ETV Bharat / bharat

കാലം അടിവരയിട്ടു, ഗാഡ്‌ഗിലായിരുന്നു ശരി! വിട പറഞ്ഞത് പശ്ചിമഘട്ടത്തിന്‍റെ കാവല്‍ക്കാരന്‍

പാരിസ്ഥിതിക സന്തുലനത്തിന് പശ്ചിമഘട്ട വനമേഖലയുടെ സംരക്ഷണവും അനിവാര്യം.

madhav gadgil  kasturi rangan  environmentalist  westernghats
Madhav Gadgil (ETV file)
author img

By ETV Bharat Kerala Team

Published : January 8, 2026 at 1:48 PM IST

5 Min Read
Choose ETV Bharat

രാജ്യത്തിന്‍റെ മുഖ്യ സാമൂഹ്യ രാഷ്‌ട്രീയ അജണ്ടകളിലേക്ക് പരിസ്ഥിതിയെക്കൂടി കൊണ്ടു വരുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ശാസ്‌ത്രജ്ഞനായിരുന്നു പ്രധാനമന്ത്രിയുടെ ശാസ്‌ത്ര ഉപദേശക കൗണ്‍സില്‍ അംഗമായിരുന്ന മാധവ് ഗാഡ്‌ഗില്‍. അധികാരികള്‍ മനപ്പൂര്‍വ്വം അവഗണിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും തന്‍റെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയും ചെയ്‌ത വ്യക്തിത്വം. പശ്ചിമഘട്ടത്തിന്‍റെ സംരക്ഷണത്തിനായി എന്തെല്ലാം ചെയ്യാനാകുമെന്ന് പഠിക്കാന്‍ 2010ല്‍ അന്നത്തെ യുപിഎ സര്‍ക്കാരിലെ പരിസ്ഥിതി മന്ത്രി ജയറാം രമേഷാണ് മാധവ് ഗാഡ്‌ഗില്‍ അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തിയത്.

ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് തുടങ്ങുന്നത് ഇങ്ങനെയാണ്- 'ഗോദാവരി, കൃഷ്‌ണ, നേത്രാവതി, കാവേരി, കുന്തി, വൈഗൈ എന്നീ മഹാനദികള്‍ക്ക് പുറമെ ഒട്ടനവധി ചെറുനദികള്‍ക്കും പുഴകള്‍ക്കും ജീവജലം നല്‍കി സംരക്ഷിക്കുന്ന പ്രകൃതിമാതാവിന്‍റെ സ്ഥാനമാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ പൈതൃകമായ പശ്ചിമഘട്ടത്തിനുള്ളത്. കാളിദാസന്‍ ഈ ഗിരി നിരകളെ ഉപമിച്ചത് കന്യകയോടാണ്. അഗസ്‌ത്യമല ശിരസായും താഴെ അണ്ണാമലയും നീലഗിരിയും ഉയര്‍ന്ന മാറിടങ്ങളായും പരന്നുരുണ്ട കാനറ, ഗോവ മലകള്‍ മനോഹരങ്ങളായ നിതംബങ്ങളായും ഉത്തരസഹ്യാദ്രി മലകളെ നീട്ടി വച്ച കാലുകളായും കാളിദാസന്‍ വര്‍ണിച്ചിട്ടുണ്ട്. ഹരിതമേലാപ്പിന്‍റെ കട്ടിയായ പച്ചപ്പട്ട് പുതച്ച് പ്രൗഢയായി വിരാജിച്ച അവളിന്ന് നിര്‍ഭാഗ്യവശാല്‍ അതിന്‍റെ കീറിപ്പറിഞ്ഞ അവശിഷ്‌ടങ്ങള്‍ ചുറ്റി നാണം മറയ്ക്കാനാകാതെ കേഴുന്ന സ്ഥിതിയിലാണ്. ദരിദ്രരുടെ വിശപ്പടക്കാനുള്ള പരാക്രമത്തെക്കാള്‍ അതിസമ്പന്നരുടെ അടക്കി നിര്‍ത്താനാകാത്ത ആര്‍ത്തിയുടെ കൂര്‍ത്ത നഖങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നത് ചരിത്രസത്യം.'

MADHAV GADGIL  KASTURI RANGAN  ENVIRONMENTALIST  WESTERNGHATS
Western Ghats. (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പശ്ചിമ ഘട്ടത്തെ പിച്ചിച്ചീന്തുന്ന അതി സമ്പന്നരുടെ ആര്‍ത്തിയുടെ കൂര്‍ത്ത നഖങ്ങളെ തുറന്നു കാട്ടിയ ഈ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ കണ്ടെത്തിയതൊക്കെ നമ്മെ അലോസരപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന യാഥാര്‍ത്ഥ്യങ്ങളായിരുന്നു. ഇനി വരുന്ന തലമുറകള്‍ക്ക് ഇവിടെ ഭയാശങ്ക കൂടാതെ ജീവിക്കാന്‍ പശ്ചിമഘട്ടം അവശേഷിക്കണമെന്ന് തിരിച്ചറിഞ്ഞ ദീര്‍ഘ ദര്‍ശിയായ മാധവ് ഗാഡ്‌ഗില്‍ പശ്ചിമ ഘട്ടത്തെ നിലനിര്‍ത്താനുള്ള ആശയങ്ങളും നിര്‍ദേശങ്ങളും മുന്നോട്ടു വെച്ചു.

സൗരോര്‍ജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കണം, വികേന്ദ്രീകൃത ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് ജൈവ മാലിന്യ സോളാര്‍ ഉറവിടങ്ങള്‍ ഉപയോഗിക്കണം, സ്വഭാവിക കാലാവധി അതിക്രമിച്ച താപനിലയങ്ങളും അണക്കെട്ടുകളും ഘട്ടം ഘട്ടമായി ഡി കമ്മീഷന്‍ ചെയ്യണം. സ്‌ഫോടക വസ്‌തുക്കള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിക്കണം, വനാവകാശ നിയമത്തിന് കീഴില്‍ ചെറുകിട-പാരമ്പര്യ ഭൂവുടമകളടെ അവകാശം അംഗീകരിക്കണം, പുതുതായി ഖനനത്തിന് അനുമതി നല്‍കരുത്. നിലവിലുള്ളവ 2016ഓടെ നിര്‍ത്തണം തുടങ്ങിയ നിരവധി നിര്‍ദ്ദേശങ്ങളാണ് പശ്ചിമഘട്ടത്തിന്‍റെ നിലനില്‍പ്പിനായി ഗാഡ്‌ഗില്‍ മുന്നോട്ട് വച്ചത്. ഒക്കെ കാര്യ കാരണ സഹിതം പഠിച്ച് സമര്‍പ്പിച്ച ശുപാര്‍ശകള്‍.

MADHAV GADGIL  KASTURI RANGAN  ENVIRONMENTALIST  WESTERNGHATS
Wayanad Landslide Area. (ETV Bharat)

ഒരു പ്രദേശത്തെ വികസന അജണ്ട നിശ്ചയിക്കേണ്ടത് അന്നാട്ടിലെ ജനങ്ങള്‍ ആണെന്നതായിരുന്നു മാധവ് ഗാഡ്‌ഗിലിന്‍റെ കാഴ്‌ചപ്പാടെന്ന് അന്ന് സമിതി അംഗമായിരുന്ന സാലിം അലി ഫൗണ്ടേഷനില്‍ നിന്നുള്ള ഡോ.വി എസ് വിജയന്‍ ഓര്‍ത്തെടുക്കുന്നു. " ഡല്‍ഹിയിലോ തിരുവനന്തപുരത്തോ നിന്നല്ല ഒരു പ്രദേശത്തിന്‍റെ വികസന അജണ്ടകള്‍ നിശ്ചയിക്കേണ്ടതെന്നും അദ്ദേഹം അര്‍ത്ഥ ശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കി. ഒരു വര്‍ഷത്തിന് ശേഷം സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ പിന്നെയും ഒരു വര്‍ഷത്തോളം അടയിരുന്നു. ഇതിനിടെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങള്‍ക്ക് സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങി. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ഒരു വീട് പോലും ഈ മേഖലയില്‍ വയ്ക്കാനാകില്ലെന്നായിരുന്നു പ്രചാരണം.

പശ്ചിമഘട്ടത്തിലെ 73ശമാനം ഇടങ്ങളും പരിസ്ഥിതി ദുര്‍ബലവും സംരക്ഷിക്കപ്പെടേണ്ടതുമാണ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍. മൂന്ന് തലങ്ങളായി ഇവയെ തിരിക്കുകയും ചെയ്‌തു. അതി തീവ്ര ജാഗ്രത വേണ്ട ഇടങ്ങള്‍, മിതമായ ജാഗ്രത വേണ്ട ഇടങ്ങള്‍, സാധാരണ ശ്രദ്ധ മാത്രം ആവശ്യമുള്ള ഇടങ്ങള്‍ ഇങ്ങനെ തിരിച്ചായിരുന്നു അദ്ദേഹം തന്‍റെ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജയറാം രമേഷിന് ശേഷം വന്ന പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനെ പാടേ തള്ളുകയും പുതിയ പഠനത്തിനായി പ്രൊഫ.കസ്‌തൂരി രംഗനെ നിയോഗിക്കുകയും ചെയ്‌തു. അദ്ദേഹമാകട്ടെ തികച്ചും കടകവിരുദ്ധമായൊരു റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. അദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ട് പ്രകാരം കേവലം 26ശതമാനം ഇടം മാത്രം സംരക്ഷിക്കപ്പെട്ടാല്‍ മതിയായിരുന്നു. ഇതായിരുന്നു അധികാരികള്‍ക്കും പ്രിയം."

എന്നും പ്രകൃതിക്ക് വേണ്ടി തുടിച്ചിരുന്നൊരു മനസായിരുന്നു ഗാഡ്‌ഗിലിന്‍റേതെന്ന് അന്‍പത് വര്‍ഷത്തോളം അദ്ദേഹവുമായി അടുത്ത് പ്രവൃത്തിച്ച അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ ഡോ. വിജയന്‍ വിലയിരുത്തുന്നു." സാധാരണക്കാരന്‍റെ അസ്തിത്വം നിലനിര്‍ത്തണമെങ്കില്‍ പ്രകൃതി സംരക്ഷിക്കപ്പെടണമെന്ന് തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. കുടിയേറ്റക്കാരെയും കയ്യേറ്റക്കാരെയും കൃത്യമായി വേര്‍തിരിച്ച് കൊണ്ട് തന്നെയായിരുന്നു ഗാഡ്‌ഗിലിന്‍റെ റിപ്പോര്‍ട്ട്. അതിരപ്പള്ളി പദ്ധതി ഒരിക്കലും നടപ്പാക്കരുതെന്ന് അദ്ദേഹം ശഠിച്ചു. അവിടുത്തെ കാടരുടെ ജീവിതം കവര്‍ന്നെടുത്ത് മാത്രമേ പദ്ധതി നടപ്പാക്കാനാകൂ എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ആശങ്ക. ഇക്കാര്യത്തില്‍ ഇടതുപാര്‍ട്ടികള്‍ കൈക്കൊണ്ട നിലപാട് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിരുന്നു."

അധികാര ഇടനാഴികളില്‍ മാധവ് ഗാഡ്‌ഗില്‍ എന്ന പേര് ശല്യക്കാരനായ പരിസ്ഥിതി വാദിയായി മുദ്ര കുത്തപ്പെട്ടു. തന്‍റെ റിപ്പോര്‍ട്ട് തെറ്റായി വ്യാഖ്യാനിച്ച് നടക്കുന്ന പ്രചാരണങ്ങള്‍ കണ്ടപ്പോഴും മറിച്ചൊന്നും പറയാതെ നിര്‍ന്നിമേഷനായി എല്ലാം കണ്ടു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രജ്ഞനെന്ന നിലയില്‍ താന്‍ പഠനത്തില്‍ കണ്ടെത്തിയ കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞതെന്നും കാലമെത്ര പോയാലും അതൊന്നും സത്യമല്ലാതായിത്തീരില്ലെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നതായി ഗാഡ്ഗിലിനൊപ്പം പ്രവൃത്തിച്ച പരിസ്ഥിതി പ്രവര്‍ത്തകനും തണല്‍ സംഘടനയുടെ തലവനുമായ ശ്രീധര്‍ രാധാകൃഷ്ണനും ഓര്‍ക്കുന്നു.

ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനെ മനസ്സിലാക്കാന്‍ ശ്രമിക്കാതെ അദ്ദേഹത്തിന്‍റെ കണ്ടെത്തലുകളേയും ശുപാര്‍ശകളേയും പരിഹസിക്കനായിരുന്നു മിക്ക രാഷ്ട്രീയ നേതാക്കളും മുതിര്‍ന്നത്. ഇതില്‍ കക്ഷി ഭേദമുണ്ടായിരുന്നില്ല. ദുരന്ത ഭൂമിയിലെ ശവംതീനിക്കഴുകന്‍ എന്നു പോലും അദ്ദേഹത്തെ വിശേഷിപ്പിച്ച ജനപ്രതിനിധികളുണ്ടായിരുന്നു. എല്ലാം കേട്ടിട്ടും പ്രതികരിക്കാതെ മഹാരാഷ്ട്രയിലെ തന്‍റെ കൊച്ചു വസതിയിലിരുന്ന് കേരളത്തിലെ ഓരോ പ്രകൃതി ദുരന്തങ്ങളും കാണുമ്പോഴും പ്രതികരണത്തിന് വിളിച്ച മാധ്യമങ്ങളോട് തനിക്ക് ഒന്നും പറയാനില്ലെന്ന് മാത്രമാണ് ആ ശാസ്ത്രജ്ഞന്‍ പ്രതികരിച്ചത്.

പാരിസ്ഥിതിക നാശത്തിന്‍റെ ഫലങ്ങള്‍ ഒരു രാജ്യത്തെ മാത്രമല്ല ബാധിക്കുന്നത് ലോകമെമ്പാടും അത് നാശമുണ്ടാക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ കാഴ്‌ചപ്പാട്. കാര്‍ബണ്‍ സാന്നിധ്യം വര്‍ദ്ധിക്കുന്നത് ആഗോള താപനിലയില്‍ മാറ്റംവരുത്തുന്നു. ഒരു രാജ്യത്തിന്‍റെ താപനിലയില്‍ അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

MADHAV GADGIL  KASTURI RANGAN  ENVIRONMENTALIST  WESTERNGHATS
Eco-sensitive zones in the Western Ghats of Kerala. (ETV Bharat)

നിലവിലെ നിയമങ്ങള്‍ മാത്രം മതി പരിസ്ഥിതിയെ സംരക്ഷിക്കാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ അത് ഫലപ്രദമായി നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ വേണ്ടത്ര ശുഷ്‌കാന്തി കാട്ടുന്നില്ല. പരിസ്ഥിതിയില്‍ മാത്രമല്ല ആദിവാസികള്‍ പോലുള്ള ദുര്‍ബല ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് മേല്‍ കൂടിയാണ് കയ്യേറ്റക്കാര്‍ കടന്ന് കയറുന്നത്. നിയമം നടപ്പാക്കേണ്ട സര്‍ക്കാരുകളും രാഷ്‌ട്രീയ പാര്‍ട്ടികളും വ്യവസായികള്‍ നിയമം ലംഘിക്കുമ്പോള്‍ അതിന് കൂട്ടുനില്‍ക്കുന്നു. വേലി തന്നെ വിളവ് തിന്നുന്ന രീതി. കുപ്രചരണങ്ങളെല്ലാം പിന്നീട് ജനങ്ങള്‍ തിരിച്ചറിഞ്ഞെങ്കിലും റിപ്പോര്‍ട്ടിലെ ഒരൊറ്റ ശുപാര്‍ശകള്‍ പോലും നടപ്പാക്കാനോ അതില്‍ തുടര്‍ ചര്‍ച്ചകളെങ്കിലും നടത്താനോ ഒരു സര്‍ക്കാരും തയാറായിട്ടില്ല.

ജൈവവൈവിധ്യം കൊണ്ട് സമ്പന്നമായ പശ്ചിമഘട്ട മലനിരകള്‍ ഹിമാലയത്തെക്കാള്‍ പഴക്കമുള്ള ഭൂവിഭാഗമാണ്. അത് ലോകപൈതൃകപദ്ധതിയുടെ ഭാഗമായി സംരക്ഷിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുമുണ്ട്. ഈ മലനിരകള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശത്തിന്‍റെ പാരിസ്ഥിതിക സന്തുലനം നിലനര്‍ത്തുന്നതിന് പശ്ചിമഘട്ട വനങ്ങളുടെ സംരക്ഷണം അനിവാര്യവുമാണെന്ന് ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയായിരുന്നു മാധവ ഗാഡ്‌ഗില്‍. അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്ക് അധികാര വര്‍ഗം വലിയ വില കല്‍പ്പിച്ചില്ല. വനരോദനങ്ങളായി അതൊടുങ്ങി.

ആ വാക്കുകള്‍ക്ക് നാം കൊടുക്കേണ്ടി വന്ന വലിയ വിലയാണ് നാം നേരിട്ട നൂറ്റാണ്ടിലെ പ്രളയവും എല്ലാക്കൊല്ലവും മുടങ്ങാതെ നമ്മുടെ മലയോര മേഖലകളില്‍ നിന്ന് വരുന്ന ഉരുള്‍പൊട്ടല്‍ വാര്‍ത്തകളുമെല്ലാം.മരണാനന്തരമെങ്കിലും ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കി അദ്ദേഹത്തിന്‍റെ പഠനങ്ങളോട് നീതി പുലര്‍ത്താന്‍ അധികാരി വര്‍ഗം തയാറാകുമോ എന്നാണ് ഇനി അറിയേണ്ടത്. മനുഷ്യരാശിയുടെ നിലനില്‍പ്പിനെ കുറിച്ച് എന്നും ആശങ്കപ്പെട്ടിരുന്ന ആ മനുഷ്യന്‍റെ ആത്മാവിനോടെങ്കിലും നാം അല്‍പ്പം നീതി കാട്ടേണ്ടതുണ്ട്.

Also Read: പരിസ്ഥിതി ശാസ്‌ത്രജ്ഞന്‍ മാധവ് ഗാഡ്‌ഗില്‍ അന്തരിച്ചു