ചികിത്സ വൈകി വിദ്യാർഥി മരിച്ചു; ഡോക്‌ടര്‍ക്കും ആശുപത്രിക്കും കിട്ടിയത് "മുട്ടൻപണി", ഒരു കോടി രൂപ പിഴയിട്ട് കോടതി
അടിയന്തര ചികിത്സ വൈകി, സിറ്റിസൺസ് ആശുപത്രിക്കും ഡോക്‌ടറിനും ഒരു കോടി രൂപ പിഴയ്‌ക്ക് ഉത്തരവിട്ട് ഉപഭോക്തൃ കമ്മിഷൻ

Published : September 1, 2026 at 10:39 AM IST
ഹൈദരാബാദ്: അടിയന്തര ചികിത്സ വൈകിയതിനെ തുടര്‍ന്ന് വിദ്യാർഥിയുടെ ജീവന്‍ നഷ്‌ടപ്പെട്ട സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കും ഡോക്‌ടറിനും ഹൈദരാബാദ് ഉപഭോക്തൃ കമ്മിഷൻ-1 കനത്ത പിഴ ചുമത്തി. സിറ്റിസൺസ് സ്പെഷ്യാലിറ്റി ആശുപത്രിക്കും ന്യൂറോളജിസ്റ്റ് ഡോ. അപർണ വിജയകുമാറിനുമാണ് ഉപഭോക്തൃ കമ്മിഷൻ ഒരു കോടി പിഴ ചുമത്തിയത്. മരിച്ചയാളുടെ മാതാപിതാക്കൾക്ക് ആശുപത്രിയും ഡോക്‌ടറും സംയുക്തമായി ഒരു കോടി നഷ്‌ടപരിഹാരവും, വ്യവഹാര ചെലവുകൾക്കായി 50,000 രൂപയും അധികമായി നൽകണമെന്ന് കമ്മിഷന്‍ വ്യക്തമാക്കി.
2020 ഓഗസ്റ്റ് 17 നാണ് കേസിനാസ്‌പദമായ സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ സൂര്യ പ്രതാപ് ആണ് അടിയന്തര ചികിത്സ വൈകിയതിനെ തുടര്‍ന്ന് മരണപ്പെട്ടത്. ഹൈദരാബാദ് സർവകലാശാലയിൽ (എച്ച്സിയു) ഇംഗ്ലീഷ് വിഭാഗത്തിൽ പിഎച്ച്ഡി വിദ്യാര്‍ഥിയാണ്. ഹോസ്റ്റൽ ഇടനാഴിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ സഹപാഠികൾ ആദ്യം യൂണിവേഴ്‌സിറ്റി ഹെൽത്ത് സെൻ്ററിലേക്കും പിന്നീട് ഗച്ചിബൗളിയിലെ സിറ്റിസൺസ് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കും കൊണ്ടുപോയി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രാഥമിക പരിശോധനയില്‍ അദ്ദേഹത്തിന് ബ്രെയിൻ സ്ട്രോക്ക് ഉണ്ടെന്ന് ഡോക്‌ടർമാർ കണ്ടെത്തി. രക്തം കട്ടപിടിക്കാതിരിക്കാനായി മെക്കാനിക്കൽ ത്രോംബെക്‌ടമി ശസ്ത്രക്രിയ 24 മണിക്കൂറിനുള്ളില്‍ നടത്തണമെന്ന് ഡോക്‌ടര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സൂര്യ പ്രതാപിൻ്റെ മാതാപിതാക്കളുടെ അഭാവത്തെ ചൂണ്ടിക്കാട്ടി സിറ്റിസൺസ് ഹോസ്‌പിറ്റൽസ് മാനേജ്മെൻ്റ് ശസ്ത്രക്രിയ വൈകിപ്പിച്ചു.
കൊവിഡ്-നെഗറ്റീവ് റിപ്പോർട്ട് ലഭിക്കുന്നതുവരെ ചികിത്സ നിർത്തരുതെന്ന മാർഗ നിർദേശങ്ങൾ ഉണ്ടായിരുന്നിട്ടും, സൂര്യ പ്രതാപിനെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇത് പ്രതാപിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നിര്‍ണായക സമയം പാഴാക്കി. തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തെ വെൻ്റിലേറ്ററിൽ കിടത്തി കോണ്ടിനെൻ്റല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. മസ്‌തിഷ്‌ക മരണം സംഭവിച്ചതായി ഡോക്‌ടര്‍മാര്‍ സ്ഥിരീകരിച്ചു.
പരിശോധന റിപ്പോർട്ടുകളും തെളിവുകളും പരിശോധിച്ച ശേഷം സിറ്റിസൺസ് ആശുപത്രിയും ന്യൂറോളജിസ്റ്റും ഗുരുതരമായ മെഡിക്കൽ അശ്രദ്ധയ്ക്ക് കുറ്റക്കാരാണെന്ന് ഉപഭോക്തൃ കമ്മിഷൻ വിധിച്ചു. ഏക മകനെ നഷ്‌ടപ്പെട്ട മാതാപിതാക്കൾക്ക് ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകാൻ കമ്മിഷൻ ഉത്തരവിട്ടു. വിധി വന്ന് 45 ദിവസത്തിനുള്ളിൽ ഈ തുക നൽകിയില്ലെങ്കിൽ ഒമ്പത് ശതമാനം പലിശ സഹിതം പണം നൽകേണ്ടിവരുമെന്ന് കമ്മിഷൻ മുന്നറിയിപ്പ് നൽകി.
എന്നിരുന്നാലും, മറ്റ് കക്ഷികളായ കോണ്ടിനെൻ്റൽ ഹോസ്‌പിറ്റൽ, മെഡ്‌സിസ് ലാബ്‌സ് എന്നിവയ്‌ക്കെതിരായ കേസ് തള്ളിക്കളഞ്ഞു. പ്രോസിക്യൂഷന് അവർക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ മതിയായ തെളിവുകളില്ലാത്തത് കൊണ്ട് കേസ് തള്ളിയതെന്നും ഉപഭോക്തൃ കമ്മിഷൻ വ്യക്തമാക്കി.

