ETV Bharat / bharat

ലിവ് ഇൻ ബന്ധങ്ങളിലെ കുട്ടികളുടെ പേരിടൽ: ''ഏക പരിചാരകയും രക്ഷിതാവും അമ്മയെങ്കിൽ കുഞ്ഞിൻ്റെ പേരിനൊപ്പം അമ്മയുടെ പേര് ചേർക്കാം, അച്‌ഛൻ്റെ അവകാശങ്ങളെ ബാധിക്കില്ല''

കുഞ്ഞിൻ്റെ പേരിനോട് അമ്മയുടേയോ അമ്മയുടെ കുടുംബപ്പേരോ ചേർക്കുന്നതിന് ഭരണഘടനാപരമായി സാധുതയുണ്ട്. ജനന സർട്ടിഫിക്കറ്റിൽ യഥാർഥ അച്‌ഛൻ്റെ പേര് ചേർക്കാമെന്നും കോടതി വ്യക്തമാക്കി. 1969 ലെ ജനന മരണ രജിസ്ട്രേഷൻ നിയമം പരാമർശിച്ചാണ് കോടതി വ്യക്തമാക്കിയത്.

ലിവ് ഇൻ ബന്ധങ്ങളിലെ കുട്ടികൾ  കർണാടക ഹൈക്കോടതി  ജനന മരണ രജിസ്ട്രേഷൻ വകുപ്പ്  കുട്ടിയുടെ പേരോടൊപ്പം അമ്മയുടേയും
Karnataka HC (ETV Bharat)
author img

By ETV Bharat Kerala Team

Published : February 27, 2026 at 8:19 PM IST

2 Min Read
Choose ETV Bharat

ബെംഗളുരു: ലിവ് ഇൻ ബന്ധങ്ങളിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ പേരിനൊപ്പം അമ്മയുടെ പേര് ചേർക്കുന്നത് അച്‌ഛൻ്റെ അവകാശങ്ങളെ ബാധിക്കില്ലെന്ന് കർണാടക ഹൈക്കോടതി. കുഞ്ഞിൻ്റെ പേരിനോട് അമ്മയുടേയോ അമ്മയുടെ കുടുംബപ്പേരോ ചേർക്കുന്നതിന് ഭരണഘടനാപരമായി സാധുതയുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു. ജനന സർട്ടിഫിക്കറ്റിൽ യഥാർഥ അച്‌ഛൻ്റെ പേര് ചേർക്കാമെന്നും കോടതി വ്യക്തമാക്കി.

എട്ട് വയസുള്ള മകളുടെ കുടുംബപ്പേര് ജനന സർട്ടിഫിക്കറ്റിൽ നിന്ന് മാറ്റണമെന്ന ആവശ്യം കാരണമൊന്നും വ്യക്തമാക്കാതെ നിരസിച്ചതിനെ തുടർന്ന് പരാതിക്കാരൻ ഹർജി സമർപ്പിച്ചിരുന്നു. ജനന മരണ രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയെ ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് അധ്യക്ഷനായ ബെഞ്ചിൻ്റെയാണ് വിധി പ്രസ്‌താവം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അമ്മ കുട്ടിയുടെ ഏക പരിചാരകയും രക്ഷിതാവുമാണെങ്കിൽ കുട്ടിയുടെ കുടുംബപ്പേരിൻ്റെ ഭാഗമായി അമ്മയുടെ പേര് ചേർക്കാവുന്നതാണ്. അമ്മയുടെ പേര് ചേർക്കുന്നത് സമത്വത്തെ പ്രതിഫലിപ്പിക്കുന്നു എന്നും കോടതി വ്യക്തമാക്കി. "കുട്ടികൾക്ക് അച്‌ഛൻ്റെ പേരോ കുടുംബപ്പേരോ ചേർക്കണമെന്ന ആശയം ഭരണഘടനാപരമായതല്ല. ഇത് സാമൂഹികമായി പിന്തുടരുന്നതാകാം. പക്ഷേ മാതാപിതാക്കളുടെ വ്യക്തിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യ പദവിയുണ്ടെന്ന ഭരണഘടനയെ മറികടക്കേണ്ടതില്ല," കോടതി കൂട്ടിച്ചേർത്തു.

ജനന സർട്ടിഫിക്കറ്റിലെ കുടുംബപ്പേര് മാറ്റാൻ അധികാരമില്ലെന്ന രജിസ്ട്രേഷൻ വകുപ്പിൻ്റെ വാദം കോടതി തള്ളിക്കളഞ്ഞു. 1969 ലെ ജനന മരണ രജിസ്ട്രേഷൻ നിയമം പരാമർശിച്ചാണ് കോടതി വ്യക്തമാക്കിയത്. ജനന മരണ സർട്ടിഫിക്കറ്റുകളിലുണ്ടാകുന്ന പിശകുകൾ തിരുത്താനും ആവശ്യമായ മാറ്റങ്ങൾ വരുത്താനും രജിസ്ട്രാർക്ക് അധികാരമുണ്ട്. ക്ലറിക്കൽ തെറ്റുകൾക്ക് മാത്രമല്ല, രേഖയുടെ ഉള്ളടക്കത്തിലെ തിരുത്തലുകൾക്കും ഈ അധികാരം ബാധകമാണെന്ന് കോടതി പ്രസ്‌താവിച്ചു.

കുട്ടിയുടെ താത്പര്യത്തിന് പ്രഥമ പരിഗണന

ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ അവകാശങ്ങൾക്കായുള്ള കൺവെൻഷൻ്റെ ആർട്ടിക്കിൾ മൂന്നും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉം കോടതി പരാമർശിച്ചു. ഇത് കുട്ടിയുടെ ഉത്തമ താത്‌പര്യത്തിനാണ് പ്രഥാന്യം നൽകുന്നത്. അനന്തരാവകാശം, പിന്തുടർച്ചാവകാശം, പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട അവകാശങ്ങളും ഇതിൽ ഉൾപ്പെടുന്നു.

നേപ്പാൾ സ്വദേശിയായ യുവാവുമായി യുവതി ലിവ് ഇൻ റിലേഷനിലായിരുന്നു എന്നും ഇതിൽ ഒരു കുട്ടിയുണ്ടെന്നും ഹർജിയിൽ പറയുന്നു. 2017 ൽ കുട്ടി ജനിച്ചതോടെ ഇയാൾ യുവതിയുമായുള്ള ബന്ധം അവസാനിപ്പിച്ചെന്നും ബന്ധം തുടരാൻ താത്പര്യമില്ലെന്ന് അറിയിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതേ തുടർന്നാണ് കുട്ടിയുടെ പേരിൻ്റെ കൂടെ അമ്മയുടെ പേരും ചേർത്തതെന്ന് ഹർജിയിൽ പരാമർശിക്കുന്നു.

ALSO READ: ശത്രു അന്തർവാഹിനികളെ തകർക്കാൻ 'ഡോൾഫിൻ വേട്ടക്കാരൻ'; ഐഎൻഎസ് അഞ്ചദ്വീപ് നാവികസേനയ്ക്ക് സമർപ്പിച്ചു