ETV Bharat / bharat

എസി കോച്ചിലെ ആർഎസി യാത്രക്കാർക്ക് ആശ്വാസം; ഇനിമുതൽ പ്രത്യേക സൗകര്യം

ആർഎസി ടിക്കറ്റിൽ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും ബെഡ്‌റോൾ കിറ്റ് (പുതപ്പ്, ഷീറ്റ് ) നിർബന്ധമായും നൽകാൻ ഇന്ത്യൻ റെയിൽവേ ഉത്തരവിട്ടു. ഇവ ലഭിക്കാത്ത യാത്രക്കാർക്ക് പരാതി അറിയിക്കാം.

RESERVATION AGAINST CANCELLATION  RAC TICKET  INDIAN RAILWAY  RAC passenger travelling
Representational image (ETV Bharat)
author img

By ETV Bharat Kerala Team

Published : August 6, 2026 at 1:39 PM IST

2 Min Read
Choose ETV Bharat

ന്യൂഡൽഹി: എസി കോച്ചുകളിൽ ആർഎസി (റിസർവേഷൻ എഗൈൻസ്റ്റ് കാൻസലേഷൻ) ടിക്കറ്റിൽ യാത്ര ചെയ്യുന്നവർക്ക് ഇനിമുതൽ പ്രത്യേക ബെഡ്‌റോൾ കിറ്റ് നൽകാൻ ഇന്ത്യൻ റെയിൽവേയുടെ കർശന നിർദേശം. ഒരേ ബർത്തിലുള്ള സഹയാത്രികരുമായി പുതപ്പും വിരിയും പങ്കിടേണ്ടിവരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് പുതിയ തീരുമാനം. ടിക്കറ്റ് നിരക്കിൽ ഇതിനുള്ള തുക ഈടാക്കുന്നുണ്ടെങ്കിലും ആർഎസി യാത്രക്കാർക്ക് പലപ്പോഴും ഇവ ലഭിക്കുന്നില്ലെന്ന പരാതികൾ പരിഗണിച്ചാണ് നടപടി.

ഉടൻ പ്രാബല്യത്തിൽ വരുന്ന ഈ നിർദേശം ഓൺ-ബോർഡ് സ്റ്റാഫ്, ടിടിഇ, ഹൗസ് കീപ്പിങ് സ്റ്റാഫ് എന്നിവരുൾപ്പെടെ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും കർശനമായി പാലിക്കണമെന്ന് റെയിൽവേ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. യാത്രയ്ക്കിടെ അപരിചിതരുമായി ഒറ്റ ബെഡ്‌റോൾ കിറ്റ് പങ്കിടേണ്ടിവന്ന യാത്രക്കാരുടെ നിരവധി പരാതികൾ നിരന്തരം റെയിൽവേയ്‌ക്ക് ലഭിച്ചിരുന്നു. ഈ രീതി അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും വൃത്തിഹീനവും സുരക്ഷിതമല്ലാത്തതുമായ അന്തരീക്ഷം സൃഷ്‌ടിക്കുന്നുവെന്നും ദീർഘദൂര യാത്രക്കാർ ചൂണ്ടിക്കാണിച്ചിരുന്നു. പ്രത്യേകിച്ച് സ്ത്രീകൾക്ക് ഇത് യാത്രയിൽ വലിയ സുരക്ഷിതമില്ലായ്‌മ ഉണ്ടാക്കുന്നുവെന്നും പരാതികളിൽ പറയുന്നു.

യാത്രക്കാർക്ക് ആശ്വാസം
ഇതിനൊരു പരിഹാരമായി റെയിൽവേ കൊണ്ടുവന്ന പുതിയ നിർദേശം വലിയൊരു ശതമാനം യാത്രക്കാർക്ക് ആശ്വാസമാകും. പുതിയ നിർദേശത്തോടെ ഓരോ ആർ‌എസി യാത്രക്കാരനും വ്യക്തിഗത ബെഡ്‌റോൾ കിറ്റ് ലഭിക്കുന്നത് ട്രെയിൻ യാത്ര കൂടുതൽ സുഖകരവും ശുചിത്വമുള്ളതുമാക്കും. എസി കോച്ചുകളിൽ മുഴുവൻ നിരക്കും നൽകിയിട്ടും ഒരു ബർത്ത് പങ്കിടേണ്ടിവരുന്നത് പരിതാപകരമാണെന്ന് ഗാസിയാബാദിലെ ലോണി നിവാസിയായ കവിത ശർമ ഇടിവി ഭാരതിനോട് പറഞ്ഞു. എസി കോച്ചുകളിൽ ആർ‌എസി ടിക്കറ്റുകളിൽ പതിവായി യാത്ര ചെയ്യുന്നവർക്ക് ഇരട്ടി പ്രഹരമാണ് നേരിടേണ്ടിവരുന്നത്. മുഴുവൻ നിരക്കും നൽകി യാത്ര ചെയ്യുമ്പോഴും മറ്റൊരു യാത്രക്കാരനുമായി ബർത്ത് പങ്കിടേണ്ടിവരുന്നതിനൊപ്പം ശരിയായ ബെഡ്‌റോൾ കിറ്റ് ലഭിക്കാത്ത സാഹചര്യവുമുണ്ടാകുന്നു. മുഴുവൻ നിരക്കും നൽകിയ ടിക്കറ്റ് ഉടമകൾക്ക് അത്തരം അസൗകര്യങ്ങൾ നേരിടേണ്ടിവരുന്നത് അന്യായമാണെന്നും കവിത വ്യക്തമാക്കി.

സമാനമായ ആശങ്കകൾ പ്രകടിപ്പിച്ചുകൊണ്ട് ഡൽഹിയിലെ യമുന വിഹാർ നിവാസിയും സ്ഥിരം ട്രെയിൻ യാത്രക്കാരനുമായ മുകേഷ് ശർമ കോച്ച് അറ്റൻഡൻ്റുമാരുടെ ഭാഗത്തുനിന്നുള്ള ഏകോപനമില്ലായ്‌മ ചൂണ്ടിക്കാണിച്ചു. പല സന്ദർഭങ്ങളിലും കോച്ച് അറ്റൻഡൻ്റുമാർ ഒരു ബെഡ്‌റോൾ കിറ്റ് മാത്രമേ നൽകുന്നുള്ളൂ. ആർ‌എസി ക്വാട്ടയിലാണ് ബർത്ത് പങ്കിടുന്നതെന്ന് അവർക്കറിയാത്തതാണ് ഇതിന് കാരണം. ഇത് രണ്ട് യാത്രക്കാർക്കും അനാവശ്യമായ അസൗകര്യം സൃഷ്‌ടിക്കുന്നുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ലളിതമായ ഒരു നടപടിക്രമ മാറ്റത്തിലൂടെ ഈ പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുമുൻപ് കോച്ച് അറ്റൻഡർമാർ അന്തിമ ബർത്ത് സ്റ്റാറ്റസ് പരിശോധിക്കണം. ആർ‌എസി ഉപയോഗത്തിനായി ഒരു ബർത്ത് നിയുക്തമാക്കിയിട്ടുണ്ടെങ്കിൽ രണ്ട് യാത്രക്കാർക്കും പ്രത്യേകമായി ബെഡ്‌റോൾ കിറ്റുകളും പുതപ്പുകളും നൽകണം. മുഴുവൻ നിരക്കും അടച്ചതിനുശേഷം രണ്ട് യാത്രക്കാർക്കും അർഹമായ സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുമെന്നും മുകേഷ് ശർമ കൂട്ടിച്ചേർത്തു.

പരാതി നൽകാൻ ഹെൽപ്പ്‌ലൈൻ
ബെഡ്‌റോളുകളോ വ്യക്തിഗത കിറ്റുകളോ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുന്ന യാത്രക്കാർക്ക് ട്രെയിനിലെ ടിടിഇയെ ബന്ധപ്പെടുകയോ കൂടുതൽ സഹായത്തിനായി 139 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിൽ പരാതി നൽകുകയോ ചെയ്യാമെന്ന് റെയിൽവേ ഉദ്യോഗസ്ഥൻ അറിയിച്ചു. രാജ്യത്തുടനീളമുള്ള എല്ലാ സോണുകളിലെയും പ്രിൻസിപ്പൽ ചീഫ് മെക്കാനിക്കൽ എൻജിനീയർമാർക്ക് റെയിൽവേ ബോർഡ് ഇത് സംബന്ധിച്ച നിർദേശം കൈമാറിയിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് റെയിൽവേയുടെ ഈ സുപ്രധാന ഇടപെടൽ.

Also Read: ബെംഗളൂരുവിൽ ബൈക്ക് ടാക്സികൾക്ക് പൂട്ട്; 263 വാഹനങ്ങൾ പിടിച്ചെടുത്തു