ട്രംപിൻ്റെ താളത്തിനൊത്ത് തുള്ളുന്ന നേതാവ്; നരേന്ദ്ര മോദിയെ വിമർശിച്ച് ജിഗ്‌നേഷ് മേവാനി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ജിഗ്‌നേഷ് മേവാനി. അതേസമയം, മേവാനിയുടെ ആരോപണങ്ങളിൽ ബിജെപി ഇതുവരെയും പ്രതികരിച്ചിട്ടില്ല..

Published : March 3, 2026 at 4:45 PM IST
സന്തു ദാസ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ് നേതാവും രാഷ്ട്രീയ ദളിത് അധികാർ മഞ്ച് കൺവീനറുമായ ജിഗ്‌നേഷ് മേവാനി. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ താളത്തിനൊത്ത് തുള്ളുന്ന ഒരു നേതാവാണ് നരേന്ദ്ര മോദിയെന്ന് ജിഗ്‌നേഷ് മേവാനി ആരോപിച്ചു. പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടയിലാണ് അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്.
'പ്രധാനമന്ത്രിയുടെ വിദേശനയം തികച്ചും തെറ്റാണ്. രാജ്യത്തിൻ്റെ താത്‌പ്പര്യങ്ങൾ വിട്ട് വീഴ്‌ച ചെയ്‌ത് കൊണ്ടാണ് ഓരോ കാര്യങ്ങളും നടപ്പാക്കുന്നത്. അക്കാര്യം ഇന്ത്യൻ ജനതയ്‌ക്ക് മനസിലായിട്ടുണ്ടെന്നും ജിഗ്‌നേഷ് മേവാനി അവകാശപ്പെട്ടു'. യുഎസ്, ഇസ്രയേൽ, ഇറാൻ സംഘർഷത്തെക്കുറിച്ചും അദ്ദേഹം അപലപിച്ചു. കൂടാതെ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ മരണത്തിൽ അനുശോചനം അറിയിക്കുകയും ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിലവിൽ പശ്ചിമേഷ്യയിലെ സ്ഥിതി തികച്ചും ഭയാനകമാണെന്നും മോദിയുടെ വിദേശനയം വിനാശകരമാണെന്നും ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിൽ മേവാനി വ്യക്തമാക്കി. മോദി ട്രംപിൻ്റെ താളത്തിനൊത്ത് നൃത്തം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തിൽ ഒരു അഭിപ്രായം പറയാൻ വിദഗ്‌ധനല്ലെന്നും എന്നാൽ മാനവികതയ്ക്കും സമാധാനത്തിനും വേണ്ടി പ്രവർത്തിക്കുന്ന വ്യക്തിയാണെന്നും എനിക്കറിയാമെന്നും മേവാനി പറഞ്ഞു. ഇന്ത്യയ്ക്ക് നരേന്ദ്ര മോദിയെപ്പോലുള്ള ഒരു പ്രധാനമന്ത്രിയെ ആവശ്യമില്ലെന്ന് മേവാനി വിമർശിച്ചു.
മൗനം നിഷ്‌പക്ഷമല്ല: സോണിയ ഗാന്ധി
ഖമനേയിയുടെ മരണ വാർത്ത അറിഞ്ഞിട്ടും നരേന്ദ്ര മോദി മൗനം പാലിക്കുകയാണുണ്ടായത്. പിന്നാലെ വിമർശനവുമായി കോൺഗ്രസ് പാർട്ടി രംഗത്ത് എത്തിയിരുന്നു. ഇറാൻ നേതാവിൻ്റെ കൊലപാതകത്തിൽ സർക്കാരിൻ്റെ മൗനം അംഗീകരിക്കാൻ കഴിയില്ല. മറിച്ച് അത് കീഴടങ്ങലാണെന്ന് സോണിയ ഗാന്ധി ഒരു ദേശീയ ദിനപത്രത്തിൽ പ്രസ്‌താവിച്ചു. അത് പരമാധികാരത്തെയും അന്താരാഷ്ട്ര നിയമത്തെയും ദുർബലപ്പെടുത്തുന്ന ഒന്നാണ്. ഇന്ത്യയുടെ വിദേശനയത്തിൻ്റെ വിശ്വാസ്യതയെക്കുറിച്ച് ആശങ്ക ഉയർത്തുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു. അതേസമയം, മേവാനിയുടെ ആരോപണങ്ങളിൽ ഭാരതീയ ജനതാ പാർട്ടിയിൽ നിന്ന് ഇതുവരെയും പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.
ഇനി ലക്ഷ്യം തെരഞ്ഞെടുപ്പ്
ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് പാർട്ടിയെന്ന് ജിഗ്‌നേഷ് മേവാനി പറഞ്ഞു. കഴിഞ്ഞ എട്ട് മാസമായി ഇതിനായുള്ള പരിശ്രമത്തിലാണ്. ഗുജറാത്തിലുടനീളം സഞ്ചരിക്കുകയും ജനങ്ങളെ കണ്ട് സംസാരിക്കുകയും ചെയതു. ഒപ്പം ജൻ ആക്രോശ് എന്ന പേരിൽ റാലിയും നടത്തിയെന്ന് മേവാനി കൂട്ടിച്ചേർത്തു. ഗുജറാത്തിലെ ജനങ്ങളുടെ എല്ലാ ആശങ്കകളും പരാതികളും കേട്ടുവെന്നും പരമാവധി സീറ്റുകൾ നേടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: ബിഹാർ രാഷ്ട്രീയത്തിൽ പുതു അധ്യായം; മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ മകൻ നിഷാന്ത് കുമാർ ജെഡിയുവിലേക്ക്

