മുംബൈയിൽ കനത്ത മഴ തുടരുന്നു; റെഡ് അലെര്‍ട്ട്, സ്‌കൂളുകളും കോളജുകളും അടച്ചു
ജൂലൈ ആറ് വരെ കനത്ത മഴയും കൊടുങ്കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

By PTI
Published : July 4, 2026 at 4:56 PM IST
മുംബൈ: കാലവർഷം കനത്തതോടെ മുംബൈയും പരിസര പ്രദേശങ്ങളും വെള്ളത്തിനടിയില്‍. തുടർച്ചയായ മഴ മുംബൈയിലെ ജനജീവിതം ദുസഹമാക്കി. പകൽ സമയത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥ വകുപ്പ് മുംബൈയിൽ റെഡ് അലെർട്ട് പുറപ്പെടുവിച്ചു.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അതിശക്തമായ മഴ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് മുംബൈ മെട്രോപോളിറ്റൻ നഗരത്തിലുടെ നീളമുള്ള എല്ലാ സ്കൂളുകളിലും കോളജുകളിലും ഉച്ചകഴിഞ്ഞ് മുംബൈ നഗരസഭ അവധി പ്രഖ്യാപിച്ചു. വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) വക്താവ് പറഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുംബൈ മെട്രോപൊളിറ്റൻ മേഖലയിലും (എംഎംആർ) പൂനെ-നാസിക് ബെൽറ്റിലുമുള്ള ജനങ്ങളോട് ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും ജൂലൈ ആറ് വരെ കനത്ത മഴയും കൊടുങ്കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നാശം വിതച്ച് മഴ
കനത്ത മഴയിൽ മുംബൈയിലെ റോഡുകളും വീടുകളും തകരുകയും മരം വീണ് റോഡ്, റെയിൽ ഗതാഗതം സ്‌തംഭിക്കുകയും ചെയ്‌തു. നഗരത്തിലുടനീളം 64 മരങ്ങൾ കടപുഴകി വീണ് അപകടങ്ങൾ സംഭവിച്ചതായി നഗരസഭ അറിയിച്ചു- കിഴക്കൻ പ്രാന്തപ്രദേശങ്ങളിൽ 18 അപകടവും പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ 36 അപകടവുമാണ് സംഭവിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
വീടും മതിലും തകർന്ന എട്ട് അപകടങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ബൈക്കുളയിലെ ബനേവാഡിയിൽ ഒരു ഇരുനില കെട്ടിടം തകർന്ന് വീണ് രണ്ട് പുരുഷന്മാർക്കും ഒരു സ്ത്രീക്കും പരിക്കേറ്റു. ഇവരെ ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടേയും നില തൃപ്തികരമാണ്. ഭാണ്ഡൂപ്പിലെ സോനാപൂർ പ്രദേശത്ത്, നിർമ്മാണ സ്ഥലത്തിന് സമീപത്തെ റോഡിൻ്റെ ഒരു ഭാഗം തകർന്ന് വാഹനം കുഴിയിലേക്ക് താഴ്ന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഗതാഗതം സ്‌തംഭിച്ചു
വിക്രോളിയിലെ ട്രാക്കുകളിൽ ദൃശ്യപരത കുറവായതിനാലും വെള്ളം കെട്ടിക്കിടക്കുന്നതിനാലും സെൻട്രൽ റെയിൽവേ റൂട്ടുകളിലെ ട്രെയിൻ സർവീസുകൾ വൈകുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. "ഇതുവരെ അസാധാരണ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ട്രെയിനുകൾ കുറഞ്ഞ വേഗതയിലാണ് ഓടുന്നത്, വിക്രോളിക്ക് സമീപം ഒരു ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്," സിആർ വക്താവ് പറഞ്ഞു.
മഴയെ തുടർന്ന് അന്ധേരി, കുർള, സക്കിനാക, ചെമ്പൂർ, സാന്താക്രൂസ്, ഗോരേഗാവ്, പവായ് എന്നിവയുൾപ്പെടെ മെട്രോപോളിൻ നഗരത്തിലെ നിരവധി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയെതിനെ തുടർന്ന് പൊതുഗതാഗതം സ്തംഭിച്ചു. സ്വകാര്യ വാഹന ഉപയോക്താക്കളും ഇത് മൂലം ബുദ്ധിമുട്ടി.
ശക്തമായ വേലിയേറ്റം മൂലം പല സ്ഥലങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നതായും അടിഞ്ഞുകൂടിയ വെള്ളം നീക്കം ചെയ്യാൻ പൗര സംഘങ്ങളെ വിന്യസിച്ചതായും ബിഎംസി അറിയിച്ചു. അന്ധേരി സബ്‌വേ വാഹന ഗതാഗതത്തിനായി അടച്ചു. അതേസമയം സക്കിനാക്ക, ചാണ്ടിവാലി, വൈൽ പാർലെ എന്നിവിടങ്ങളിലെ റോഡുകൾ വെള്ളത്തിൽ മുങ്ങിയതിനാൽ വാഹന ഗതാഗതം സ്‌തംഭിച്ചു.
മുൻകരുതൽ നടപടിയായി ചെമ്പൂർ, അന്ധേരി, വിക്രോളി എന്നിവിടങ്ങളിലെ നിരവധി വെള്ളക്കെട്ടുള്ള റോഡുകൾ പൊലീസ് അടച്ചു, വെള്ളക്കെട്ട് ബാധിത പ്രദേശങ്ങൾ ഒഴിവാക്കാൻ വാഹനമോടിക്കുന്നവരോട് നിർദേശിച്ചതായി ബിഎംസി പറഞ്ഞു. വെള്ളക്കെട്ട് കാരണം ബ്രിഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് (ബെസ്റ്റ്) ആറ് റൂട്ടുകളിലേക്ക് ബസുകൾ വഴിതിരിച്ചുവിട്ടു. പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിലെ അഞ്ചെണ്ണവും കിഴക്കൻ പ്രാന്തപ്രദേശങ്ങളിലെ ഒരു റൂട്ടും ഇതിൽ ഉൾപ്പെടുന്നു.
വെസ്റ്റേൺ റെയിൽവേ ലൈനിലെ നളസൊപ്പാര, വിരാർ സ്റ്റേഷൻ എന്നിവയുടെ ട്രാക്കുകളിൽ വെള്ളം കെട്ടിനിന്നത് ട്രെയിൻ സർവീസുകളെ ബാധിച്ചു. ഈ റൂട്ടിലെ ട്രെയിനുകൾ 15 മുതൽ 20 മിനിറ്റ് വരെ വൈകി ഓടുമെന്ന് റെയിൽവേ ഭരണകൂടം അറിയിച്ചിരുന്നുവെങ്കിലും സർവീസുകൾ സ്‌തംഭിച്ചതായി യാത്രക്കാർ പരാതിപ്പെട്ടു. മെയിൻ, ഹാർബർ ലൈനുകളിലെ മറ്റ് റൂട്ടുകളിലെ ട്രെയിൻ ഗതാഗതത്തെയും ഇത് ബാധിച്ചു.
മഴ കണക്ക്
മൺസൂൺ വൈകിയാണ് എത്തിയതെങ്കിലും ഈ ആഴ്‌ച തുടക്കം മുതൽ രാജ്യത്തിൻ്റെ സാമ്പത്തിക തലസ്ഥാനത്ത് കനത്ത മഴ പെയ്യുന്നുണ്ട്. 24 മണിക്കൂറിനുള്ളിൽ നഗരത്തിലെ പല ഭാഗങ്ങളിലും 100 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ നഗരത്തിൽ ശരാശരി 28 മില്ലീമീറ്ററും, കിഴക്കൻ പ്രാന്തപ്രദേശങ്ങളിൽ 96 മില്ലീമീറ്ററും, പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ 83 മില്ലീമീറ്ററും മഴ ലഭിച്ചു. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) പങ്കിട്ട ഡാറ്റ പ്രകാരം പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളായ ബാന്ദ്രയിൽ (എച്ച് വെസ്റ്റ് വാർഡ് ഓഫീസ്) 150.6 മില്ലിമീറ്റർ മഴ ലഭിച്ചു.
സുപാരി ടാങ്ക്, ബാന്ദ്ര (146 മില്ലിമീറ്റർ), പാലി ചിമ്പായി, ബാന്ദ്ര (143.2 മില്ലിമീറ്റർ) എന്നിവിടങ്ങളിലും ഏറ്റവും കൂടുതൽ മഴ പെയ്തു. ദ്വീപ് നഗരമായ പരേലിൽ 141.8 മില്ലിമീറ്ററും മതുംഗ-ദാദറിൽ 135.2 മില്ലിമീറ്ററും ഫോർട്ടിൽ 120.8 മില്ലിമീറ്ററും വഡാലയിൽ 118.3 മില്ലിമീറ്ററും ലോവർ പരേലിൽ 118 മില്ലിമീറ്ററും മഴ പെയ്തു. കിഴക്കൻ പ്രാന്തപ്രദേശങ്ങളിലും മഴ പെയ്തു, വിക്രോളിയിൽ 143 മില്ലിമീറ്ററും, ഘാട്കോപ്പറിൽ 136.4 മില്ലിമീറ്ററും, മൻഖുർഡിൽ 134.2 മില്ലിമീറ്ററും, ചെമ്പൂരിൽ 127.6 മില്ലിമീറ്ററും, മൻഖുർഡിലെ മഹാരാഷ്ട്ര നഗറിൽ 124 മില്ലിമീറ്ററും മഴ പെയ്തു. ദ്വീപ് നഗരത്തിൽ 24 മണിക്കൂറിനുള്ളിൽ ശരാശരി 99 മില്ലീമീറ്ററും കിഴക്കൻ പ്രാന്തപ്രദേശങ്ങളിൽ 98 മില്ലീമീറ്ററും പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ 94 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി.

