വിമത ടിഎംസി എംപിമാരുടെ ലയനം അംഗീകരിച്ച് എൻസിപിഐ; ഒപ്പമുള്ള എംപിമാരുടെ എണ്ണം 22 ആയി ഉയരുമെന്നും കാകോലി ഘോഷ് ദസ്‌തിദാർ
പശ്ചിമ ബംഗാൾ നിയമസഭയിൽ സ്‌പീക്കർ രതിന്ദ്ര ബോസ് അംഗീകരിച്ച വിമത ടിഎംസി എംഎൽഎമാരുമായി വിമത എംപിമാർക്ക് യാതൊരു ബന്ധവുമില്ലെന്നും ദസ്‌തിദാർ പറഞ്ഞു.

By PTI
Published : June 16, 2026 at 4:44 PM IST
ന്യൂഡൽഹി: തൃണമൂല്‍ കോണ്‍ഗ്രസ് പാർട്ടിയിലെ വിമത എംപിമാരുടെ ലയനം 'നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ (എൻസിപിഐ) അംഗീകരിച്ചതായി ടിഎംസി വിമത പക്ഷത്തെ നയിക്കുന്ന എം.പി കാകോലി ഘോഷ് ദസ്‌തിദാർ. ലയനത്തോടെ പാർട്ടിയിലെ വിമത അംഗങ്ങളുടെ എണ്ണം 20ൽ നിന്ന് 22 ആയി ഉയർന്നേക്കുമെന്നും കാകോലി. പശ്ചിമ ബംഗാൾ നിയമസഭയിൽ സ്‌പീക്കർ രതിന്ദ്ര ബോസ് അംഗീകരിച്ച വിമത ടിഎംസി എംഎൽഎമാരുമായി വിമത എംപിമാർക്ക് യാതൊരു ബന്ധവുമില്ലെന്നും ദസ്‌തിദാർ പറഞ്ഞു.
വിമത എംപിമാർ അധികം അറിയപ്പെടാത്ത എൻസിപിഐയുമായി ലയിക്കുമെന്ന് പ്രഖ്യാപിക്കുകയും സഭയിൽ പ്രത്യേക ഇരിപ്പിട ക്രമീകരണം ആവശ്യപ്പെട്ട് ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയെ കാണുകയും ചെയ്‌തതോടുകൂടി ടിഎംസിയിലെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഓം ബിർളയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച ദസ്‌തിദാർ, സ്‌പീക്കർക്ക് സമർപ്പിച്ച നിവേദനത്തിൽ 20 ടിഎംസി എംപിമാർ ഒപ്പിട്ടതായി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"ഞങ്ങൾക്ക് ഇതിനകം തന്നെ സ്വീകാര്യത ലഭിച്ചു കഴിഞ്ഞു. എൻസിപിഐ ഞങ്ങളെ സ്വീകരിച്ചതിൽ സന്തോഷമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ ഞങ്ങൾ എൻഡിഎയുമായി ചേര്‍ന്ന് പ്രവർത്തിക്കും" പാർലമെൻ്റ് മന്ദിരത്തില്‍ നിന്നും മടങ്ങവേ മുകാകോലി ഘോഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. തങ്ങള്‍ നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടിയിൽ ലയിക്കാനും എൻഡിഎയെ പിന്തുണയ്ക്കാനും ഒറ്റക്കെട്ടായാണ് തീരുമാനിച്ചത്.പാര്‍ലമെന്‍റില്‍ എന്‍സിപിഐക്കൊപ്പമുള്ള എംപിമാരുടെ എണ്ണം 20ൽ 22 ആയി ഉയരാൻ സാധ്യതയുണ്ട്.- കാകോലി ഘോഷ് പറഞ്ഞു.
2023 ജനുവരിയിലാണ് എൻസിപിഐ ഒരു രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്‌തത്. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ സങ്കാരെയിലിലുള്ള ഒരു കെട്ടിടമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടിയുടെ വിലാസമായി രേഖകളിൽ നൽകിയത്. വിമത ടിഎംസി എംപിമാർ പാർട്ടിയുമായി ലയിക്കുമെന്ന് പ്രഖ്യാപിച്ചതോടെ അത്ര അറിയപ്പെടാത്ത സംഘടന ഇപ്പോൾ അപ്രതീക്ഷിതമായി ദേശീയ രാഷ്ട്രീയ ചർച്ചയിലേക്ക് കടന്നു വന്നിരിക്കുകയാണ്.
വിമത എംപിമാർക്ക് പശ്ചിമ ബംഗാളിലെ വിമത തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭാംഗങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് കാകോലി ഘോഷ് പറഞ്ഞു. "ഞങ്ങൾക്ക് അവരുമായി ഒരു ബന്ധവുമില്ല. അവർ ഒരു പ്രത്യേക ഗ്രൂപ്പാണ്; അവരുടെ പ്രശ്‌നങ്ങളും അജണ്ടയും വ്യത്യസ്തമാണ്" . പാര്‍ലമെന്‍റ് മന്ദിരത്തില്‍ ആഭ്യന്തരകാര്യങ്ങൾക്കായുള്ള പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ യോഗത്തിലും കാകോലി ഘോഷ് ദസ്‌തിദാർ പങ്കെടുത്തു. പശ്ചിമ ബംഗാളിലെ മുൻ ടിഎംസി സർക്കാർ കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്ത് സ്ത്രീ സുരക്ഷാ പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്ന് അവര്‍ ആരോപിച്ചു.
"ബംഗാളിൽ കുട്ടികളുടെ സുരക്ഷാ പ്രശ്‌നങ്ങൾ പോലും ഉന്നയിക്കാൻ അനുവദിച്ചിരുന്നില്ല. അക്കാര്യം യോഗം ചര്‍ച്ച ചെയ്തു. അതുപോലെ, മുൻ (ടിഎംസി) സർക്കാരിൻ്റെ കീഴിൽ മറ്റ് പല പദ്ധതികളും നടപ്പിലാക്കിയിരുന്നില്ല. എൻസിആർബി ഡാറ്റ പ്രകാരം ബംഗാളിലാണ് ശൈശവ വിവാഹം ഏറ്റവും കൂടുതൽ നടക്കുന്നത്. അതും ഒരു കുറ്റകൃത്യമാണ്. ബംഗാളിലെ ജനങ്ങളുടെ പുരോഗതിക്കായി പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു" അവർ പറഞ്ഞു. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സഹായത്തോടെ എല്ലാ കേന്ദ്ര പദ്ധതികളും ബംഗാളിൽ നടപ്പിലാക്കാൻ ആഗ്രഹിക്കുന്നുവെന്നും കാകോലി ഘോഷ് എംപി കൂട്ടിച്ചേർത്തു.

