ETV Bharat / bharat

ഹിമാചലിൽ 12 ഹിമാനീ തടാകങ്ങൾ അതീവ അപകടാവസ്ഥയിൽ; മുന്നറിയിപ്പുമായി ഐഐടി

വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർധനയും മലിനീകരണവും മഞ്ഞുമലകൾ വേഗത്തിൽ ഉരുകാൻ കാരണമാകുന്നുണ്ടെന്ന് ഗവേഷകർ

IIT MANDI  DERICKS P SHUKLA  study on glacial lakes  Causes and Consequences ice Melting
Dericks P Shukla (ANI)
author img

By ANI

Published : September 2, 2026 at 11:54 AM IST

2 Min Read
Choose ETV Bharat

മണ്ഡി: ഹിമാചൽപ്രദേശിലെ മഞ്ഞുമലകൾ ഉരുകുന്നതുമായി ബന്ധപ്പെട്ട് ഐഐടി മണ്ഡി നടത്തിയ പഠനത്തിൽ ഒൻപത് മുതൽ 12 വരെ തടാകങ്ങൾ അതീവ അപകടാവസ്ഥയിലെന്ന് കണ്ടെത്തൽ. സംസ്ഥാനത്തെ 2000 ഹിമാനീ തടാകങ്ങളിൽ നടത്തിയ പഠനത്തിലാണ് ആശങ്കാജനകമായ വിവരങ്ങൾ പുറത്തുവന്നത്. വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർധനയും മലിനീകരണവും മഞ്ഞുമലകൾ വേഗത്തിൽ ഉരുകാൻ കാരണമാകുന്നുണ്ടെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

ഐഐടി മണ്ഡിയിലെ സ്കൂൾ ഓഫ് സിവിൽ ആൻഡ് എൻവയോൺമെൻ്റൽ എൻജിനിയറിങ് വിഭാഗം അസോസിയേറ്റ് പ്രൊഫസറും സ്ഥാപക ചെയർപേഴ്സണുമായ ഡെറിക്സ് പി ശുക്ലയാണ് പഠനവിവരങ്ങൾ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് വിശദീകരിച്ചത്. വിനോദസഞ്ചാര മേഖലയിലുണ്ടായ കുതിച്ചുചാട്ടം ഹിമാലയൻ മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

വാഹനങ്ങളിൽ നിന്നും മറ്റുമുള്ള പുകയും പൊടിയും മഞ്ഞുമലകളിൽ അടിഞ്ഞുകൂടുന്നുണ്ട്. ഇത് മഞ്ഞുമലകൾക്ക് മുകളിൽ കറുത്ത പാളികൾ രൂപപ്പെടാൻ കാരണമാകുന്നു. ഈ പാളികൾ സൂര്യപ്രകാശത്തിലെ ചൂട് കൂടുതലായി വലിച്ചെടുക്കുന്നതോടെ മഞ്ഞ് വേഗത്തിൽ ഉരുകുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനുപുറമെ കാലാവസ്ഥ വ്യതിയാനം പെർമാഫ്രോസ്റ്റ് ഉരുകുന്നതിനും ഭൂമിയുടെ സ്വാഭാവിക ഘടനയ്ക്ക് മാറ്റംവരുന്നതിനും കാരണമാകുന്നുണ്ട്.

പെർമാഫ്രോസ്റ്റും നേപ്പാൾ ദുരന്തവും
തുടർച്ചയായി രണ്ട് വർഷമെങ്കിലും ശരാശരി താപനില പൂജ്യം ഡിഗ്രിയിൽ താഴെ നിൽക്കുന്ന പ്രദേശങ്ങളിലാണ് പെർമാഫ്രോസ്റ്റ് അഥവാ സ്ഥിരഹിമപാളികൾ കാണപ്പെടുന്നത്. ഹിമാലയൻ മേഖലകളിൽ ഇത്തരം പാളികൾ ധാരാളമായുണ്ട്. ഇവ ഉരുകുമ്പോൾ മുകൾഭാഗത്തെ മണ്ണ് ഇളകുകയും വലിയ ഉരുൾപൊട്ടലുകൾക്ക് കാരണമാകുകയും ചെയ്യും.

ഓഗസ്റ്റ് 26ന് നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിനും ഉരുൾപൊട്ടലിനും പിന്നിൽ പെർമാഫ്രോസ്റ്റ് ഉരുകിയതാണെന്ന് ഡെറിക്സ് പി ശുക്ല ചൂണ്ടിക്കാട്ടി. 1127 പേരുടെ ജീവനാണ് നേപ്പാൾ ദുരന്തത്തിൽ നഷ്ടമായത്. ചൈനയിൽനിന്ന് നേപ്പാളിലേക്ക് ഒഴുകുന്ന ഭോട്ടെകോശി നദിയുടെ പോഷകനദിയായ ലേണ്ടെ ഖോല നദിയിലേക്ക് മഞ്ഞുമല ഇടിഞ്ഞുവീണതാണ് വലിയ ദുരന്തത്തിന് വഴിവച്ചത്.

അപകടഭീഷണിയിൽ ഹിമാചൽ
ഹിമാലയൻ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനവും തുരങ്കങ്ങളുടെ നിർമാണവും വർഷം മുഴുവൻ വിനോദസഞ്ചാരികൾ എത്തുന്നതിന് വഴിയൊരുക്കിയിട്ടുണ്ട്. ഇത് നിയന്ത്രിതമായ രീതിയിലല്ല നടക്കുന്നതെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ (എൻഡിഎംഎ) കണക്കുകൾ പ്രകാരം ഹിമാചൽപ്രദേശിലെ നാല് തടാകങ്ങളാണ് അടിയന്തര ശ്രദ്ധ അർഹിക്കുന്നത്. ഗേപൻ, വാസുകി, കഷാങ് എന്നിവയ്ക്ക് പുറമെ ബാസ്പയ്ക്ക് സമീപമുള്ള മറ്റൊരു തടാകവുമാണ് എൻഡിഎംഎയുടെ പട്ടികയിലുള്ളത്. എന്നാൽ ഐഐടി മണ്ഡി നടത്തിയ രണ്ട് വ്യത്യസ്ത സർവേകളിൽ ഒൻപത് മുതൽ 12 വരെ തടാകങ്ങൾ അതീവ അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ 10 വർഷത്തിനിടെ ഹിമാചൽപ്രദേശിലെ തടാകങ്ങളുടെ വലിപ്പത്തിൽ 30 മുതൽ 60 ശതമാനം വരെ വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഗേപൻ, യോചെ, കാളി കുണ്ഡ് എന്നീ തടാകങ്ങളാണ് പൊതുജനങ്ങൾക്ക് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നത്.

ഇവയുടെ വലിപ്പം ഓരോ വർഷവും തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുകയാണ്. വാസുകി തടാകത്തിൻ്റെ വലിപ്പത്തിലും മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെങ്കിലും കിലോമീറ്ററുകളോളം താഴേക്ക് ജനവാസ കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ അപകടസാധ്യത കുറവാണെന്നും പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഹിമാലയൻ മേഖലയിലെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്താൻ അടിയന്തര ഇടപെടലുകൾ ആവശ്യമാണെന്ന സൂചനയാണ് ഐഐടി മണ്ഡിയുടെ പഠനം നൽകുന്നത്.

Also Read: നേപ്പാളിലും ടിബറ്റിലും വെള്ളപ്പൊക്കം; പെട്ടെന്നുള്ള ദുരന്തത്തിന് പിന്നിലെ കാരണങ്ങൾ എന്തെല്ലാം?