ETV Bharat / bharat

ഓഗസ്റ്റിൽ റെക്കോഡ് ചൂട്; സെപ്റ്റംബറിലും മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

1971 മുതൽ 2020 വരെയുള്ള കണക്കുകൾ പ്രകാരം സെപ്റ്റംബറിലെ ദീർഘകാല ശരാശരി മഴ 167.9 മില്ലിമീറ്ററാണ്.

SEPTEMBER RAINFALL  SEPTEMBER MONTH RAINFALL  IMD ALERT  IMD WEATHER UPDATES INDIA
Representational image (IANS)
author img

By ETV Bharat Kerala Team

Published : September 1, 2026 at 7:45 AM IST

2 Min Read
Choose ETV Bharat

ന്യൂഡൽഹി: രാജ്യത്ത് സെപ്റ്റംബർ മാസത്തിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ കുറഞ്ഞ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ദീർഘകാല ശരാശരിയുടെ 91 ശതമാനത്തിൽ താഴെ മാത്രമേ മഴ ലഭിക്കാൻ സാധ്യതയുള്ളൂവെന്ന് കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ പ്രതിമാസ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും മഴക്കുറവ് അനുഭവപ്പെടുമെങ്കിലും കിഴക്ക്, വടക്കുകിഴക്ക്, മധ്യ ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ ഭേദപ്പെട്ട മഴ ലഭിച്ചേക്കാമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മഹാപാത്ര വ്യക്തമാക്കി. 1971 മുതൽ 2020 വരെയുള്ള കണക്കുകൾ പ്രകാരം സെപ്റ്റംബറിലെ ദീർഘകാല ശരാശരി മഴ 167.9 മില്ലിമീറ്ററാണ്. സെപ്റ്റംബറിൽ ശരാശരി ഉയർന്ന താപനില സാധാരണയേക്കാൾ കൂടുതലായിരിക്കുമെന്നും കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനമുണ്ട്.

ഓഗസ്റ്റിൽ റെക്കോഡ് ചൂട്
ഓഗസ്റ്റ് മാസത്തിൽ രാജ്യത്ത് വലിയ തോതിൽ മഴക്കുറവ് രേഖപ്പെടുത്തിയിരുന്നു. 213.3 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞ മാസം ലഭിച്ചത്. ഇത് സാധാരണ ലഭിക്കേണ്ടതിനേക്കാൾ 16.3 ശതമാനം കുറവാണ്. 2001ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഏഴാമത്തെ മഴയാണ് ഇത്തവണ ഓഗസ്റ്റിൽ ലഭിച്ചത്. കൂടാതെ 1901ന് ശേഷമുള്ള ഏറ്റവും ചൂടേറിയ ഓഗസ്റ്റ് മാസമാണിത്. ശരാശരി താപനില 28.01 ഡിഗ്രി സെൽഷ്യസായി ഉയർന്നു. 27.34 ഡിഗ്രി സെൽഷ്യസാണ് സാധാരണ ഈ സമയത്ത് ഉണ്ടാകാറുള്ളത്. ശരാശരി കുറഞ്ഞ താപനിലയും 1901ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തി. സാധാരണ 23.68 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തേണ്ട സ്ഥാനത്ത് ഇത്തവണ 24.36 ഡിഗ്രി സെൽഷ്യസായിരുന്നു കുറഞ്ഞ താപനില.

ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിലുണ്ടായ എൽ നിനോ പ്രതിഭാസമാണ് ഓഗസ്റ്റിൽ മഴ കുറയാൻ പ്രധാന കാരണമെന്ന് മൃത്യുഞ്ജയ് മഹാപാത്ര വിശദീകരിച്ചു. മധ്യ, കിഴക്കൻ ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിൽ താപനില സാധാരണയേക്കാൾ കൂടുതലായിരുന്നു. വരും മാസങ്ങളിലും ഈ അവസ്ഥ തുടരാനാണ് സാധ്യത. ഓഗസ്റ്റിൽ നാല് ന്യൂനമർദങ്ങൾ രൂപപ്പെടുകയും 26 ദിവസത്തോളം നിലനിൽക്കുകയും ചെയ്തെങ്കിലും മഴ പ്രധാനമായും ഇന്തോ ഗംഗാ സമതലങ്ങളിൽ മാത്രമായി ഒതുങ്ങി. ഇത് മറ്റ് പല പ്രദേശങ്ങളിലും മഴക്കുറവിന് കാരണമായി.

കാർഷിക മേഖലയിൽ ആശങ്ക
കാലവർഷം ദുർബലമാകുന്നത് കാർഷിക മേഖലയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. കിഴക്ക്, വടക്ക് ഭാഗങ്ങളിലെ നെൽകൃഷിയെയും പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളിലെ കരിമ്പ് കൃഷിയെയും സോയാബീൻ ഉത്പാദനത്തെയും മഴക്കുറവ് സാരമായി ബാധിച്ചിട്ടുണ്ട്. ഓഗസ്റ്റ് 28ന് കൃഷി മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം നെല്ല്, ചോളം, എണ്ണക്കുരുക്കൾ, കരിമ്പ് എന്നിവയുടെ കൃഷി കഴിഞ്ഞ വർഷത്തേക്കാൾ പിന്നിലാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വിളകളുടെ വളർച്ചയ്ക്കും ശൈത്യകാല കൃഷിക്കുള്ള ഒരുക്കങ്ങൾക്കും സെപ്റ്റംബറിലെ മഴ വളരെ പ്രധാനമാണ്. മഴക്കുറവ് തുടരുന്നത് നിലവിലെ വിളവെടുപ്പിനെയും അടുത്ത കൃഷിയെയും ബാധിക്കും. ഇത് ഭക്ഷ്യവസ്തുക്കളുടെ വിതരണത്തെ ബാധിക്കാനും വിലക്കയറ്റത്തിനും കാരണമായേക്കാം. കഴിഞ്ഞ 12 വർഷത്തിനിടയിലെ ഏറ്റവും വരണ്ട ജൂൺ മാസമായിരുന്നു ഇത്തവണത്തേത്. ജൂലൈയിൽ മഴ മെച്ചപ്പെട്ടെങ്കിലും ഓഗസ്റ്റിൽ വീണ്ടും കുറഞ്ഞു. ഇതിന് പിന്നാലെയാണ് സെപ്റ്റംബറിലും മഴ കുറയുമെന്ന മുന്നറിയിപ്പ് വരുന്നത്.

Also Read: 'അനന്തമായ യുദ്ധമല്ല, യുദ്ധത്തിന്‍റെ അവസാനമാണ് പ്രധാനം'; ബിഷ്കെക്കിൽ പുടിനോട് പ്രധാനമന്ത്രി മോദി