നാലാഗഡ് പൊലീസ് സ്റ്റേഷന്‍ സ്‌ഫോടനം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
ഹിമാചല്‍പ്രദേശിലെ സ്‌ഫോടനത്തില്‍ കേസെടുത്ത് പൊലീസ്. അന്വേഷണം പുരോഗമിക്കുകയാണ്. ഫോറൻസിക് റിപ്പോർട്ട് ലഭിച്ചാല്‍ കേസില്‍ കൂടുതല്‍ വ്യക്തത വരുമെന്നും അന്വേഷണ സംഘം.

Published : January 3, 2026 at 6:19 PM IST
ഷിംല: ഹിമാചല്‍പ്രദേശിലെ നാലാഗഡ് പൊലീസ് സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് പൊലീസ്. സ്ഫോടകവസ്‌തു നിയമത്തിലെയും ഭാരതീയ ന്യായ സംഹിതയിലെയും പ്രത്യേക വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്. സ്‌ഫോടനമുണ്ടായ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.
നാലാഗഡ് പൊലീസ് സ്റ്റേഷനില്‍ നടന്ന സ്‌ഫോടനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് സൂപ്രണ്ട് ബഡി വിനോദ് ധിമാൻ പറഞ്ഞു. കൂടാതെ വ്യക്തമായ തെളിവുകള്‍ ഇല്ലാതെ വിവരങ്ങള്‍ പുറത്ത് വിടില്ലെന്നും ധിമാന്‍ വ്യക്തമാക്കി. നാലാഗഡ് പൊലീസ് സ്റ്റേഷനിലെ സ്റ്റോർ റൂമിന് പിന്നിലായി (ജനുവരി 1) വ്യാഴാഴ്‌ച രാവിലെ 9.30ഓടെയാണ് സംഭവം നടന്നത്. സ്ഫോടകവസ്‌തു നിയമത്തിലെ വ്യവസ്ഥകൾക്കൊപ്പം ബിഎൻഎസിൻ്റെ 324(4), 125 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് ധിമാൻ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിപുലമായ അന്വേഷണത്തിൻ്റെ ഭാഗമായി ലോക്കൽ പൊലീസിനെയും ദേശീയ അന്വേഷണ ഏജൻസിയെയും സഹായത്തിനായി ബന്ധപ്പെട്ടുവെന്നും പൊലീസ് പറഞ്ഞു. “കേസിൻ്റെ എല്ലാ വശങ്ങളും വിശദമായി അന്വേഷിച്ച് വരികയാണ്. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ച് വരികയാണ്” ധിമാൻ പറഞ്ഞു.
അതേസമയം രണ്ട് തീവ്രവാദ സംഘടനകൾ സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ അവകാശ വാദങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. “സ്ഫോടനവുമായി പൊലീസ് സ്റ്റേഷനിലേക്ക് ഒരു ഇമെയിലോ ഭീഷണി സന്ദേശമോ ലഭിച്ചിട്ടില്ല. അതിനാൽ വസ്‌തുതകൾ പരിശോധിക്കാതെ ഒന്നും പറയാൻ കഴിയില്ലെന്നും” അദ്ദേഹം പറഞ്ഞു.
അതേസമയം ഫോറൻസിക് സംഘം സംഭവസ്ഥലത്ത് നിന്ന് സാമ്പിളുകള്‍ ശേഖരിച്ചെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും ധിമാന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം അന്വേഷണത്തിൻ്റെ നാലാഗഡ് പൊലീസ് സ്റ്റേഷനില്‍ സ്ഫോടനം നടന്ന ഭാഗം സീല്‍ ചെയ്‌തു.
സ്‌ഫോടനം നടന്നത് വ്യാഴാഴ്‌ച: ഹിമാചൽപ്രദേശിലെ സോളൻ ജില്ലയിലെ നാലാഗഡ് പൊലീസ് സ്റ്റേഷന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്‌തിരുന്നില്ല. പുതുവത്സരാഘോഷത്തിനായി ആളുകള്‍ ഒത്തുകൂടിയ സമയത്താണ് അപ്രതീക്ഷിതമായി സ്‌ഫോടനം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. സ്ഫോടനത്തിൻ്റെ ആഘാതം വളരെ ശക്തമായതിനാൽ സമീപ കെട്ടിടങ്ങളെ ഇത് സാരമായി ബാധിച്ചു. ആർമി ആശുപത്രിയുടെയും ജനാലകൾ തകര്‍ന്നു. പൊലീസ് സ്റ്റേഷന് സമീപമുള്ള ഒരു ഇടവഴിയിലാണ് സ്ഫോടനം നടന്നത്. 400 മുതൽ 500 മീറ്റർ വരെ ദൂരത്തില്‍ ഇതിൻ്റെ ശബ്‌ദം ഉണ്ടായെന്നും പൊലീസ് പറഞ്ഞു.

പ്രതികരിച്ച് എസ്‌പി: സ്ഫോടനത്തിൽ നാലാഗഡ് പൊലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥൻ്റെ (ഐഒ) ഓഫിസ്, ആർമി കാൻ്റീന്‍, സമീപത്തെ വീടുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചുവെന്ന് ധീമാന്‍ പറഞ്ഞു. സ്ഫോടനത്തിൻ്റെ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്. ആളുകൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ധിമാന്‍ അറിയിച്ചു.
നാലാഗഡ് പൊലീസ് സ്റ്റേഷൻ പ്രദേശത്ത് അടുത്തിടെ രാസവസ്‌തുക്കൾ മൂലമുള്ള സമാനമായ സ്ഫോടനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ടവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ക്രാപ്പ് ഡീലർമാർ ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് എസ്‌പി ധിമാൻ പറഞ്ഞു. ഫോറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷം സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടൽ; 14 നക്‌സലുകൾ കൊല്ലപ്പെട്ടു, തെരച്ചിൽ ഊർജിതം


