ETV Bharat / bharat

​കെജ്‌രിവാളിൻ്റെ കോടതി ദൃശ്യങ്ങൾ പ്രചരിച്ച സംഭവം; മുൻകൂർ നിരീക്ഷണം സാധ്യമല്ലെന്ന് ഹൈക്കോടതിയിൽ ഗൂഗിൾ

2000-ത്തിലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് പ്രകാരം യൂട്യൂബ് വെറും ഒരു ഇടനിലക്കാരൻ മാത്രമാണെന്നും ദൃശ്യങ്ങൾ നീക്കം ചെയ്യണ്ട ബാധ്യത പ്ലാറ്റ്‌ഫോമിനല്ല അപ്‌ലോഡർക്കാണെന്നും ഗൂഗിൾ

DELHI HIGH COURT  GOOGLE LLC  YOUTUB VIDEO CONTENT  ARAVIND KEGRIWAL
ഡൽഹി ഹൈക്കോടതി (ANI)
author img

By ANI

Published : July 6, 2026 at 5:04 PM IST

2 Min Read
Choose ETV Bharat

ന്യൂഡൽഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ കോടതിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സംഭവത്തില്‍ ഡൽഹി ഹൈക്കോടതിയിൽ വിശദീകരണവുമായി ഗൂഗിൾ. തതങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലെ നിയമങ്ങൾക്ക് അനുസൃതമായി, മൂന്നാം കക്ഷികൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ സ്വമേധയാ നീക്കം ചെയ്യാൻ തങ്ങൾക്ക് സാധിക്കില്ലെന്ന് ഗൂഗിൾ കോടതിയെ അറിയിച്ചു. ഇത്തരം വീഡിയോകൾ കണ്ടെത്തി പൊലീസിന് കൈമാറേണ്ട ഉത്തരവാദിത്തം തങ്ങൾക്കില്ലെന്നും കമ്പനി വ്യക്തമാക്കി.

അരവിന്ദ് കെജ്‌രിവാളുമായി ബന്ധപ്പെട്ട ഹർജിയിൽ ഏപ്രിൽ 13-ന് നടന്ന വാദം കേൾക്കലിൻ്റെ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. ഇതുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് ഗൂഗിൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. 2000-ത്തിലെ ഇൻഫർമേഷൻ ടെക്‌നോളജി (IT) ആക്‌ട് പ്രകാരം യൂട്യൂബ് ഒരു ഇടനിലക്കാരൻ മാത്രമാണ്. അതിനാൽ ഉള്ളടക്കം നീക്കം ചെയ്യേണ്ടത് അത് പബ്ലിഷ് ചെയ്തയാളുടെയോ അപ്‌ലോഡ് ചെയ്തയാളുടെയോ ഉത്തരവാദിത്തമാണെന്ന് ഗൂഗിൾ വാദിച്ചു.

പ്രതിദിനം ദശലക്ഷക്കണക്കിന് വീഡിയോകളാണ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നത്. ഭാവിയിൽ വരാനിരിക്കുന്ന ഇത്തരം അപ്‌ലോഡുകൾ തടയുന്നതിനായി എല്ലാ വീഡിയോകളും മുൻകൂട്ടി സ്‌കാൻ ചെയ്യുന്നത് പ്രായോഗികമല്ല. സുപ്രീം കോടതിയുടെ ചരിത്രപരമായ 'ശ്രേയ സിംഗാൾ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ' കേസിലെ വിധി പ്രകാരം, ഒരു കോടതി ഉത്തരവോ അല്ലെങ്കിൽ സർക്കാരിന്റെ കൃത്യമായ വിജ്ഞാപനമോ ലഭിച്ചാൽ മാത്രമേ ഒരു ഇടനിലക്കാരന് നിയമവിരുദ്ധമായ ഉള്ളടക്കത്തെക്കുറിച്ച് ഔദ്യോഗികമായി അറിവ് ലഭിക്കൂ. ഉള്ളടക്കം നിയമവിരുദ്ധമാണോ എന്ന് സ്വതന്ത്രമായി തീരുമാനിക്കാൻ പ്ലാറ്റ്‌ഫോമുകളെ നിർബന്ധിക്കാനാവില്ല എന്നും ഗൂഗിള്‍ വാദിച്ചു.

ഹർജിയിൽ ചൂണ്ടിക്കാണിച്ച ഒമ്പത് യൂട്യൂബ് യുആർഎല്ലുകളിൽ പലതും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് മുമ്പുതന്നെ ഇന്ത്യയിൽ ബ്ലോക്ക് ചെയ്തിരുന്നു. ബാക്കിയുള്ളവ കോടതി നിർദ്ദേശപ്രകാരം നീക്കം ചെയ്തു. നിലവിൽ മറ്റ് ലിങ്കുകളൊന്നും ഹർജിക്കാരൻ ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ല.

​ഐടി ആക്ടിൻ്റെ സെക്ഷൻ 79 പ്രകാരം ഇടനിലക്കാർക്ക് ലഭിക്കുന്ന നിയമപരിരക്ഷയ്ക്ക് തങ്ങൾ അർഹരാണെന്നും, ഭാവിയിലെ അപ്‌ലോഡുകൾ നിരീക്ഷിക്കാൻ നിർബന്ധിക്കുന്ന പൊതുവായ ഉത്തരവുകൾ ഈ നിയമത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ഗൂഗിൾ തങ്ങൾക്കെതിരെയുള്ള ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ടു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

​ഡൽഹി ഹൈക്കോടതിയുടെ 2025-ലെ 'ഇലക്ട്രോണിക് എവിഡൻസ് ആൻഡ് വീഡിയോ കോൺഫറൻസിംഗ് ചട്ടങ്ങൾ' ലംഘിച്ചാണ് കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ വൈഭവ് സിംഗാണ് പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തത്. മുൻകൂർ അനുമതിയില്ലാതെ കോടതി നടപടികൾ റെക്കോർഡ് ചെയ്യുന്നതും അപ്‌ലോഡ് ചെയ്യുന്നതും ചട്ടപ്രകാരം നിരോധിതമാണ്.

​നേരത്തെ, ജസ്റ്റിസ് സ്വരണ കാന്ത ശർമ്മയുടെ മുൻപാകെ നടന്ന നടപടിക്രമങ്ങളുടെ ലിങ്കുകൾ നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് ജസ്റ്റിസ് വി കാമേശ്വര റാവു, ജസ്റ്റിസ് മൻമീത് അറോറ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തെ കേസിൽ പ്രതിയാക്കുകയും അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോഡിയ, മാധ്യമപ്രവർത്തകൻ രവീഷ് കുമാർ എന്നിവരുൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. വിഷയം ജുഡീഷ്യറിയുടെ അന്തസിനെ ബാധിക്കുന്നതാണെന്നും അതീവ ഗൗരവമുള്ളതാണെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ്മയും കോടതിയിൽ വ്യക്തമാക്കിയിരുന്നു.

Also Read:സ്റ്റാലിൻ്റെ പേര് മായ്ച്ചു; തമിഴ്‌നാട്ടിൽ ഡിഎംകെ-ടിവികെ പോര് രൂക്ഷം