'ദളിതർക്ക് ഭക്ഷണം നൽകാൻ കഴിയില്ല'; താഴ്‌ന്ന ജാതിക്കാരനായ സൈനികൻ്റെ മരണാനന്തര ചടങ്ങിൽ തൊട്ടുകൂടായ്‌മ
20 വർഷം രാജ്യത്തെ സേവിച്ച മുൻ ഇന്ത്യൻ കരസേന സൈനികൻ്റെ മരണാനന്തര ചടങ്ങിലാണ് കർണാടകയിലെ ബാഗൽകോട്ട് ജില്ലയിൽ ജാതി വിവേചനം ഉണ്ടായിരിക്കുന്നത്.

Published : February 28, 2026 at 1:45 PM IST
ബെംഗളൂരു: കർണാടകയിലെ ചിന്നാപൂർ ഗ്രാമത്തിൽ താഴ്‌ന്ന ജാതിക്കാരനായ സൈനികൻ്റെ മരണാനന്തര ചടങ്ങിൽ തൊട്ടുകൂടായ്‌മ. താഴ്‌ന്ന ജാതിക്കാരനായ സൈനികൻ്റെ ചടങ്ങിൽ എത്തുന്ന ദളിതർക്ക് ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നിഷേധിച്ചതായി പരാതി. 20 വർഷം രാജ്യത്തെ സേവിച്ച മുൻ ഇന്ത്യൻ കരസേന സൈനികൻ്റെ മരണാനന്തര ചടങ്ങിലാണ് കർണാടകയിലെ ബാഗൽകോട്ട് ജില്ലയിൽ ജാതി വിവേചനം ഉണ്ടായിരിക്കുന്നത്.
സൈനികൻ്റെ അന്ത്യകർമങ്ങൾ നടക്കുമ്പോൾ ദളിതർക്ക് ഭക്ഷണം നൽകുന്നത് ഒഴിവാക്കാനായാണ് ഹോട്ടലുകള്‍ അടച്ചതെന്ന് ഗ്രാമവാസികള്‍ പറയുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 25 നാണ് സംഭവം നടന്നത്. ഹനുമന്തപ്പ ഹരിജൻ (55) എന്ന മുൻ സൈനികൻ്റെ ശവസംസ്‌കാര വേളയിലാണ് ദളിതരെ അപമാനിച്ചത്. ദളിതർക്ക് ഹോട്ടലുകളിൽ ഭക്ഷണം വിളമ്പാൻ കഴിയില്ലെന്നും അവരെ തൊടാൻ പാടില്ലെന്നും നിലപാടെടുക്കുകയായിരുന്നു. ഹൊലെയ സമുദായത്തിൽ നിന്നുള്ളവർക്കാണ് വിലക്കേർപ്പെടുത്തിയത്.
ശവസംസ്‌കാര ചടങ്ങുകള്‍ക്ക് വരുന്ന ആളുകളെ സേവിക്കുന്നത് ഒഴിവാക്കാൻ ചിന്നാപൂർ ഗ്രാമത്തിലെ ഉയർന്ന ജാതിക്കാർ നടത്തുന്ന എല്ലാ ഹോട്ടലുകളും കടകളും അടച്ചുപൂട്ടുകയായിരുന്നു. പട്ടികജാതി വിഭാഗത്തിൽ പെടുന്ന ഹൊലെയ സമുദായത്തിൽ പെട്ടയാളാണ് മരിച്ച ഹനുമന്തപ്പ. 20 വർഷത്തിലേറെയായി ഇന്ത്യൻ ആർമിയിൽ സേവനമനുഷ്‌ഠിച്ച ഹനുമന്തപ്പ വിരമിച്ച ശേഷം സ്വന്തം ഗ്രാമത്തിൽ താമസമാക്കിയിരുന്നു. ഫെബ്രുവരി 24 ന് അദ്ദേഹം ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചടങ്ങിനെത്തിയ സൈനിക ഉദ്യോഗസ്ഥരും മുൻ സൈനികരും ഉൾപ്പെടെയുള്ള ആളുകളെ അപമാനിക്കുന്ന തരത്തിലായിരുന്നു നടപടി. ദളിതർക്ക് ഭക്ഷണം നൽകുന്നത് ഒഴിവാക്കാൻ വേണ്ടി മാത്രമാണ് ഉടമകൾ കടകളും ഹോട്ടലുകളും അടച്ചുപൂട്ടിയതെന്നാരോപിച്ച് ദളിത് സമിതിയിലെ ചില അംഗങ്ങൾ ഡെപ്യൂട്ടി കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു.
ഇതോടെ ഇൽക്കൽ തഹസിൽദാർ അമരേഷ് പമ്മറും സാമൂഹികക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥരും ഗ്രാമം സന്ദർശിക്കുകയും ഉയർന്ന ജാതിക്കാർക്കും കട, ഹോട്ടൽ ഉടമകൾക്കും കർശന താക്കീത് നൽകുകയും ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. മാർച്ച് രണ്ടിന് ഉദ്യോഗസ്ഥരും ഗ്രാമവാസികളും തമ്മിൽ നിർണായ യോഗം നടക്കുമെന്ന് ഗ്രാമവാസികൾ അറിയിച്ചു.
ജാതി അധിഷ്‌ഠിത അതിക്രമങ്ങൾ തടയുന്നതിനുംവിവേചനങ്ങൾക്കെതിരെ സംരക്ഷണം നൽകുന്നതിനുംകുറ്റവാളികൾക്ക് കഠിനശിക്ഷ ഉറപ്പാക്കുന്നതിനും പ്രത്യേക കോടതികളിലൂടെ വിചാരണ നടത്തുന്നതിനും നിയമമുണ്ട്. ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുന്നതും ശാരീരിക പീഡനം, സാമൂഹിക ബഹിഷ്‌കരണം, ഭൂമി കൈയേറ്റം തുടങ്ങിയവ ജാമ്യമില്ലാത്ത കുറ്റങ്ങളാണ്. ഇന്ത്യൻ ഭരണഘടന ആർട്ടിക്കിള്‍ 17 പ്രകാരം തൊട്ടുകൂടായ്‌മ നിരോധിക്കുകയും കുറ്റകരമാക്കുകയും ചെയ്‌തിട്ടുണ്ട്.

