഡാക്കില്‍ അതിശൈത്യം തുടര്‍ന്നു. ലേയിൽ മൈനസ് 9.6 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. കാർഗിൽ മൈനസ് 8.4 ഡിഗ്രിയും നുബ്ര വാലിയിൽ മൈനസ് 7.5 ഡിഗ്രിയും രേഖപ്പെടുത്തി.

വിമാന സര്‍വീസുകള്‍ താറുമാറായി: ലേയിലെ കനത്ത മഞ്ഞുവീഴ്‌ച വിമാന സര്‍വീകളെയും ബാധിച്ചു. ഇതോടെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി. കനത്ത മഞ്ഞ് വീഴ്‌ച വിമാനത്തിന്‍റെ ടേക്ക് ഓഫിനെയും ലാന്‍റിങ്ങിനെയും ബാധിച്ചതാണ് സര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണം. സര്‍വീസുകള്‍ റദ്ദാക്കിയതില്‍ വിമാനക്കമ്പനികള്‍ ഖേദം പ്രകടിപ്പിച്ചു. സര്‍വീസുകള്‍ മുടങ്ങിയതില്‍ തങ്ങള്‍ ഖേദിക്കുന്നുവെന്നും കാലാവസ്ഥ പ്രതികൂലമായതിനാലാണ് സര്‍വീസുകള്‍ റദ്ദാക്കിയതെന്നും വിമാന കമ്പനികള്‍ അറിയിച്ചു. കാലാവസ്ഥ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. അറിയിപ്പ് ലഭിച്ചാലുടന്‍ സര്‍വീസ് പുനരാരംഭിക്കും യാത്രയ്‌ക്കായി വിമാനത്താവളത്തില്‍ എത്തുന്നതിന് മുമ്പായി യാത്രക്കാര്‍ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും വിമാനക്കമ്പനികള്‍ അറിയിപ്പില്‍ പറയുന്നു.

സഞ്ചാരികള്‍ക്ക് കൗതുക ലോകം: മഞ്ഞ് വീഴ്‌ച ആരംഭിച്ചതോടെ കശ്‌മീരിലേക്കുള്ള യാത്രക്കാരുടെ എണ്ണവും കുത്തനെ വര്‍ധിച്ചു. വീടുകളും കെട്ടിടങ്ങളും മരങ്ങളുമെല്ലാം പൂര്‍ണമായും മഞ്ഞില്‍ മൂടിയിരിക്കുകയാണ്. കശ്‌മീരിലെ സോനാമാര്‍ഗിലും കഴിഞ്ഞ ദിവസം ആദ്യത്തെ മഞ്ഞുവീഴ്‌ചയുണ്ടായി.

മഞ്ഞുവീഴ്‌ച ശരിക്കും തങ്ങളെ അത്ഭുതപ്പെടുത്തിയെന്ന് അസമില്‍ നിന്നുള്ള സഞ്ചാരി പറഞ്ഞു. കൊടും തണുപ്പ് കാരണം കൂടുതല്‍ വസ്‌ത്രങ്ങള്‍ ധരിക്കേണ്ടിവന്നു. നിരവധി തവണ ഇവിടെ വന്നിട്ടുണ്ടെങ്കിലും ഇത്തവണ ശ്രീനഗര്‍ കൂടുതല്‍ ആസ്വാദ്യകരമായി തോന്നിയെന്ന് പഞ്ചാബില്‍ നിന്നുള്ള സഞ്ചാരി ഗഗന്‍ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ സന്ദര്‍ശകരുടെ എണ്ണം കുറഞ്ഞു. എന്നാല്‍ ഇവിടെ സുരക്ഷിതമാണെന്നും എല്ലാവരും ഇവിടം സന്ദര്‍ശിക്കണമെന്നും ഗഗന്‍ പറഞ്ഞു.

ഇന്ന് (ജനുവരി 05) വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് ശ്രീനഗറിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ (ജനുവരി 02) ആകാശം മേഘാവൃതമായി തുടരാനും വടക്കൻ, മധ്യ കശ്‌മീരിലെ ഒറ്റപ്പെട്ട ഉയർന്ന പ്രദേശങ്ങളിൽ നേരിയ മഞ്ഞുവീഴ്‌ചയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജനുവരി 7 മുതൽ ജനുവരി 15 വരെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും നിലവിലുള്ള തണുപ്പിന് ഉടനടി ആശ്വാസം ലഭിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Also Read: തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി... കശ്‌മീരിലിപ്പോള്‍ മഞ്ഞുകാലം, മനം നിറഞ്ഞ് സഞ്ചാരികള്‍