സ്വർണ വെള്ളി വില ഉയരും; വെനിസ്വേലയിലെ സംഭവവികാസങ്ങൾ ആഗോള വിപണിയെ ബാധിക്കുമെന്ന് വിദഗ്‌ധർ
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ നിന്ന് വിതരണ തടസ്സങ്ങൾ ഉണ്ടായേക്കാം.

Published : January 4, 2026 at 8:52 PM IST
ന്യൂഡൽഹി: അടുത്ത ആഴ്‌ചയിൽ സ്വർണ, വെള്ളി വിലകളിൽ വലിയ ചാഞ്ചാട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്‌ധർ. അമേരിക്കൻ സേന വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെ പിടികൂടിയ പശ്ചാത്തലത്തിലാണ് ഈ വിലയിരുത്തൽ. കൂടാതെ ആഗോളതലത്തിൽ വർധിച്ച ഭൗമരാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്നതും വിപണിയിൽ അസ്ഥിരത സൃഷ്‌ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് വിദഗ്‌ധർ പറഞ്ഞു.
"വരും ആഴ്‌ചയിൽ സ്വർണ വില അസ്ഥിരമായി തുടരാൻ സാധ്യതയുണ്ട്" എന്ന് ഏഞ്ചൽ വണ്ണിലെ കാർഷികേതര കമ്മോഡിറ്റീസ് ആൻഡ് കറൻസികളുടെ ഗവേഷണ ഡിവിപി പ്രഥമേഷ് മല്യ പറഞ്ഞു. വെനിസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും മയക്കുമരുന്ന് കടത്ത് ആരോപിച്ചാണ് ശനിയാഴ്‌ച യുഎസ് സൈന്യം പിടികൂടിയത്. ഇതേത്തുടർന്ന് അസ്ഥിരമായ ഭൗമരാഷ്ട്രീയ സാഹചര്യം വിപണിയില്‍ പ്രതിഫലിക്കും. തിങ്കളാഴ്‌ചയോടെ ചരക്ക് വിപണി വ്യാപാരങ്ങളെയും ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
"ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ നിന്ന് എണ്ണ വിതരണത്തിന് തടസ്സങ്ങൾ ഉണ്ടായേക്കാം. ഈ വിതരണ തടസം ആഗോള വിപണികളെ പിടിച്ചുലച്ചേക്കും. ഇത് അസംസ്‌കൃത എണ്ണ വിലകൾ കുത്തനെ ഉയരാൻ കാരണമാകും" എന്ന് വിദഗ്‌ധര്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2025 ഡിസംബർ അവസാനത്തിൽ റെക്കോർഡ് ഉയരത്തിലെത്തിയ ശേഷം, കഴിഞ്ഞ ആഴ്‌ച സ്വർണ വില കുറയുകയായിരുന്നു. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) സ്വർണത്തിന് 4,112 രൂപ അഥവാ 2.94 ശതമാനം വില ഇടിഞ്ഞു.
10 ഗ്രാമിന് 1,40,444 രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തിയ സ്വർണം, വെള്ളിയാഴ്‌ച മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞു. അതോടെ 10 ഗ്രാമിന് 1,35,761 രൂപ രേഖപ്പെടുത്തി. "ഡിസംബർ അവസാനത്തിൽ റെക്കോർഡ് ഉയരത്തിലെത്തിയ ശേഷം 2026 ജനുവരി 2 ന് സ്വർണ വില കുറഞ്ഞു. വർഷാവസാനം, ക്രിസ്‌മസ് അവധി ദിവസങ്ങൾ എന്നിവയാണ് സ്വർണ വിലയിലെ മാറ്റത്തിന് കാരണം" എന്ന് പ്രഥമേഷ് മല്യ പറഞ്ഞു.
കഴിഞ്ഞ ആഴ്‌ചയിലെ അസ്ഥിരമായ വ്യാപാര സാഹചര്യങ്ങളും കനത്ത വിൽപന സമ്മർദവും കാരണം, സ്വർണ വില 10 ഗ്രാമിന് 1,34,000-1,40,000 രൂപ വരെയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളി വിലയിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടായി. എംസിഎക്‌സിൽ, വെള്ളി ലോഹത്തിൻ്റെ മൂല്യം ഈ ആഴ്‌ചയിൽ 3,471 രൂപ അഥവാ 1.45 ശതമാനം കുറഞ്ഞു.
കിലോഗ്രാമിന് 2,54,174 രൂപ എന്ന റെക്കോർഡ് വിലയിലെത്തിയ ശേഷം, വെള്ളിയാഴ്‌ച വെള്ളി വില 17,858 രൂപ അഥവാ 7.02 ശതമാനം ഇടിഞ്ഞ് കിലോഗ്രാമിന് 2,36,316 രൂപയിലെത്തി. കഴിഞ്ഞ ആഴ്‌ചയിൽ വെള്ളി വില 8 ശതമാനം അഥവാ 6.18 ഡോളർ കുത്തനെ ഇടിഞ്ഞു. ഔൺസിന് 82.67 യുഎസ് ഡോളറെന്ന പുതിയ റെക്കോർഡിലെത്തിയതിനു ശേഷം 14.1 ശതമാനം അഥവാ 11.65 യുഎസ് ഡോളർ ഇടിഞ്ഞ് ഔൺസിന് 71.01 യുഎസ് ഡോളറിൽ ക്ലോസ് ചെയ്‌തു.
2026 ൽ സ്വർണ വില 10 മുതൽ 60 ശതമാനം വരെ ഉയരുമെന്നും വിലയിൽ അസ്ഥിരമായ ഒരു അന്തരീക്ഷം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് സ്‌മാർട്ട് വെൽത്ത് എഐയുടെ സ്മോൾകേസ് മാനേജരും സ്ഥാപകനും ഗവേഷകനുമായ പങ്കജ് സിങ് പറഞ്ഞു.
വെള്ളി വിതരണത്തില്‍ 5-30 ശതമാനം വരെ കുറവുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിതരണത്തിലെ കുറവ് തുടരുകയാണെങ്കിൽ വിലകൾ നിലവിലെ നിലവാരത്തിൽ നിന്ന് 40 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ട്. വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ അപകടസാധ്യതകൾ സമീപകാലത്ത് വിലയിൽ കൂടുതൽ ചാഞ്ചാട്ടം ഉണ്ടാക്കിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.

