ETV Bharat / bharat

ഡൽഹി കലാപ കേസ്; മോദിക്കും അമിത് ഷായ്ക്കുമെതിരെ മുദ്രാവാക്യം മുഴക്കി ജെഎൻയു വിദ്യാർഥികൾ

അക്രമത്തെ അപലപിച്ച് എല്ലാ വർഷവും വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്താറുണ്ടെന്ന് ജെഎൻയു സ്റ്റുഡൻ്റ്സ് യൂണിയൻ പ്രസിഡൻ്റ് അദിതി മിശ്ര.

JNU CAMPUS STUDENTS RAISE  UMAR KHALID  DELHI RIOTS CASE  DELHI RIOTS CASE SC VERDICT
Representational image (IANS)
author img

By ETV Bharat Kerala Team

Published : January 6, 2026 at 1:56 PM IST

2 Min Read
Choose ETV Bharat

ന്യൂഡൽഹി: ജെഎൻയു (ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി) കാമ്പസിനുള്ളിൽ കേന്ദ്രസർക്കാരിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി വിദ്യാർഥികൾ. ഡൽഹി കലാപ കേസിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് പ്രതിഷേധ പ്രകടനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെയാണ് വിദ്യാർഥികൾ മുദ്രാവാക്യങ്ങൾ മുഴക്കിയത്.

തിങ്കളാഴ്‌ച രാത്രി നടന്ന പ്രതിഷേധത്തിൻ്റെ ഒരു വീഡിയോയിൽ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ മുദ്രാവാക്യങ്ങൾ മുഴക്കുന്നതായി കാണാം. 2020 ജനുവരി അഞ്ചിന് കാമ്പസിൽ നടന്ന അക്രമത്തെ അപലപിച്ച് എല്ലാ വർഷവും വിദ്യാർഥികൾ പ്രതിഷേധിക്കാറുണ്ടെന്ന് ജെഎൻയു സ്റ്റുഡൻ്റ്സ് യൂണിയൻ പ്രസിഡൻ്റ് അദിതി മിശ്ര പറഞ്ഞു.

"പ്രതിഷേധത്തിൽ ഉയർത്തിയ മുദ്രാവാക്യങ്ങളെല്ലാം പ്രത്യയശാസ്ത്രപരമായിരുന്നു. ആരെയും വ്യക്തിപരമായി ആക്രമിച്ചില്ല. അവ ആരെയും ലക്ഷ്യം വച്ചുള്ളതല്ല" എന്ന് അദിതി മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, മുദ്രാവാക്യങ്ങൾ സംബന്ധിച്ച് പരാതിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഡൽഹി കലാപ ഗൂഢാലോചന കേസിൽ പങ്കില്ലെന്നും കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും പ്രതികൾ കഴിഞ്ഞ ദിവസം നടന്ന വാദത്തിൽ പറഞ്ഞിരുന്നുവെങ്കിലും ഫലമുണ്ടായില്ല. അഞ്ച് വര്‍ഷത്തിലധികമായി ഇവർ റിമാന്‍ഡിലാണ്. വിചാരണ നീളുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നായിരുന്നു ഹർജിയിൽ ആവശ്യം ഉന്നയിച്ചിരുന്നത്.

2020 ലെ കലാപ ഗൂഢാലോചന കേസിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രീം കോടതി തിങ്കളാഴ്‌ച (ജനുവരി 05) ജാമ്യം നിഷേധിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതായും നിയമപ്രകാരം പ്രഥമദൃഷ്ട്യാ ഇവർക്കെതിരെ കേസ് ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്.

2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും 700 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെ നടത്തിയ പ്രസംഗങ്ങളുടെ പേരിൽ 2020 ജനുവരി 28 ന് ഇമാമിനെ അറസ്റ്റ് ചെയ്‌തു. 2020 സെപ്റ്റംബർ 13 ന് ഖാലിദിനെ അറസ്റ്റ് ചെയ്‌തു. കലാപത്തിൻ്റെ "സൂത്രധാരന്മാർ" എന്നാരോപിച്ചായിരുന്നു ഇവരെ അറസ്റ്റ് ചെയ്‌തത്. ഭീകരവിരുദ്ധ യുഎപിഎയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) വ്യവസ്ഥകളും ചുമത്തിയാണ് ഏഴുപ്രതികള്‍ക്കെതിരെയും കേസെടുത്തത്.

ഗൂഢാലോചനയില്‍‍ ഉള്‍പ്പെട്ടുവെന്ന് ആരോപിച്ച് ജയിലടച്ച പ്രക്ഷോപകരായ ഗൾഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫ ഉർ റഹ്മാൻ, മുഹമ്മദ് സലീം ഖാൻ, ഷദാബ് അഹമ്മദ് എന്നിവർക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.

Also Read: 2020 ഡൽഹി കലാപം:ജയില്‍ തൻ്റെ ജീവിതമായി മാറിയെന്ന് ഉമര്‍ ഖാലിദ്; പ്രതികരണം സുപ്രീം കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ