ലോകത്തിൻ്റെ 'സാമ്പത്തിക ഞരമ്പ്' മുറിഞ്ഞു, കേരളത്തിലെ അടുക്കള ബജറ്റ് വരെ താളംതെറ്റും...!!
ഹോർമുസിലെ സ്‌തംഭനം കേരളത്തിലും, അരി മുതൽ പെട്രോളിനും ഗ്യാസിനും വരെ "തീ വില"? ഹോര്‍മുസ് കടലിടുക്ക് ഇറാൻ അടച്ചത് ആഗോളതലം മുതല്‍ കേരളം വരെ എങ്ങനെ ബാധിക്കുമെന്ന് വിദഗ്‌ധര്‍ ഇടിവി ഭാരതിനോട് പ്രതികരിക്കുന്നു...

Published : March 4, 2026 at 3:14 PM IST
ഹൈദരാബാദ്: ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അറിയിച്ചതോടെ ലോകം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഈ പാതയിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന ഏതൊരു കപ്പലും തീയിടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഇനി പാതയിലൂടെ സഞ്ചരിക്കാൻ ആരുമൊന്ന് വിറയ്‌ക്കും.
ലോകത്തിൻ്റെ സാമ്പത്തിക ഞരമ്പ് എന്നറിയപ്പെടുന്ന ഹോര്‍മുസ് കടലിടുക്ക് അടക്കുന്നത് കേവലം ഒരു അന്താരാഷ്‌ട്ര പ്രശ്‌നമല്ല, മറിച്ച് കേരളത്തിലെ ഓരോ സാധാരണക്കാരൻ്റെയും അടുക്കള ബജറ്റിനെ വരെ നേരിട്ട് ബാധിക്കുന്ന കാര്യമാണെന്ന് കേരള സർവ്വകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസറും പശ്ചിമേഷ്യൻ രാഷ്‌ട്രീയത്തിൽ ഡോക്‌ടറേറ്റ് നേടിയ ഡോ. കെ.എം. സജാദ് ഇബ്രാഹിം ഇടിവി ഭാരതിനോട് പ്രതികരിച്ചു.

ഇന്ത്യയിലേക്ക് എൽ.പി.ജി സിലിണ്ടറുകൾക്കാവശ്യമായ ഗ്യാസ് പ്രധാനമായും വരുന്നത് സൗദി അറേബ്യ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്. ഹോർമുസ് പാത തടസപ്പെട്ടാൽ ഗ്യാസ് വിതരണം കുറയുകയും സിലിണ്ടർ വില കുതിച്ചുയരുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കപ്പലുകൾ വരുന്നത് തടസപ്പെട്ടാൽ സിലിണ്ടറുകളുടെ വിതരണം വൈകും. ഇപ്പോൾ ബുക്ക് ചെയ്‌താൽ രണ്ടു ദിവസത്തിനുള്ളിൽ കിട്ടുന്ന ഗ്യാസ് സിലിണ്ടറിനായി ആഴ്‌ചകൾ കാത്തിരിക്കേണ്ടി വരും, ഒപ്പം സബ്‌സിഡി ഇല്ലാത്ത സിലിണ്ടറുകളുടെ വില കുത്തനെ കൂടും. കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നമുക്കാവശ്യമായ പച്ചക്കറികളും മറ്റ് നിത്യോപയോഗ സാധനങ്ങളും അയൽസംസ്ഥാനങ്ങളിൽ നിന്ന് ലോറികളിലാണ് എത്തുന്നത്. എണ്ണവില വർധിക്കുമ്പോൾ സ്വാഭാവികമായും ലോറി വാടക കൂടും. ഇത് പച്ചക്കറി, അരി, പഞ്ചസാര തുടങ്ങിയ എല്ലാ സാധനങ്ങളുടെയും വില വർധിപ്പിക്കുമെന്നും സജാദ് പറഞ്ഞു.

കേരളത്തിൻ്റെ സാമ്പത്തിക അടിത്തറ പ്രവാസി വരുമാനമാണ്. ഗൾഫ് രാജ്യങ്ങളിലെ വ്യാപാരം തടസപ്പെടുകയും സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയും ചെയ്‌താൽ, അത് പ്രവാസികളെ വലിയ തോതില്‍ ബാധിക്കും. നാട്ടിലെ കുടുംബങ്ങളിലേക്ക് എത്തുന്ന പണം കുറയുന്നത് വീടുകളിലെ ചെലവുകളെ നേരിട്ട് ബാധിക്കുമെന്നും കെ.എം. സജാദ് ഇബ്രാഹിം പറഞ്ഞു. പ്രവാസികളിൽ നിന്നുള്ള പണമൊഴുക്കിനെയും ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക സുസ്ഥിതിയെയും ഇത് ബാധിക്കാൻ സാധ്യതയുണ്ട്. ദുബായിലോ ഖത്തറിലോ ജോലി ചെയ്യുന്ന ഒരു മലയാളിക്ക് അവിടെ സാധനങ്ങളുടെ വില കൂടുന്നത് കാരണം നാട്ടിലേക്ക് അയക്കുന്ന പണം കുറയ്‌ക്കേണ്ടി വരും. ഇത് കേരളത്തിലെ റിയൽ എസ്റ്റേറ്റ്, സ്വർണ വിപണി, ബാങ്ക് നിക്ഷേപം എന്നിവയെ തളർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹോർമുസ് കടലിടുക്ക് അടച്ചത് ആഗോളതലത്തില്‍ തന്നെ വലിയ പ്രതിസന്ധിയിലേക്ക് വഴി വച്ചിട്ടുണ്ട്, ഏഷ്യൻ രാജ്യങ്ങളെയാണ് ഇത് പ്രധാനമായും ബാധിക്കുക. ഇറാനെ സംബന്ധിച്ചിടത്തോളം അവര്‍ ജീവൻമരണ പോരാട്ട ഘട്ടത്തിലാണ്. അവരുടെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമനേയി കൊല്ലപ്പെട്ട അത്രയും തിരിച്ചടി ഇറാന് ഇനി നേരിടാനില്ല. അതുകൊണ്ട് തന്നെ രണ്ടും കല്‍പ്പിച്ചാണ് അവര്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. അമേരിക്കയെ ഇത് സാരമായി ബാധിക്കില്ല, കാരണം അമേരിക്ക എണ്ണ വാങ്ങുന്നത് മറ്റ് രാജ്യങ്ങളില്‍ നിന്നാണെന്നും യുഎഇ ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളെ ഇത് സാരമായി ബാധിക്കുമെന്നും സജാദ് ഇടിവി ഭാരതിനോട് പറഞ്ഞു.
ലോകത്ത് ഉപയോഗിക്കുന്ന പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഏകദേശം 20 ശതമാനവും ഈ കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. ഇത് തടസപ്പെടുന്നത് ആഗോള വിപണിയിൽ എണ്ണയുടെ ലഭ്യത കുറയ്ക്കും. വിതരണം കുറയുന്നതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുയരും. ഇത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ പെട്രോൾ, ഡീസൽ വില വർധിക്കാനും അതുവഴി നിത്യോപയോഗ സാധനങ്ങളുടെ വില കൂടാനും കാരണമാകും, ഇതിൻ്റെ പ്രതിഫലനം ഇവിടെ കേരളത്തില്‍ വരെ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോളതലത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതമാണ് ഉണ്ടാകുകയെന്ന് കൊടുങ്ങല്ലൂര്‍ എംഇഎസ് അസ്‌മാബി കോളജിലെ സാമ്പത്തിക ശാസ്‌ത്ര വകുപ്പ് മേധാവിയും പശ്ചിമേഷ്യൻ രാഷ്‌ട്രീയ നിരീക്ഷകനുമായ ഡോ.സനന്ദ് സദാനന്ദ് ഇടിവി ഭാരതിനോട് പറഞ്ഞു.
"ഇറാൻ്റെയും ഒമാൻ്റെയും ഇടയിലുള്ള ഏകദേശം 33 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ലോക കച്ചവട ഇടനാഴിയാണ് ഈ ഹോര്‍മുസ് കടലിടുക്ക് എന്ന് പറയുന്നത്. ഇറാൻ ഈ കടലിടുക്ക് അടച്ചതോടെ ദൂരവ്യാപകമായ പ്രത്യാഘാതമാണ് ആഗോളതലത്തില്‍ ഉണ്ടാകുന്നത്. ഒരു മേഖലയെ മാത്രമല്ല ലോകത്തെ മൊത്തത്തില്‍ ബാധിക്കുന്നതാണ് ഇതിൻ്റെ പ്രത്യാഘാതങ്ങള്‍. പ്രധാനമായും സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണയും ഗ്യാസും കയറ്റുമതി ചെയ്യുന്നത് ഹോര്‍മുസ് വഴിയാണ്. ലോക എണ്ണ വ്യാപാരത്തില്‍ തന്നെ 20 മുതല്‍ 30 ശതമാനം വരെ കടന്നുപോകുന്നത് ഇത് വഴിയാണ്. ഈ കടലിടുക്ക് അടച്ചതോടെ ഗള്‍ഫ് മേഖലയില്‍ നിന്ന് മറ്റ് മേഖലയിലേക്കുള്ള ചരക്കുനീക്കത്തെ സാരമായി തന്നെ ബാധിക്കും. പ്രത്യേകിച്ച്, ഇത് കൂടുതല്‍ ബാധിക്കുന്നത് എണ്ണയെയാണ്. സ്വഭാവികമായും എണ്ണയില്‍ വലിയ വിലക്കയറ്റത്തിലേക്ക് ഇത് നയിക്കും. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ഗ്യാസ് കടന്നുപോകുന്നത് ഇത് വഴിയാണ്. ഗ്യാസ് കയറ്റുമതിയേയും ഇത് സാരമായി ബാധിക്കും. പ്രധാനമായിട്ടും ഖത്തര്‍ വഴിയാണ് ഗ്യാസ് വരുന്നതെന്നും ഹോര്‍മുസ് അടക്കുന്നതോടെ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ചരക്ക് നീക്കവും താറുമാറാകും" ഡോ.സനന്ദ് സദാനന്ദ് പ്രതികരിച്ചു.

ഇന്ത്യയെ സംബന്ധിച്ചും ഹോര്‍മുസ് വളരെ പ്രധാനമാണ്. 50 മുതല്‍ 60 ശതമാനം വരെ എണ്ണയെ നമ്മള്‍ ആശ്രയിക്കുന്നത് ഈ മേഖലയെയാണ്. അതുകൊണ്ട് തന്നെ ഈ മേഖലയില്‍ ഒരു നീണ്ടകാലത്തേക്ക് ഉപരോധം ഉണ്ടായാല്‍ ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടി ഉണ്ടാകും. എണ്ണയുടെ വില കുത്തനെ കൂടുമെന്നും ഇത് ചരക്കു നീക്കത്തെ സാരമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് വലിയ രീതിയിലുള്ള തൊഴില്‍ നഷ്‌ടമുണ്ടാക്കുന്നു. ഓഹരി വിപണിയില്‍ വലിയ തിരിച്ചടി നേരിടും.
നിലവില്‍ വിനിമയ നിരക്കില്‍ ഡോളറുമായി ഇന്ത്യൻ രൂപ കുത്തനെ ഇടിയുകയാണ്, ഇത് ഓഹരി വിപണിയെ തന്നെ സാരമായി ബാധിച്ചിട്ടുണ്ട്. മറുഭാഗത്ത്, ഇന്ത്യയില്‍ നിന്നും ഈ മേഖലയിലേക്കുള്ള കയറ്റുമതിയെയും ബാധിക്കും. ഇന്ത്യയുടെ മൊത്തത്തിലുള്ള കയറ്റുമതിയില്‍ 20 ശതമാനത്തോളം ആശ്രയിക്കുന്നത് ഈ ഗള്‍ഫ് രാജ്യങ്ങളെയാണ്. ഉദാഹരണത്തിനായി, ഗള്‍ഫിലെ മലയാളികള്‍ക്കായുള്ള ഇല മുതല്‍ ഭക്ഷണ സാധനങ്ങള്‍ വരെ ഈ ഹോര്‍മുസ് വഴിയാണ് ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതുകൊണ്ട് തന്നെ ഈ പാത അടച്ചാല്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി മേഖലയ്‌ക്കും സാരമായി തിരിച്ചടി ഉണ്ടാകും. ഹോർമുസ് അടയ്ക്കുന്നതോടെ കപ്പലുകൾക്ക് സുരക്ഷിതമായ മറ്റ് പാതകൾ തേടേണ്ടി വരും. ആഫ്രിക്കൻ വൻകര ചുറ്റി സഞ്ചരിക്കേണ്ടി വരുന്നത് യാത്രയിൽ 10 ദിവസം വരെ അധിക സമയം എടുക്കാൻ കാരണമാകും. ആമസോൺ പോലുള്ള പ്ലാറ്റ്‌ഫോമുകൾ വഴി നാം വാങ്ങുന്ന പല സാധനങ്ങളും വിദേശത്ത് നിന്നാണ് വരുന്നത്. ഷിപ്പിംഗ് വൈകുന്നതോടെ ഈ സാധനങ്ങളുടെ വില കൂടുകയും ഡെലിവറിക്ക് ആഴ്‌ചകളോളം കാത്തിരിക്കേണ്ടിയും വരും. ചുരുക്കത്തിൽ, ഹോർമുസ് കടലിടുക്കിലെ ഒരു ചെറിയ സ്‌തംഭനം പോലും കേരളത്തിലെ സാധാരണക്കാരന്റെ പ്രതിമാസ കുടുംബ ബജറ്റ് 20-30% വരെ വർധിപ്പിക്കാൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തിക മേഖലയെയും ഇത് കാര്യമായി സ്വാധീനിക്കും. ഒരുപാട് പേര്‍ക്ക് തൊഴില്‍ നഷ്‌ടമുണ്ടാകും, അതില്‍ ഇന്ത്യക്കാരായിരിക്കും കൂടുതലെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം നീണ്ടുപോയാല്‍ മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് പ്രവാസികളെ ഇത് ബാധിക്കും. അവരെ രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവരികയും പുനരധിവസിപ്പിക്കുകയും ചെയ്യുക എന്നത് കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ് ഉണ്ടാക്കുകയെന്നും വളരെ വേഗത്തില്‍ തന്നെ സംഘര്‍ഷം പരിഹരിക്കാൻ സാധിക്കട്ടെയെന്നും ഡോ.സനന്ദ് സദാനന്ദ് കൂട്ടിച്ചേര്‍ത്തു.
എന്താണ് ഹോർമുസ് കടലിടുക്ക്?

ലോകഭൂപടത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ഒരു സമുദ്രപാതയാണ് ഹോർമുസ് കടലിടുക്ക്. പേർഷ്യൻ ഉൾക്കടലിനെയും ഒമാൻ ഉൾക്കടലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ജലപാതയാണിത്. ഇതിൻ്റെ ഒരു വശത്ത് ഇറാനും മറു വശത്ത് യുണൈ റ്റഡ് അറബ് എമിറേറ്റ്‌സും ഒമാൻ്റെ ഭാഗമായ മുസന്ദം ഉപദ്വീപുമാണ്. ലോകത്തിലെ 'സാമ്പത്തിക ഞരമ്പ്' എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
ലോകത്ത് ഉൽപ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിൻ്റെ ഏകദേശം 20% മുതൽ 30% വരെ ഈ പാതയിലൂടെയാണ് കപ്പലുകളിൽ കൊണ്ടുപോകുന്നത്. സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈറ്റ്, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണക്കപ്പലുകൾക്ക് പുറംലോകത്തേക്ക് കടക്കാൻ ഈ ഒരൊറ്റ വഴിയേ ഉള്ളൂ. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതിക്കാരായ ഖത്തറിൽ നിന്നുള്ള കപ്പലുകളും ഈ പാതയെയാണ് ആശ്രയിക്കുന്നത്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെയും പാചകവാതകത്തിൻ്റെയും വലിയൊരു ഭാഗം വരുന്നത് ഈ കടലിടുക്ക് വഴിയാണ്. ഇവിടെ എന്തെങ്കിലും തടസ്സമുണ്ടായാൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുത്തനെ കൂടുകയും സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയും ചെയ്യുമെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.
Also Read: പ്രവാസികളുടെ ഉറക്കം കെടുത്തുന്ന അമേരിക്കൻ എയര്‍ ബേസുകള്‍... ജീവന് തന്നെ ഭീഷണി

