അശ്ലീല ഉള്ളടക്കം; അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾ നിരോധിച്ച് സർക്കാർ
അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്‌തതില്‍ നടപടി. അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾ നിരോധിച്ചു.

Published : February 25, 2026 at 10:49 AM IST
ന്യൂഡൽഹി: അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്‌തതിന് അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾ നിരോധിച്ച് സർക്കാർ. മൂഡ്‌എക്‌സ് വിഐപി, കോയൽ പ്ലേപ്രോ, ഡിജി മൂവിപ്ലെക്‌സ്, ഫീൽ, ജുഗ്നു എന്നീ പ്ലാറ്റ് ഫോമുകളാണ് വാർത്താ വിതരണ മന്ത്രാലയം നിരോധിച്ചത്. ഗൂഗിൾ പ്ലേ സ്റ്റോറിലെ 26 വെബ്‌സൈറ്റുകളും 14 മൊബൈൽ ആപ്ലിക്കേഷനുകളും വിവിധ ഐടി നിയമങ്ങൾ പ്രകാരം പ്രവർത്തന രഹിതമാക്കാൻ ഉത്തരവിട്ടിട്ടുണ്ട്. 9 എണ്ണം ഗൂഗിൾ പ്ലേ സ്റ്റോറിലും 5 എണ്ണം ആപ്പിൾ ആപ്പ് സ്റ്റോറിലുമാണ് ലഭ്യമാവുന്നത്.
2021ലെ ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങൾ, അശ്ലീലതയ്‌ക്കെതിരായ നിയമങ്ങൾ എന്നിവ പ്രകാരം ഇന്ത്യയിൽ ഈ ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം തടയാൻ സർക്കാർ ഇൻ്റർനെറ്റ് സേവന ദാതാക്കളോട് നിർദേശിച്ചിട്ടുണ്ട്. പൊതു മാന്യത നിലനിർത്തുക, ദേശീയ താത്‌പര്യങ്ങൾ സംരക്ഷിക്കുക, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലുടെ ധാർമിക പത്രപ്രവർത്തന രീതികൾ നടപ്പിലാക്കുക എന്നിവയാണ് ഈ നിയമങ്ങൾ ലക്ഷ്യമിടുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2025 ജൂലൈയിൽ അശ്ലീലവും അസഭ്യവുമായ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിച്ചതായി ആരോപിച്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾ ബ്ലോക്ക് ചെയ്യാൻ മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഉള്ളു, എഎൽടിടി, ബിഗ് ഷോട്ട്സ് ആപ്പ്, നിയോൺഎക്‌സ് വിഐപി, ഡെസിഫ്ലിക്‌സ് തുടങ്ങിയ ആപ്പുകളാണ് നിരോധിച്ചത്. ഇൻഫർമേഷൻ ടെക്നോളജി ആക്‌ട് സെക്ഷൻ 67, 67A, ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 292, 1986ലെ സ്ത്രീകളെ മോശമായി പ്രതിനിധീകരിക്കൽ (നിരോധന) നിയമത്തിലെ സെക്ഷൻ 4 എന്നിവ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് നടപടി സ്വീകരിച്ചത്.
വിലക്ക് ഏർപ്പെടുത്തിയ ഒടിടി പ്ലാറ്റ്‌ഫോമുകൾ: കഴിഞ്ഞ വർഷം അശ്ലീല ഉള്ളടക്കങ്ങൾ പ്രദർശിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. 19 വെബ്‌സൈറ്റുകൾ, 10 ആപ്പുകൾ, 18 ഒടിടി പ്ലാറ്റ്‌ഫോമുകളുടെ 57 സോഷ്യൽ മീഡിയ ഹാൻഡിലുകൾ എന്നിവയാണ് നിരോധിച്ചത്.
ഡ്രീംസ് ഫിലിംസ്, നിയോൺ എക്‌സ് വിഐപി, മൂഡ്‌എക്‌സ്, ബെഷറാംസ്, വൂവി, മോജ്‌ഫ്ലിക്‌സ്, യെസ്‌മ, ഹണ്ടേഴ്‌സ്, ഹോട്ട് ഷോട്ട്സ് വിഐപി, ഫുഗി, അൺകട്ട് അഡ്ഡ, റാബിറ്റ്, ട്രൈ ഫ്ലിക്‌സ്, എക്‌സ്ട്രാമൂഡ്, ചിക്കൂഫ്ലിക്‌സ്, എക്‌സ് പ്രൈം, ന്യൂഫ്ലിക്‌സ്, പ്രൈം പ്ലേ എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളാണ് നിരോധിച്ചത്.
ഈ പ്ലാറ്റ്‌ഫോമുകളിൽ ആക്ഷേപകരമായ പരസ്യങ്ങളും അശ്ലീല ഉള്ളടക്കവും പ്രദർശിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന്‍റെ നടപടി. പ്രായപൂർത്തിയാകാത്തവർ കാണാൻ പാടില്ലാത്ത തരത്തിൽ ലൈംഗികത പ്രദർശിപ്പിക്കുകയും സ്‌ത്രീകളെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നതായാണ് കണ്ടെത്തൽ.
ALSO READ: നരേന്ദ്ര മോദി ഇസ്രയേലിലേക്ക്; പ്രതിരോധ മേഖലയിൽ കൂടുതൽ സഹകരണത്തിന് സാധ്യത

