ETV Bharat / bharat

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി സമര്‍പ്പിച്ചു; സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വന്‍ പ്രതിഷേധം

ഗവർണർ താവർചന്ദ് ഗെലോട്ട് വ്യക്തിപരമായ ആവശ്യങ്ങൾക്കായി തന്‍റെ ജന്മനാടായ ഇൻഡോറിലായതിനാലാണ് സ്പെഷ്യൽ സെക്രട്ടറിക്ക് കത്ത് കൈമാറിയത്

KARNATAKA CM  SIDDARAMAIAH  DK SHIVAKUMAR
Karnataka CM Siddaramaiah submitted his resignation to Prabhu Shankar, Special Secretary to Karnataka Governor (ANI)
author img

By ETV Bharat Kerala Team

Published : May 28, 2026 at 3:52 PM IST

|

Updated : May 28, 2026 at 4:51 PM IST

2 Min Read
Choose ETV Bharat

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവച്ചു. തന്‍റെ രാജിക്കത്ത് ഗവർണറുടെ സ്പെഷ്യൽ സെക്രട്ടറി പ്രഭു ശങ്കറിന് സമർപ്പിച്ചു. രാജ്ഭവനിൽ നേരിട്ടെത്തിയാണ് അദ്ദേഹം രാജിക്കത്ത് നൽകിയത്. ഗവർണർ താവർചന്ദ് ഗെലോട്ട് വ്യക്തിപരമായ ആവശ്യങ്ങൾക്കായി തന്‍റെ ജന്മനാടായ ഇൻഡോറിലായതിനാലാണ് സ്പെഷ്യൽ സെക്രട്ടറിക്ക് കത്ത് കൈമാറിയത്. ഗവർണർ മടങ്ങിയെത്തിയ ശേഷം മാത്രമായിരിക്കും രാജി ഔദ്യോഗികമായി സ്വീകരിക്കുകയെന്ന് പ്രഭു ശങ്കർ അറിയിച്ചു.

​ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മറ്റ് മന്ത്രിസഭാ സഹപ്രവർത്തകരും സിദ്ധരാമയ്യയോടൊപ്പം രാജ്ഭവനിലേക്ക് എത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ ഔദ്യോഗിക വസതിയായ 'കാവേരി'യിൽ മന്ത്രിമാർക്കായി അദ്ദേഹം പ്രഭാതഭക്ഷണം ഒരുക്കിയിരുന്നു. ഈ യോഗത്തിലാണ് ഹൈക്കമാൻഡിന്‍റെ നിർദ്ദേശപ്രകാരം താൻ സ്ഥാനമൊഴിയുകയാണെന്നും തന്‍റെ പിൻഗാമിയായി ഡി.കെ. ശിവകുമാർ ചുമതലയേൽക്കുമെന്നും സിദ്ധരാമയ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

കൂടിക്കാഴ്ചയ്ക്കിടെ വൈകാരികമായ രംഗങ്ങളാണ് അരങ്ങേറിയത്. മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട ചിത്രങ്ങളിൽ സിദ്ധരാമയ്യയെ കെട്ടിപ്പിടിച്ച് ഡി.കെ. ശിവകുമാർ വികാരാധീനനാകുന്നതും, സിദ്ധരാമയ്യയുടെ പാദങ്ങൾ തൊട്ട് അനുഗ്രഹം വാങ്ങുന്നതും കാണാം. കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ നിർദ്ദേശപ്രകാരം ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തുന്നതിനുള്ള നടപടിക്രമങ്ങൾ നിയമസഭാ കക്ഷി യോഗത്തിൽ ആരംഭിക്കുമെന്ന് നിയമമന്ത്രി എച്ച്.കെ. പാട്ടീൽ സ്ഥിരീകരിച്ചു.

​അതേസമയം, സിദ്ധരാമയ്യയുടെ രാജിപ്രഖ്യാപനത്തിന് പിന്നാലെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ വൻ പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടത്. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്‍റെ അനുകൂലികൾ തെരുവിലിറങ്ങി. ബംഗളൂരുവിലെ ഔദ്യോഗിക വസതിക്ക് മുന്നിൽ തടിച്ചുകൂടിയ വൻ ജനക്കൂട്ടം അദ്ദേഹത്തിന്‍റെ വാഹനം തടയാൻ ശ്രമിക്കുകയും രാജിയിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

വികാരാധീനരായ പ്രവർത്തകരെ ശാന്തനാക്കാൻ സിദ്ധരാമയ്യ തന്നെ നേരിട്ടെത്തേണ്ടി വന്നു. ഷിവമോഗ നഗരത്തിലെ ശിവപ്പ നായക സർക്കിളിൽ കുറുബ സമുദായത്തിന്‍റെ നേതൃത്വത്തിൽ ടയറുകൾ കത്തിച്ചും മുദ്രാവാക്യം വിളിച്ചും പ്രതിഷേധം നടന്നു. യാദ്ഗിറിലും സിദ്ധരാമയ്യയുടെ തീവ്ര അനുഭാവിയായ രാജ്കുമാർ ഗനീർ എന്നയാൾ സമാനമായ രീതിയിൽ നിശബ്ദ പ്രതിഷേധം സംഘടിപ്പിച്ചു. സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായി തുടരണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. നിലവിലെ സാഹചര്യത്തിൽ ബംഗളൂരുവിലും ഡി.കെ. ശിവകുമാറിന്‍റെ വസതിക്ക് മുന്നിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, പാർട്ടി ഹൈക്കമാൻഡിന്‍റെ നിർദ്ദേശത്തെ തുടർന്നാണ് രാജിയെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. "മുഖ്യമന്ത്രി സ്ഥാനം ഞാൻ രാജിവെച്ചിരിക്കുന്നു. ഭരണഘടനാപരമായ വ്യവസ്ഥകൾ പ്രകാരം ഗവർണർ രാജി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ." ഹൈക്കമാൻഡ് നിർദ്ദേശിക്കുന്ന സമയത്ത് സ്ഥാനമൊഴിയുമെന്ന് താൻ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. "രണ്ട് ദിവസം മുമ്പാണ് സ്ഥാനമൊഴിയാൻ ഹൈക്കമാൻഡ് നിർദ്ദേശം നൽകിയത്. അതനുസരിച്ച് ഇന്ന് രാജി സമർപ്പിച്ചു."കർണാടകയിലെ ജനങ്ങളെ രണ്ട് തവണ മുഖ്യമന്ത്രിയായി സേവിക്കാൻ അവസരം നൽകിയതിന് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവർക്ക് സിദ്ധരാമയ്യ നന്ദി അറിയിച്ചു.

Also Read: സിബിഎസ്ഇ പരീക്ഷ മൂല്യനിർണയത്തിലെ ക്രമക്കേട്: ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ

Last Updated : May 28, 2026 at 4:51 PM IST