ഇന്ത്യ-അമേരിക്ക ബന്ധത്തിൽ പ്രതീക്ഷകൾ അസ്‌തമിക്കുന്നു; മോശം അവസ്ഥയെന്നും വിദഗ്‌ധർ
ട്രംപ് അധികാരത്തിലെത്തിയപ്പോൾ ഇന്ത്യയുമായുള്ള ബന്ധത്തിന് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാൽ അമേരിക്കയിൽ അമിതമായ വിശ്വാസം അർപ്പിക്കുന്നതിൽ ഇന്ത്യൻ നേതാക്കൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും പ്രമുഖ ദക്ഷിണേഷ്യ വിദഗ്‌ധനും മുൻ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനുമായ ജോഷ്വ ടി വൈറ്റ്.

Published : January 11, 2026 at 7:13 PM IST
ന്യൂഡൽഹി: ഇന്ത്യ യുഎസ് ബന്ധത്തിൽ വിള്ളൽ സംഭവിച്ചുവെന്ന് പ്രമുഖ ദക്ഷിണേഷ്യ വിദഗ്‌ധനും മുൻ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനുമായ ജോഷ്വ ടി വൈറ്റ്. പ്രതീക്ഷകൾ അസ്‌തമിച്ചു തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
"യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നീക്കങ്ങളിൽ ഇന്ത്യ യുഎസ് ബന്ധങ്ങളെക്കുറിച്ച് ഉയർന്ന പ്രതീക്ഷകൾ ഉണ്ടായിരുന്നു. എന്നാൽ അവയെല്ലാം അസ്‌തമിച്ചു. ആവേശവും സുസ്ഥിരവുമായ നിക്ഷേപവും കുത്തനെ കുറഞ്ഞു" - ജോഷ്വ ടി വൈറ്റ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി വരുന്നുവെന്നും ജോൺസ് ഹോപ്‌കിൻസ് സ്‌കൂൾ ഓഫ് അഡ്വാൻസ്‌ഡ് ഇൻ്റർനാഷണൽ സ്റ്റഡീസിൽ സംസാരിക്കവെ (SAIS) പ്രൊഫ. ജോഷ്വ പറഞ്ഞു.
"നമ്മൾ ഒരു മോശം അവസ്ഥയിലാണെന്ന് വ്യക്തം. ട്രംപ് അധികാരത്തിലെത്തിയപ്പോൾ ഇന്ത്യയുമായുള്ള ബന്ധത്തിന് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡൻ്റ് ട്രംപും തമ്മിലുള്ള മുൻകാല ബന്ധവും പരസ്‌പര പിന്തുണയ്ക്കലും പ്രകടമായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതീക്ഷകൾ വേരൂന്നിയത്" - ജോഷ്വ ടി വൈറ്റ് വിശദീകരിച്ചു. 2025 ലെ സംഭവങ്ങളുടെ പശ്ചാത്തലം വിലയിരുത്തുമ്പോൾ ശുഭാപ്‌തിവിശ്വാസം മങ്ങിപ്പോയെന്നും പ്രതീക്ഷകൾ അസ്‌തമിച്ചെന്നും ബോധ്യപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാൽ ചില സഹകരണം തുടരുന്നുണ്ട്. ചില മേഖലകളിൽ വേഗത്തിൽ വളർച്ച തുടർന്നു. പ്രതിരോധ മേഖല, സാങ്കേതികവിദ്യ, ചില വാണിജ്യ ബന്ധങ്ങൾ എന്നിവ മെച്ചപ്പെട്ടു. എന്നാൽ രാഷ്ട്രീയ ശ്രദ്ധയുടെ തോത് ഗണ്യമായി കുറഞ്ഞുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബൈഡൻ്റെ ഭരണകാലവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇത്തവണ നിക്ഷേപത്തിൽ ഗണ്യമായ മാറ്റമുണ്ടായെന്ന് അദ്ദേഹം വിശദീകരിച്ചു.
എന്തുകൊണ്ടാണ് ഈ മാറ്റം സംഭവിച്ചതെന്നുള്ള ചോദ്യത്തിന് അദ്ദേഹം കാര്യകാരണ സഹിതം വ്യക്തമാക്കി. വ്യക്തിപരവും രാഷ്ട്രീയവും ഘടനാപരവുമായ ഘടകങ്ങളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പ്രസ്‌താവിച്ചു. കഴിഞ്ഞ മെയ് മാസത്തിലെ ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിന് ശേഷമുള്ള ട്രംപിൻ്റെ പ്രതികരണത്തിന് ഇന്ത്യ മതിയായ നന്ദി അറിയിച്ചില്ലെന്നും ചൂണ്ടിക്കാട്ടി.
"എന്നാൽ പാകിസ്ഥാൻ നേതൃത്വം പ്രസിഡൻ്റ് ട്രംപിനെ സമീപിക്കാനുള്ള ഒരു അവസരമായി മുതലെടുത്തു. അതേസമയം ഇന്ത്യ വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാൽ ട്രംപിൻ്റെ അവകാശ വാദങ്ങളെ തള്ളിക്കളഞ്ഞു" എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ശേഷിയെക്കുറിച്ചുള്ള ആശങ്കകൾ അദ്ദേഹം ഉയർത്തി. സ്വന്തം അതിർത്തികളും സമുദ്രമേഖലകളും സംരക്ഷിക്കാൻ ഇന്ത്യ പാടുപെടുന്നു. ഇന്ത്യ- യുഎസ് ബന്ധത്തിനും ജോഷ്വ ടി വൈറ്റ് മുന്നറിയിപ്പ് നൽകി. ഒരു പങ്കാളി എന്ന നിലയിൽ അമേരിക്കയിൽ അമിതമായ വിശ്വാസം അർപ്പിക്കുന്നതിൽ ഇന്ത്യൻ നേതാക്കൾ സ്വാഭാവികമായും ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

