നേപ്പാളിന് ഇന്ത്യയുടെ കൈത്താങ്ങ്; 37.5 ടൺ സഹായവുമായി വ്യോമസേനയുടെ രണ്ടാം വിമാനം
നേപ്പാൾ അധികൃതരുമായി ഇന്ത്യ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ തുടരുമെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

By ANI
Published : August 27, 2026 at 1:47 PM IST
ന്യൂഡൽഹി: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും ദുരിതമനുഭവിക്കുന്നവർക്കായി ഇന്ത്യയുടെ രണ്ടാമത്തെ സഹായമെത്തി. 37.5 ടൺ ദുരിതാശ്വാസ സാമഗ്രികളും മരുന്നുകളും ഭക്ഷണപ്പൊതികളുമാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ വ്യാഴാഴ്ച നേപ്പാളിലെത്തിച്ചത്. നൂറുകണക്കിന് ആളുകളെ കാണാതായ മഹാദുരന്തത്തിൽ അയൽരാജ്യത്തിന് സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് ഇന്ത്യ വ്യക്തമാക്കി.
രക്ഷാപ്രവർത്തനങ്ങളിൽ കാഠ്മണ്ഡുവിന് പൂർണ പിന്തുണ നൽകുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എക്സിലൂടെ (X) അറിയിച്ചു. "നേപ്പാളിലേക്കുള്ള 37.5 ടൺ ദുരിതാശ്വാസ സാമഗ്രികളും മരുന്നുകളും ഭക്ഷണപ്പൊതികളുമായി രണ്ടാമത്തെ വിമാനം പുറപ്പെട്ടു കഴിഞ്ഞു. നേപ്പാൾ അധികൃതരുമായി ഇന്ത്യ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ തുടരും," അദ്ദേഹം വ്യക്തമാക്കി. നേപ്പാളിനൊപ്പം ഇന്ത്യ ഉറച്ചുനിൽക്കുന്നുവെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളും പ്രതികരിച്ചു.
A second flight has just taken off, carrying 37.5 tonnes of HADR material, medicines & food packets for Nepal.
— Dr. S. Jaishankar (@DrSJaishankar) August 27, 2026
India remains in close and continuous touch with the Nepalese authorities. We will continue to strongly support the ongoing relief efforts.
🇮🇳🇳🇵 pic.twitter.com/4m46leqfkC
കാഠ്മണ്ഡുവിൽ എത്തിയ സഹായങ്ങൾ നേപ്പാൾ സാംസ്കാരിക, വിനോദസഞ്ചാര, വ്യോമയാന മന്ത്രി ഖഡക് രാജ് പൗഡലിന് ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവ ഔദ്യോഗികമായി കൈമാറി. കനത്ത മൺസൂൺ മഴയെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും നേപ്പാളിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. പൊതു അടിസ്ഥാന സൗകര്യങ്ങളും വീടുകളും കൃഷിയിടങ്ങളും പൂർണമായി തകർന്നു.
വിവിധ പ്രവിശ്യകളിലായി ആയിരക്കണക്കിന് ആളുകൾക്കാണ് വീട് നഷ്ടപ്പെട്ടത്. പ്രതിസന്ധി നേരിടാൻ പ്രാദേശിക ഭരണകൂടങ്ങൾ പാടുപെടുന്നതിനിടെയാണ് ഇന്ത്യയുടെ അടിയന്തര ഇടപെടൽ. 'അയൽക്കാർ ആദ്യം' എന്ന നയത്തിൻ്റെ ഭാഗമായാണ് പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യ സഹായമെത്തിക്കുന്നത്.
സജ്ജമായി വ്യോമസേന
ബുധനാഴ്ച 10 ടൺ സഹായം എത്തിച്ചതിന് പിന്നാലെയാണ് വ്യാഴാഴ്ച കൂടുതൽ സാമഗ്രികൾ നൽകിയത്. ദുരിതാശ്വാസ ദൗത്യത്തിൻ്റെ വിവരങ്ങൾ വ്യോമസേന ഉദ്യോഗസ്ഥർ എ.എൻ.ഐയോട് വിശദീകരിച്ചു. "ഏകദേശം 30 മുതൽ 40 ടൺ വരെ ദുരിതാശ്വാസ സാമഗ്രികളും മരുന്നുകളും എൻ.ഡി.ആർ.എഫ് ഉപകരണങ്ങളുമാണ് ഇന്ന് കൊണ്ടുപോകുന്നത്. രാവിലെ 9.30ന് പുറപ്പെട്ട് 10.45ഓടെ കാഠ്മണ്ഡുവിൽ ഇറങ്ങും.
ആവശ്യമെങ്കിൽ ഒന്നര മണിക്കൂറോളം ആകാശത്ത് തുടരാനുള്ള ഇന്ധനം വിമാനത്തിലുണ്ട്. ഇറങ്ങാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചുവിടാനായി ഇന്ത്യയിലെ രണ്ട് വ്യോമതാവളങ്ങൾ സജ്ജമാക്കിയിട്ടുണ്ട്," സി-17 ഗ്ലോബ്മാസ്റ്റർ വിമാനത്തിൻ്റെ കമാൻഡർ എൽ. നായക് പറഞ്ഞു.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സേന എപ്പോഴും സജ്ജമാണെന്ന് ഹിൻഡൻ എയർഫോഴ്സ് സ്റ്റേഷൻ എ.ഒ.സി എയർ കമ്മഡോർ ആർ. ദോഭാൽ വ്യക്തമാക്കി. "സിവിൽ അധികൃതരുടെയും എൻ.ഡി.ആർ.എഫിൻ്റെയും സഹായത്തോടെ സി-130ജെ ഹെർക്കുലീസ് വിമാനത്തിൽ മരുന്നുകളും ജനറേറ്ററുകളും ഉൾപ്പെടെയുള്ളവ വേഗത്തിൽ കയറ്റി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രാത്രി 8.30ഓടെ പുറപ്പെട്ട വിമാനം രണ്ട് മണിക്കൂറിനുള്ളിൽ നേപ്പാളിലെത്തി 10 ടൺ സാമഗ്രികൾ കൈമാറി. മ്യാൻമർ, ശ്രീലങ്ക തുടങ്ങിയ അയൽരാജ്യങ്ങളിലും അടുത്തിടെ വെനസ്വേലയിലും വ്യോമസേന സമാനമായ രക്ഷാപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ലോകത്ത് എവിടെയും സഹായമെത്തിക്കാൻ ഇന്ത്യൻ വ്യോമസേന സജ്ജമാണ്. നിലവിൽ ഒരു വിമാനം പോയിക്കഴിഞ്ഞു, സി-17 ഇന്ന് പുറപ്പെടും. കൂടുതൽ സഹായം ആവശ്യമായി വന്നാൽ നൽകാൻ ഞങ്ങൾ പൂർണ സജ്ജരാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

