പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയരുമോ? പ്രതികരിച്ച് കേന്ദ്ര സര്‍ക്കാര്‍
രാജ്യത്ത് ഇന്ധനവില കുത്തനെ ഉയരാൻ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് പ്രതികരണം..

Published : March 3, 2026 at 8:27 PM IST
ന്യൂഡൽഹി: ആഭ്യന്തര ആവശ്യം നിറവേറ്റാൻ വേണ്ട ഇന്ധന ശേഖരം ഇന്ത്യയിലുണ്ടെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആറ് മുതൽ എട്ട് ആഴ്‌ചവരെയുള്ള ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ട പെട്രോൾ, ഡീസൽ, എണ്ണ തുടങ്ങിയ ഇന്ധനങ്ങൾ ഇന്ത്യയുടെ കൈവശം ഉണ്ടെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷം ഇന്ത്യയിലെ ഇന്ധന വിതരണത്തിനെ തടസപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രാജ്യത്ത് ഇന്ധനവില കുത്തനെ ഉയരാൻ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ആവശ്യമായ ഇന്ധന ശേഖരം ഉണ്ടെന്ന് ഉറപ്പാക്കി അധികൃതര്‍ രംഗത്തെത്തിയത്.
ഇന്ത്യയുടെ ക്രൂഡ് ഓയിൽ, എൽപിജി എന്നിവ പകുതിയോളം ഇറക്കുമതി ചെയ്യുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. ഇറാനിലെ സൈനിക, ആണവ സൗകര്യങ്ങൾക്ക് നേരെയുള്ള യുഎസിൻ്റേയും ഇസ്രയേലിൻ്റേയും ആക്രമണങ്ങളെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ തടസങ്ങൾ നേരിട്ടിരിക്കുകയാണ്. കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതത്തിനും ഇറാൻ നിയന്ത്രണം ഏർപ്പെടുത്തി.
ദിവസേന കേന്ദ്ര സർക്കാർ സ്ഥിതിഗതികൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും കണക്കുകൾ പ്രകാരം ഒരാഴ്‌ചയോ പത്ത് ദിവസമോ നീണ്ടുനിൽക്കുന്ന പ്രതിസന്ധിയെ മറികടക്കാൻ ആവശ്യമായ ഇന്ധന ശേഖരം കൈവശമുണ്ടെന്ന ആത്മവിശ്വാസമുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ശുദ്ധീകരണശാലകൾ, നിക്ഷേപങ്ങൾ, പൈപ്പ്ലൈനുകൾ മറ്റ് സംഭരണ ശാലകൾ എന്നിവയുടെ ആവശ്യം നിറവേറ്റാൻ കഴിയുന്ന ഇന്ധന ശേഖരം കൈവശമുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
രാജ്യത്ത് 25 ദിവസം നീണ്ടുനിൽക്കുന്ന ക്രൂഡ് ഓയിൽ സ്റ്റോക്കും അത്രയും കാലം നിലനിൽക്കാൻ ഇന്ധനവും ഉണ്ടായതിനാൽ ക്ഷാമം ഉണ്ടാകാൻ സാധ്യതയില്ല. ക്രൂഡ് ഓയിൽ വിലയിലെ വർധനവും ചരക്ക്, ഇൻഷുറൻസ് ചെലവുകളും ഇന്ത്യയുടെ ഇറക്കുമതിയേയും പണപ്പെരുപ്പത്തേയും ബാധിച്ചേക്കാം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് ഉണ്ടാകുന്ന ഹ്രസ്വകാല തടസങ്ങൾ നേരിടാൻ രാജ്യത്ത് അസംസ്കൃത എണ്ണയും പെട്രോൾ, ഡീസൽ, എടിഎഫ് എന്നിവയുൾപ്പെടെയുള്ള പ്രധാന പെട്രോളിയം ഉൽപ്പന്നങ്ങള്‍ സംഭരിച്ചിട്ടുണ്ടെന്ന് മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചതായി മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. എന്നാലും, സ്റ്റോക്കുകളുടെ വിശദാംശങ്ങൾ ലഭ്യമല്ല. രാജ്യത്തുടനീളമുള്ള പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണവും സ്റ്റോക്ക് നിലയും തുടർച്ചയായി നിരീക്ഷിക്കുന്നതിനായി മന്ത്രാലയം 24×7 കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട്.
ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് പ്രസ്‌താവനയിൽ പറയുന്നു. തുടർച്ചയായ നിരീക്ഷണത്തിൻ്റെ അടിസ്ഥാനത്തിൽ സാഹചര്യം കൂടുതൽ ലഘൂകരിക്കുന്നതിനായി ഘട്ടം ഘട്ടമായുള്ള നടപടികൾ സ്വീകരിക്കാൻ കഴിയുമെന്ന് സർക്കാർ വിശ്വസിക്കുന്നതായും പ്രസ്‌താവനയിൽ പറയുന്നു. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പെട്രോളിയം ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ വലിയ രാജ്യവും കയറ്റുമതി ചെയ്യുന്ന അഞ്ചാമത്തെ വലിയ രാജ്യവുമാണ് ഇന്ത്യ.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇറക്കുമതി പ്രതിദിനം ശരാശരി 2.5 ദശലക്ഷം ബാരലാണ്. റഷ്യൻ ചരക്കുകളുടെ കുറവ് കാരണം ഹോർമുസ് കടലിടുക്ക് വഴി ചരക്ക് ഗതാഗതം നടത്തുന്ന രാജ്യങ്ങൾക്ക് ഈ വർഷം 50 ശതമാനത്തിലേറെ ക്രൂഡ് ഓയിൽ ലഭ്യമാണെന്നും കഴിഞ്ഞ രണ്ട് വർഷം ശരാശരി 40 ശതമാനം മാത്രമേ ക്രൂഡ് ഓയിൽ കയറ്റുമതി നടത്തിയിട്ടുള്ളൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മംഗലാപുരം, പാദൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലെ തന്ത്രപരമായ പെട്രോളിയം ശേഖരം ഉൾപ്പെടെ രാജ്യത്തിൻ്റെ വാണിജ്യ അസംസ്കൃത എണ്ണ ശേഖരം ഏകദേശം 100 ദശലക്ഷം ബാരലാണ്. ഇറാൻ പ്രതിസന്ധിക്ക് ശേഷം ആഗോള മാനദണ്ഡമായ ബ്രൻ്റ് ബാരലിന് 80 യുഎസ് ഡോളർ കടന്നു ഏകദേശം 10 ശതമാനം വർധനവാണ് ഉണ്ടായത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഉയർന്ന വില എന്നാൽ ഉയർന്ന ഇറക്കുമതി ബിൽ എന്നാണ് അർത്ഥമാക്കുന്നത്. 2025 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇന്ത്യ അസംസ്കൃത എണ്ണ ഇറക്കുമതിക്കായി 137 ബില്യൺ യുഎസ് ഡോളറാണ് ചെലവഴിച്ചത്.
ALSO READ: മോർച്ചറിയിൽ കയറി 32കാരൻ്റെ മൃതദേഹം ഭക്ഷിച്ച് നായ; തെലങ്കാന സര്‍ക്കാര്‍ ആശുപത്രിയില്‍ ദുരവസ്ഥ

