'ഭീകരതയ്‌ക്കെതിരെ ഒന്നിച്ചു പോരാടും'; ഇസ്രായേലിന് ഇന്ത്യയുടെ പിന്തുണ, മോദിയെ ഫോണിൽ വിളിച്ച് നെതന്യാഹു
ഇന്ത്യ-ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തം വരും വർഷത്തിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്‌തതായും പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്‌താവനയിൽ അറിയിച്ചു.

Published : January 7, 2026 at 6:11 PM IST
ന്യൂഡൽഹി: ഗാസ സമാധാന പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംഭാഷണം നടത്തി. ഇരു നേതാക്കളും പുതുവത്സരാശംസകൾ കൈമാറി. ബെഞ്ചമിൻ നെതന്യാഹു മോദിയെ നേരിട്ട് ഫോണിൽ വിളിച്ചാണ് വിവരങ്ങൾ പങ്കുവച്ചത്. ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള തങ്ങളുടെ ദൃഢനിശ്ചയം നേതാക്കൾ ആവർത്തിച്ചു.
"ഇരു നേതാക്കളും പുതുവത്സരാശംസകൾ കൈമാറുകയും ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് സമാധാനവും സമൃദ്ധിയും ആശംസിക്കുകയും ചെയ്‌തു" - പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്‌താവനയിൽ അറിയിച്ചു. ഗാസ സമാധാന പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് നെതന്യാഹു പ്രധാനമന്ത്രിയോട് വിശദീകരിച്ചതായും പിഎം ഓഫിസ് വ്യക്തമാക്കി.
Glad to speak with my friend, Prime Minister Benjamin Netanyahu and convey New Year greetings to him and the people of Israel. We discussed ways to further strengthen the India-Israel Strategic Partnership in the year ahead.
— Narendra Modi (@narendramodi) January 7, 2026
We also exchanged views on the regional situation and…
മേഖലയിൽ നീതിയുക്തവും സുസ്ഥിരവുമായ സമാധാനം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു എന്നും പ്രസ്‌താവനയിൽ അറിയിച്ചു. വരും വർഷത്തിൽ ഇന്ത്യ- ഇസ്രയേൽ രാജ്യങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരു നേതാക്കളും ചർച്ച ചെയ്‌തു. മോദിയും നെതന്യാഹുവും പൊതുവായ മുൻഗണനകൾ തിരിച്ചറിയുകയും വിലയിരുത്തുകയും ചെയ്‌തുവെന്നും പ്രസ്‌താവനയിൽ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രണ്ട് നേതാക്കളും തീവ്രവാദത്തെ ശക്തമായി അപലപിക്കുകയും ഒരു തരത്തിലുമുള്ള തീവ്രവാദ പ്രവർത്തനങ്ങളോടും തങ്ങൾക്ക് പൊരുത്തപ്പെടാൻ കഴിയില്ലെന്നും മോദി ആവർത്തിച്ചു. പരസ്‌പര താൽപര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനും ഇരുനേതാക്കളും ആഹ്വാനം ചെയ്‌തു.
കൂടുതൽ ദൃഢനിശ്ചയത്തോടെ ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള തങ്ങളുടെ ദൃഢനിശ്ചയം വീണ്ടും ഉറപ്പിച്ചതായി നരേന്ദ്ര മോദി എക്‌സ് പോസ്റ്റിൽ കുറിച്ചു. "എൻ്റെ സുഹൃത്ത് ബെഞ്ചമിൻ നെതന്യാഹുവിനോട് സംസാരിക്കാനും അദ്ദേഹത്തിനും ഇസ്രയേൽ ജനതയ്ക്കും പുതുവത്സരാശംസകൾ അറിയിക്കാനും കഴിഞ്ഞതിൽ സന്തോഷം" മോദി എക്‌സിൽ കുറിച്ചു.
അതേസമയം കഠിനമായ ശൈത്യകാലം നേരിടുന്ന പലസ്‌തീനിൽ ഏർപ്പെടുത്തിയിരിക്കുന്ന മാനുഷിക സഹായ നിയന്ത്രണങ്ങള്‍ പിൻവലിക്കാൻ ആവശ്യപ്പെട്ട് മിഡിൽ ഈസ്റ്റ്, ഏഷ്യൻ രാജ്യങ്ങൾ ആവശ്യമുന്നയിച്ചിരുന്നു. ഇസ്രായേൽ ഏർപ്പെടുത്തിയ ഉപരോധങ്ങള്‍ അതിവേഗം നീക്കി മാനുഷിക സഹായം എത്തിക്കണമെന്നതാണ് പ്രധാന ആവശ്യം.
ഖത്തർ, ഈജിപ്‌ത്, ജോർദാൻ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, തുർക്കി, ഇന്തോനേഷ്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് കത്തെഴുതിയത്. തകർന്ന ടെൻ്റുകൾ, തകർന്ന കെട്ടിടങ്ങള്‍ എന്നിവയ്‌ക്കിടയിൽ പലസ്‌തീൻ ജനത അതികഠിന ശൈത്യകാലം നേരിടുന്നു. പോഷകാഹാരക്കുറവും മെച്ചപ്പെട്ട പാർപ്പിടവും ഇല്ലാത്തത് ജനജീവിതം ദുസഹമാക്കുന്നുവെന്നും കത്തിൽ പറയുന്നു.
കൂടാതെ ഗാസയിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് അന്താരാഷ്ട്ര നിയമപ്രകാരം ബാധ്യതകൾ ഉണ്ടായിരുന്നിട്ടും, മാനുഷിക സഹായത്തിന് ഇസ്രായേൽ കർശനമായ പരിധികൾ ഏർപ്പെടുത്തുന്നത് തുടരുകയാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്‌തു.

