ETV Bharat / bharat

സ്‌കേറ്റിങ്ങിനിടെ ആരോഗ്യനില വഷളായി; ചമ്പായി സോറന്‍റെ ചെറുമകന്‍ മരിച്ചു, ദുരൂഹത

ചമ്പായി സോറൻ്റെ ചെറുമകൻ വീർ സോറൻ മരിച്ചു. കുളുവിലെ സ്‌കേറ്റിങ്ങിനിടെയാണ് സംഭവം. ചമ്പായി സോറനും കുടുംബവും കുളുവിലെത്തി. ദുരൂഹത ആരോപിച്ച് കുടുംബം.

CHAMPAI SOREN  GRANDSON OF FORMER JHARKHAND CM  JHARKHAND CM  VEER SOREN DEATH
Veer Soren, Former C M Champai Soren (File- ETV Bharat)
author img

By ETV Bharat Kerala Team

Published : February 25, 2026 at 11:36 AM IST

1 Min Read
Choose ETV Bharat

റാഞ്ചി: കുളുവില്‍ സ്നോ സ്കേറ്റിങ്ങിനിടെ ആരോഗ്യനില വഷളായ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചമ്പായി സോറൻ്റെ ചെറുമകൻ വീർ സോറൻ (19) മരിച്ചു. ഇന്നലെയാണ് (ഫെബ്രുവരി 24) സംഭവം. സ്‌കേറ്റിങ്ങിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട വീര്‍ സോറനെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഹോട്ടല്‍ മുറിയില്‍ വച്ചുതന്നെ മരിക്കുകയായിരുന്നു.

വിദേശത്ത് പഠിക്കുന്ന വീര്‍ സോറന്‍ നാട്ടിലെത്തി ഫെബ്രുവരി 23നാണ് സുഹൃത്തുക്കള്‍ക്കൊപ്പം കുളുവിലേക്ക് പോയത്. തുടര്‍ന്ന് ഇന്നലെയാണ് സ്‌കേറ്റിങ്ങിനായി പുറപ്പെട്ടത്. സ്‌കേറ്റിങ് തുടങ്ങി അല്‍പ സമയത്തിനകം തന്നെ വീറിന്‍റെ ആരോഗ്യ നില വഷളാകുകയായിരുന്നു. മുറിയിലെത്തിയ വീർ സോറൻ കടുത്ത തലവേദനയുണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് സുഹൃത്തുക്കൾ ഓൺലൈനായി മരുന്ന് ഓർഡർ ചെയ്‌ത് നൽകി.

എന്നാൽ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയും വായിൽ നിന്ന് നുരയും പതയും വന്ന് മരിക്കുകയായിരുന്നെന്നും സുഹൃത്തുക്കൾ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ മണാലി പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ ശരീരത്തിൽ ബാഹ്യ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് മണാലി ഡിഎസ്‌പി കെഡി ശർമ്മ പറഞ്ഞു. 'കേസിൻ്റെ എല്ലാ വശങ്ങളും അന്വേഷിച്ച് വരികയാണ്. വിവരം കുടുംബത്തെ അറിയിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമെ മരണ കാരണം കൃത്യമായി നിർണയിക്കപ്പെടുകയുള്ളൂവെന്ന്' ഡിഎസ്‌പി പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ചമ്പായി സോറൻ തൻ്റെ ചെറുമകൻ്റെ മരണ വാർത്ത എക്‌സ് പോസ്റ്റിൽ പങ്കുവച്ചു. 'അഗാധമായ ദുഃഖത്തോടെ, ഞങ്ങളുടെ പ്രിയപ്പെട്ട ചെറുമകൻ വീർ സോറൻ ഫെബ്രുവരി 24ന് ഞങ്ങളെ വിട്ടുപോയി. ഹിമാചൽ പ്രദേശിൽ വച്ചായിരുന്നു അന്ത്യം,' പോസ്റ്റിൽ പറഞ്ഞു.

വീർ സോറൻ്റെ മരണവാർത്ത കുടുംബത്തിന് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. മരണ വിവരം അറിഞ്ഞ ചമ്പായി സോറനും കുടുംബവും കുളുവിലെത്തി. ചമ്പായി സോറൻ്റെ ഇന്ന് നടക്കാനിരുന്ന എല്ലാ ഔദ്യോഗിക പരിപാടികള്‍ മാറ്റിവച്ചാണ് യാത്ര പുറപ്പെട്ടത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം ഊർജിതമാക്കണമെന്നും കുടുംബം പറഞ്ഞു.

Also Read: 'ഗാസയെ കുറിച്ച് പരാമര്‍ശിക്കുമെന്ന് പ്രതീക്ഷ'; പ്രധാനമന്ത്രിയുടെ ഇസ്രയേൽ സന്ദർശനത്തിൽ പ്രിയങ്കാ ഗാന്ധി