ഹൈദരാബാദിൽ 21കാരിയായ നഴ്സിനെ പീഡിപ്പിച്ചു കൊലപ്പെടുത്തി; ബിഹാർ സ്വദേശി പിടിയിൽ
പ്രതിയായ ബിഹാർ സ്വദേശി സനാഉല്ല ഖാൻ തൊഴിൽ തേടിയാണ് നഗരത്തിലെത്തിയത്

Published : August 31, 2026 at 10:11 AM IST
ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ ഇരുപത്തൊന്നുകാരിയായ നഴ്സിനെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. പഹാഡിഷരീഫ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ സ്വദേശിയായ സനാഉല്ല ഖാനെ(40) പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ക്രൂരമായ കൊലപാതകം
കോതഗൂഡെം ജില്ലക്കാരിയായ യുവതി കഴിഞ്ഞ ഏഴുമാസമായി തുക്കുഗുഡയിലെ പ്രൈം കെയർ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. ആശുപത്രിക്ക് സമീപം ജീവനക്കാർക്കായി നിർമിച്ച പ്രത്യേക മുറിയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. പ്രതിയായ ബിഹാർ സ്വദേശി സനാഉല്ല ഖാൻ തൊഴിൽ തേടിയാണ് നഗരത്തിലെത്തിയത്. ഉപ്പലിൽ ബൈക്ക് മെക്കാനിക്കായി ജോലി ചെയ്തിരുന്ന ഇയാൾ കുറച്ചുകാലം ബിഹാറിലേക്ക് മടങ്ങിയിരുന്നു.
രണ്ടുമാസം മുൻപ് തിരിച്ചെത്തിയ പ്രതി തുക്കുഗുഡയിൽ വാടകമുറിയിൽ താമസിച്ച് മെക്കാനിക്കായി ജോലി തുടരുകയായിരുന്നു. ഭാര്യയും ഒരു മകനുമുള്ള ഇയാൾ അശ്ലീല വീഡിയോകൾക്ക് അടിമയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സമീപത്ത് താമസിക്കുന്ന നഴ്സിനെ സ്ഥിരമായി നിരീക്ഷിച്ചിരുന്ന പ്രതി പലതവണ ഇവരുടെ മുറിയിൽ കടക്കാൻ ശ്രമിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞ് യുവതി മുറിയിൽ തിരിച്ചെത്തി.
മദ്യലഹരിയിലായിരുന്ന സനാഉല്ല ഖാൻ യുവതി തനിച്ചാണെന്ന് മനസ്സിലാക്കി അർധരാത്രിയോടെ മുറിക്ക് സമീപമെത്തി. വാതിൽ അടച്ചിരുന്നതിനാൽ ജനൽവഴി അകത്തുകയറുകയായിരുന്നു. ശബ്ദം കേട്ട് ഉണർന്ന യുവതി പ്രതിയെ കണ്ട് നിലവിളിച്ചു. ഉടൻതന്നെ വായ പൊത്തിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. യുവതി ശക്തമായി ചെറുത്തുനിന്നതോടെ കഴുത്തുഞെരിച്ചു. ശ്വാസംമുട്ടി അബോധാവസ്ഥയിലായ യുവതിയെ പ്രതി ക്രൂരമായി പീഡിപ്പിച്ചു. മരിച്ചെന്ന് ഉറപ്പായതോടെ ഇയാൾ അവിടെനിന്നും കടന്നുകളയുകയായിരുന്നു.
പ്രതി പിടിയിൽ
ശനിയാഴ്ച രാവിലെ ഒൻപതിന് ഡ്യൂട്ടിക്ക് എത്താതിരുന്നതിനെ തുടർന്ന് ആശുപത്രി ജീവനക്കാർ നഴ്സിനെ ഫോണിൽ വിളിച്ചെങ്കിലും യാതൊരു പ്രതികരണവുമുണ്ടായില്ല. സമീപത്തെ മുറിയിലുള്ളവരും ബന്ധപ്പെടാൻ ശ്രമിച്ചു. തുടർന്ന് മഹേശ്വരത്ത് താമസിക്കുന്ന യുവതിയുടെ അമ്മായിയെ വിവരം അറിയിച്ചു. അമ്മായിയുടെ മകൻ പലതവണ ഫോണിൽ വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനാൽ ആശങ്കയിലായി. ഉച്ചയോടെ ആശുപത്രി ജീവനക്കാർ മുറിയിലെത്തി പരിശോധിച്ചു. വാതിൽ അടച്ചിരുന്നതിനാൽ ജനൽവഴി അകത്തുകയറിയപ്പോഴാണ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ പൊലീസിനെ വിവരമറിയിച്ചു. ശംഷാബാദ് ഡിസിപി രാജേഷ്, പഹാഡിഷരീഫ് ഇൻസ്പെക്ടർ ലക്ഷ്മിനാരായണ റെഡ്ഡി എന്നിവരും ക്ലൂസ് ടീമും സ്ഥലത്തെത്തി പരിശോധന നടത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മൃതദേഹം ഉസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി. പഹാഡിഷരീഫ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി സനാഉല്ല ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച വൈകിട്ട് ഉസ്മാനിയ ആശുപത്രി മോർച്ചറിക്ക് മുന്നിൽ മരിച്ച യുവതിയുടെ കുടുംബാംഗങ്ങളും ബിജെപി നേതാക്കളും പ്രതിഷേധിച്ചു. പ്രതിയെ തൂക്കിലേറ്റണമെന്ന് മഹേശ്വരം മണ്ഡലം ബിജെപി ഇൻചാർജ് അന്ദേല ശ്രീരാമുലു ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടർന്ന് അൽപ്പനേരം സംഘർഷാവസ്ഥയുണ്ടായി. പൊലീസ് സുരക്ഷയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകി.
മന്ത്രിയുടെ ഇടപെടൽ
നഴ്സായ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ മന്ത്രി സീതക്ക ഞായറാഴ്ച നടുക്കം രേഖപ്പെടുത്തി. സംഭവം തന്നെ വല്ലാതെ അസ്വസ്ഥയാക്കിയെന്ന് അവർ പറഞ്ഞു. പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കേസിൻ്റെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. ഡിജിപി സി വി ആനന്ദിനെ ഫോണിൽ വിളിച്ച് സമഗ്രമായ അന്വേഷണം ഉറപ്പാക്കാൻ നിർദേശം നൽകി. ഇരയുടെ കുടുംബത്തിന് വേഗത്തിൽ നീതി ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും സർക്കാരിൻ്റെ പൂർണ പിന്തുണയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
Also Read: രാഹുലിനെ പിന്തുണച്ചില്ലെങ്കിൽ മന്ത്രിസഭ വിടും; ടിവികെയ്ക്ക് കോൺഗ്രസ് മുന്നറിയിപ്പ്

