എണ്ണക്കിണറിൽ വൻ തീപിടിത്തം; ഒഴിവായത് വന്‍ ദുരന്തം, ആളപായമില്ല, നാട്ടുകാരെ ഒഴിപ്പിച്ചു
ഏകദേശം 500 തെങ്ങുകൾക്ക് കേടുപാടുകൾ സംഭവിച്ചു. സമീപത്തുള്ള ജലാശയങ്ങൾ മലിനമാകുമോ എന്ന ആശങ്ക പ്രകടിപ്പിച്ച് അധികൃതര്‍

Published : January 5, 2026 at 8:42 PM IST
|Updated : January 6, 2026 at 1:31 PM IST
അമരാവതി: ഒഎൻജിസിയുടെ നിയന്ത്രണത്തിലുള്ള എണ്ണക്കിണറിൽ വൻ തീപിടിത്തം. സംഭവത്തില്‍ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഒഎൻജിസിയുടെ കരാറുകാരനായ ഡീപ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ മോറി-5 എണ്ണ കിണറിലാണ് തീപിടിത്തമുണ്ടായത്.
ആന്ധ്രാപ്രദേശിലെ കോനസീമ ജില്ലയിലെ ഡോ. ബി.ആർ. അംബേദ്‌കര്‍ ഇരുസുമാണ്ട ഗ്രാമത്തിലാണ് സംഭവം. ഇന്ന് (ജനുവരി 05) ഉച്ചയ്ക്ക് 12.30 ഓടെയാണ് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ കോനസീമ ജില്ലാ ഭരണകൂടം നടപടിയെടുത്തു. 100 അടിയിലധികം ഉയരത്തിൽ വായുവിലേക്ക് തീ പടർന്നു. സമീപത്തുള്ള തെങ്ങുകൾ കത്തി നശിച്ചു. ചുറ്റുമുള്ള ഗ്രാമങ്ങളിൽ കനത്ത പുക പടർന്നു.
പ്രഥമിക അന്വേഷണത്തില്‍ പൈപ്പ്ലൈനിൽ നിന്ന് വാതകം ചോർന്നതിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും സംഭവത്തിൻ്റെ കാരണം കണ്ടെത്തുന്നതിനുമായി രാജമുണ്ട്രിയിൽ നിന്ന് ഒഎൻജിസിയുടെ മുതിർന്ന ഉദ്യോഗസ്ഥരും എത്തിച്ചേര്‍ന്നു.
മുൻകരുതൽ നടപടിയായി സ്ഥലത്തിൻ്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരെ അധികൃതർ ഒഴിപ്പിച്ചു. കൂടുതൽ തീപിടുത്തം ഒഴിവാക്കാൻ സമീപ ഗ്രാമങ്ങളിലെ ജനങ്ങൾ വൈദ്യുതി, സ്റ്റൗ അല്ലെങ്കിൽ മറ്റ് വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഉച്ചഭാഷിണികൾ വഴി അറിയിപ്പുകൾ നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഏകദേശം 500 തെങ്ങുകൾക്ക് കേടുപാടുകൾ സംഭവിച്ചു. സമീപത്തുള്ള ജലാശയങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമോ എന്ന ആശങ്കയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ജില്ലാ കളക്‌ടർ, പൊലീസ് സൂപ്രണ്ട്, പ്രാദേശിക എംപി എന്നിവർ സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ്.
ഇടപെട്ട് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു
ഒഎൻജിസിയുടെ നിയന്ത്രണത്തിലുള്ള എണ്ണക്കിണറിൽ വൻ തീപിടുത്തമുണ്ടായതോടെ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഇടപെട്ടു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. താമസക്കാരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനും ഗ്രാമവാസികൾക്ക് ഒരു അസൗകര്യവും നേരിടുന്നില്ലെന്ന് ഉറപ്പാക്കാനും അദ്ദേഹം അധികാരികൾക്ക് നിർദ്ദേശം നൽകി.
കോഴിക്കോട് വന്‍ തീപിടിത്തം
കോഴിക്കോട്ടും ഇന്ന് സമാന സംഭവമുണ്ടായി. കൊടുവള്ളി ദേശീയപാതയ്‌ക്ക് സമീപമുള്ള പാലക്കുറ്റിയിലെ മന്തി കടയിലാണ് തീപിടിത്തമുണ്ടായത്. കട പൂർണമായി കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്‌ടമാണ് സംഭവിച്ചിട്ടുള്ളത്. അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആളപായമില്ല. ഇന്ന് (ജനുവരി 05) രാവിലെ പത്തരയോടെയാണ് കടയിൽ അഗ്നിബാധയുണ്ടായത്. കടയിൽ നിന്ന് തീയും പുകയും ഉയരുന്നത് ആദ്യം കണ്ടത് നാട്ടുകാരാണ്. തുടർന്ന് തീയണക്കാനുള്ള ശ്രമം നടത്തിയെങ്കിലും മന്തി കടയ്‌ക്കുള്ളിൽ തീ പെട്ടെന്ന് ആളിപ്പടർന്ന് കട മുഴുവനായി കത്തുകയായിരുന്നു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഫയർ യൂണിറ്റിൻ്റെ പരിശോധനകൾക്ക് ശേഷം മാത്രമെ കൃത്യമായ വിവരം അറിയാൻ സാധിക്കുകയുള്ളൂ. കടയ്‌ക്ക് അകത്തുണ്ടായിരുന്ന ഇലക്ട്രോണിക് അടക്കമുള്ള ഉപകരണങ്ങളും സാധനസാമഗ്രികളും കത്തി നശിച്ചു.
Also Read:മകളെ ഗർഭിണിയാക്കിയ കേസിൽ അച്ഛന് വധശിക്ഷ; നെല്ലായി പോക്സോ കോടതി വിധി പ്രഖ്യാപിച്ചു

