രാജ്യത്ത് കാലവർഷം വീണ്ടും സജീവമാകുന്നു; യുപിയിലും മധ്യപ്രദേശിലും മിന്നൽ പ്രളയത്തിന് സാധ്യത
നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് നിർദേശിച്ചു

Published : September 3, 2026 at 1:29 PM IST
ന്യൂഡൽഹി: രാജ്യത്ത് കാലവർഷം വീണ്ടും സജീവമാകുന്നു. മധ്യപ്രദേശ്, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്. ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലും മഴ കനക്കുമെന്നാണ് റിപ്പോർട്ട്.
ഡൽഹിയിൽ ആശ്വാസമായി മഴ
ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും (എൻസിആർ) വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. നിലവിലെ കടുത്ത ചൂടിൽ നിന്നും ഉയർന്ന അന്തരീക്ഷ ഈർപ്പത്തിൽ നിന്നും ജനങ്ങൾക്ക് ഇത് വലിയ ആശ്വാസമാകും. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചിരുന്നു.
ചിലയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയും രേഖപ്പെടുത്തി. മഴയെത്തുടർന്ന് കുറഞ്ഞ താപനിലയിൽ ഒന്നും രണ്ടും ഡിഗ്രി സെൽഷ്യസിൻ്റെയും കൂടിയ താപനിലയിൽ മൂന്നും അഞ്ചും ഡിഗ്രി സെൽഷ്യസിൻ്റെയും കുറവുണ്ടായി. വരും ദിവസങ്ങളിൽ കാലാവസ്ഥ സാധാരണ നിലയിലായിരിക്കുമെങ്കിലും പെട്ടെന്നുള്ള മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. നോയിഡയിൽ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചേക്കാം. ദിവസാവസാനത്തോടെ ഇവിടെ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ട്. ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിൽ മേഘാവൃതമായ ആകാശമായിരിക്കും. ഇടവിട്ടുള്ള മഴയ്ക്കും ഇടിമിന്നലിനും ഇവിടെ സാധ്യതയുണ്ട്.
ഉത്തരാഖണ്ഡിലും ഹിമാചലിലും കനത്ത മഴ
ഉത്തരാഖണ്ഡിൽ കാലവർഷം അതിശക്തമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹൽദ്വാനിയിൽ 166 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണിത്. കോസി, രാംഗംഗ, ഗൗള എന്നീ നദികളിലെ ജലനിരപ്പ് അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. ജമ്മു കശ്മീർ, ലഡാക്ക്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഹിമാചൽപ്രദേശിൽ ഈ ആഴ്ച മുഴുവൻ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ കനത്ത ജാഗ്രത പാലിക്കണം.
ബിഹാറിൽ ഓറഞ്ച് അലർട്ട്
ബിഹാറിലെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സുപോൾ, അരാരിയ, കിഷൻഗഞ്ച്, പൂർണിയ, കതിഹാർ, മാധേപുര എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. പശ്ചിമ ചമ്പാരൻ, സിവാൻ, ബക്സർ, റോഹ്താസ്, ഭഗൽപൂർ, ജമുയി എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പട്ന, മുസാഫർപൂർ, ദർഭംഗ, വൈശാലി, സമസ്തിപൂർ, നളന്ദ എന്നിവിടങ്ങളിൽ ഗ്രീൻ അലർട്ടാണ് നൽകിയിരിക്കുന്നത്.
യുപിയിലും മധ്യപ്രദേശിലും മിന്നൽ പ്രളയ സാധ്യത
ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കിഴക്കൻ യുപിയിലെ ഫത്തേപൂർ, ജൗൻപൂർ, കൗശാംബി, ബന്ദ, ചിത്രകൂട്, മിർസാപൂർ, പ്രയാഗ്‌രാജ്, സോൻഭദ്ര, വാരണാസി എന്നിവിടങ്ങളിലാണ് പ്രധാനമായും അപകടസാധ്യതയുള്ളത്. പടിഞ്ഞാറൻ യുപിയിലെ മഹോബ, ഝാൻസി, ലളിത്പൂർ എന്നിവിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള ഇടങ്ങളിലും വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. മധ്യപ്രദേശിലെ മൈഹാർ, മൗഗഞ്ച്, പന്ന, രേവ, സത്ന, ഷാഹ്ദോൾ, സിദ്ധി, സിങ്‌രൗലി, ടികംഗഡ്, ഉമരിയ, സാഗർ, നർസിങ്പൂർ, ദാമോ, ഛിന്ദ്വാര എന്നീ ജില്ലകളിലും മിന്നൽ പ്രളയത്തിന് സാധ്യതയുണ്ട്. നർമദാപുരം, റെയ്‌സെൻ, സെഹോർ എന്നിവിടങ്ങളിലും മുന്നറിയിപ്പുണ്ട്. കനത്ത മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
രാജസ്ഥാനിലും ദക്ഷിണേന്ത്യയിലും മഴ
നീണ്ട ഇടവേളയ്ക്ക് ശേഷം രാജസ്ഥാനിലെ വിവിധ ഭാഗങ്ങളിൽ ഈ ആഴ്ച മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഭരത്പൂർ, ജയ്‌പൂർ, കോട്ട ഡിവിഷനുകളിലും ഷെഖാവതി മേഖലയുടെ ചില ഭാഗങ്ങളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. കോട്ട ഡിവിഷൻ്റെ ചില ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കാം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദക്ഷിണേന്ത്യയിലും മഴ സജീവമാകും. ആന്ധ്രാപ്രദേശ്, തെലങ്കാന, ആഭ്യന്തര കർണാടക എന്നിവിടങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ആന്ധ്രാപ്രദേശിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. തമിഴ്‌നാട് തീരത്തും സമീപ സമുദ്ര പ്രദേശങ്ങളിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
Also Read: സിനിമയെ വെല്ലുന്ന രംഗങ്ങൾ; തടാകത്തിൽ ഒളിച്ച കള്ളനെ സാഹസികമായി പിടികൂടി പൊലീസ്

