സിന്ദൂരശോഭയിൽ രാജ്യത്തിൻ്റെ ആത്മാഭിമാനം, ശത്രുവിൻ്റെ നെഞ്ചുപിളർത്തിയ ആ രാത്രിക്ക് ഒരാണ്ട്
ഓപ്പറേഷൻ സിന്ദൂർ ഒരു ഓർമ്മപ്പെടുത്തലാണ്. സമാധാനം ആഗ്രഹിക്കുന്ന ഈ രാജ്യം, പ്രകോപിപ്പിക്കപ്പെട്ടാൽ ചണ്ഡമാരുതനായി മാറുമെന്ന സത്യം.

Published : May 7, 2026 at 10:14 AM IST
വിനോദ സഞ്ചാരികളുടെ ചിരി മുഴങ്ങേണ്ടിയിരുന്ന ഇടങ്ങളിൽ വെടിയൊച്ചകൾ ആധിപത്യം സ്ഥാപിച്ച ആ കറുത്ത ദിനം. ഭീകരർ വിതച്ച ആ ക്രൂരതയിൽ തകർന്നുപോയത് കേവലം കുറച്ച് കുടുംബങ്ങളല്ല, മറിച്ച് രാജ്യത്തിൻ്റെ ആത്മാഭിമാനമായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ തണുത്തുറഞ്ഞ മൃതദേഹങ്ങൾക്കു മുന്നിൽ വിങ്ങിപ്പൊട്ടുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ ഓരോ ഇന്ത്യക്കാരൻ്റെയും കണ്ണുനിറയിച്ചു. അന്ന് രാജ്യം ഒരു തീരുമാനമെടുത്തു, മായ്ക്കപ്പെട്ട സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരത്തിന് തിരിച്ചടി നല്‍കണം, ഇത് അവസാനത്തെ കണ്ണീരാകണം.
പഹൽഗാമിലെ നിഷ്‌കളങ്കരായ മനുഷ്യരുടെ രക്തത്തിന് രാജ്യം നൽകിയ ആ പ്രതികാരം, കേവലം ഒരു തിരിച്ചടി മാത്രമായിരുന്നില്ല, മറിച്ച് സമാധാനത്തിനായുള്ള ഇന്ത്യയുടെ ആഗ്രഹത്തെ ബലഹീനതയായി കാണുന്നവർക്കുള്ള അന്തിമമായ താക്കീതായിരുന്നു. ഭീകരതയ്ക്കെതിരെ ഇന്ത്യ ഒരിക്കലും വഴങ്ങില്ലെന്ന ശക്തമായ മുന്നറിയിപ്പുമായി 2025 മെയ് 7-ന് പുലർച്ചെ നടത്തിയ സൈനിക നീക്കം 'ഓപ്പറേഷൻ സിന്ദൂർ' ഒരു വർഷം പിന്നിടുകയാണ്.
പഹല്‍ഗാമില്‍ ഒഴുകിയ രക്തം
2025 ഏപ്രിൽ 22-നായിരുന്നു ആ ക്രൂരത അരങ്ങേറിയത്. ജമ്മു കശ്‌മീരിലെ പഹൽഗാമിൽ ടൂറിസ്റ്റുകൾക്ക് നേരെ ഭീകരർ നടത്തിയ വെടിവെപ്പിൽ 26 പേർ കൊല്ലപ്പെട്ടു. മതം നോക്കി തരംതിരിച്ചുള്ള ആ കൊലപാതകം രാജ്യത്തെ ഞെട്ടിച്ചു. പല കുടുംബങ്ങൾക്കും അവരുടെ താങ്ങും തണലും നഷ്‌ടമായി. അനേകം സ്ത്രീകളുടെ സിന്ദൂരം മായ്ക്കപ്പെട്ട ആ കൊടും ക്രൂരതയ്ക്ക് നീതി തേടിയുള്ള കാത്തിരിപ്പിന് 88 മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യ മറുപടി നൽകി. ആ വേദനയെ ദേശീയ ദുഃഖമായി കണ്ട്, 'സിന്ദൂർ' എന്ന പേരിൽ തന്നെ ഓപ്പറേഷൻ ആരംഭിച്ചു.
ഓപ്പറേഷൻ സിന്ദൂർ: 88 മണിക്കൂർ നീണ്ട തീപ്പൊരി
മെയ് 7-ന് പുലർച്ചെ 1:44-നായിരുന്നു സൈനിക നീക്കം തുടങ്ങിയത്. ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകൾ ഒത്തൊരുമിച്ച് നടത്തിയ ഈ ത്രിതല ഓപ്പറേഷൻ പാകിസ്ഥാനിലെയും പാക് അധീന കശ്‌മീരിലെയും ഒമ്പത് ഭീകര താവളങ്ങളെയാണ് ലക്ഷ്യമിട്ടത്. ജയ്ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ, ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങിയ ഭീകരസംഘടനകളുടെ പരിശീലന ക്യാമ്പുകൾ ലക്ഷ്യമിട്ടായിരുന്ന ഇന്ത്യ തിരിച്ചടിച്ചത്.
ഏകദേശം നൂറോളം ഭീകരവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവകാശപ്പെടുന്നത്. റഫാൽ വിമാനങ്ങൾ, സ്കാൾപ് (SCALP) മിസൈലുകൾ, ബ്രഹ്മോസ് മിസൈലുകൾ എന്നിവ ഈ ദൗത്യത്തിൽ നിർണ്ണായകമായി. ലക്ഷ്യമിട്ട ഒമ്പത് ഭീകരകേന്ദ്രങ്ങളും പൂർണമായും തകർന്നു. പാകിസ്ഥാൻ്റെ ഡ്രോൺ ആക്രമണങ്ങളെ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഫലപ്രദമായി തകർക്കുകയും ചെയ്‌തു.
വെറും സൈനിക പ്രത്യാക്രമണത്തിൽ ഒതുങ്ങിയില്ല ഓപ്പറേഷൻ സിന്ദൂർ. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടിനുള്ള ശിക്ഷയായി സിന്ധു നദീജല കരാർ ഇന്ത്യ താൽക്കാലികമായി റദ്ദാക്കി. "രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല" എന്ന കർശനമായ നിലപാട് ലോകത്തിന് മുന്നിൽ ഇന്ത്യ ആവർത്തിച്ചു. പാകിസ്ഥാനുമായുള്ള വ്യാപാര ബന്ധങ്ങളും വിസ സേവനങ്ങളും ഇന്ത്യ ഉടൻ റദ്ദാക്കി നയതന്ത്രപരമായി അവരെ ഒറ്റപ്പെടുത്തി.
ഇന്ന് ഈ വാർഷിക ദിനത്തിൽ നാം ആഘോഷിക്കുന്നത് യുദ്ധവിജയത്തെയല്ല, മറിച്ച് നാം പ്രകടിപ്പിച്ച ഐക്യത്തെയാണ്. "ഇന്ത്യ ഒന്നും മറക്കില്ല, ഇന്ത്യ ആരോടും ക്ഷമിക്കില്ല" എന്ന ആ മുദ്രാവാക്യം കേവലം വാക്കുകളല്ലെന്ന് നമ്മുടെ സൈന്യം തെളിയിച്ചു. ഓപ്പറേഷൻ സിന്ദൂർ ഒരു ഓർമ്മപ്പെടുത്തലാണ്. സമാധാനം ആഗ്രഹിക്കുന്ന ഈ രാജ്യം, പ്രകോപിപ്പിക്കപ്പെട്ടാൽ ചണ്ഡമാരുതനായി മാറുമെന്ന സത്യം. അതിർത്തിയിൽ കാവൽ നിൽക്കുന്ന ഓരോ ജവാനിലും, ആ ദൗത്യത്തിൻ്റെ വീര്യമുണ്ട്. മായ്ക്കപ്പെട്ട സിന്ദൂരങ്ങളുടെ കറ പുരണ്ട ചരിത്രത്തിൽ നിന്ന്, ഒരിഞ്ചുപോലും വിട്ടുകൊടുക്കാത്ത ആത്മവീര്യവുമുണ്ട്.
One year ago, Operation Sindoor showed the world India’s strength, resolve, and unwavering commitment to national security. After the horrific terror attack in Pahalgam, India responded with courage and precision, proving that terrorism and those supporting it will face a firm… pic.twitter.com/YZ71QNEQFy
— NAVIN PAI RAIKAR (@NavinRaikar) May 7, 2026
സിന്ധു നദീജല കരാര്‍ റദ്ദാക്കിയതില്‍ വിദഗ്ധരുടെ കാഴ്ചപ്പാട്
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് 1960-ലെ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെക്കാൻ ഇന്ത്യ തീരുമാനിച്ചത്. 2025-ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെക്കുറിച്ച് വ്യക്തമായ സൂചന നൽകിയിരുന്നു. "രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല" എന്ന് പ്രഖ്യാപിച്ച അദ്ദേഹം, സിന്ധു നദീജല കരാർ ഇന്ത്യയോട്, പ്രത്യേകിച്ച് നമ്മുടെ കർഷകരോട് കാണിച്ച അനീതിയാണെന്ന് ചൂണ്ടിക്കാട്ടി. 80 ശതമാനത്തോളം വെള്ളം പാകിസ്ഥാന് നൽകുകയും ജമ്മു കശ്മീരിലെ വികസന പദ്ധതികൾക്ക് തടസ്സം നിൽക്കുകയും ചെയ്യുന്ന ഈ കരാർ ഇനി അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
മുൻ നയതന്ത്രജ്ഞനായ ദിലീപ് സിൻഹയുടെ അഭിപ്രായത്തിൽ, കരാറിനോട് തുടക്കം മുതൽ തന്നെ പാകിസ്ഥാൻ സ്വീകരിച്ചത് നിഷേധാത്മകമായ നിലപാടായിരുന്നു. ഇന്ത്യയുടെ വികസന പദ്ധതികളെ തടസ്സപ്പെടുത്താനും വൈകിപ്പിക്കാനും പാകിസ്ഥാൻ കരാറിലെ വ്യവസ്ഥകളെ ദുരുപയോഗം ചെയ്‌തു. സഹകരണത്തിൻ്റെ എല്ലാ വഴികളെയും (അതിർത്തി കടന്നുള്ള വ്യാപാരം, ബസ് സർവീസ് ഉൾപ്പെടെ) ഭീകരത പ്രോത്സാഹിപ്പിക്കാനാണ് പാകിസ്ഥാൻ ഉപയോഗിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മുൻ ജമ്മു കശ്മീർ ഡിജിപി ശേഷ് പോൾ വൈദും ഈ നീക്കത്തെ പിന്തുണച്ചു. വെള്ളം ഒരു തന്ത്രപ്രധാനമായ ആയുധമാണെന്നും ഭീകരത അവസാനിപ്പിക്കാതെ വെള്ളം ആവശ്യപ്പെടാൻ പാകിസ്ഥാന് അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ഭൂമിയിൽ രക്തം ഒഴുക്കുമ്പോൾ അവർക്ക് വെള്ളം നൽകേണ്ട ബാധ്യത ഇന്ത്യക്കില്ല എന്ന പ്രധാനമന്ത്രിയുടെ നിലപാട് ശരിയാണെന്ന് അദ്ദേഹം അടിവരയിട്ടു. കരാർ മരവിപ്പിക്കപ്പെട്ടതോടെ ജമ്മു കശ്മീരിലെ കാർഷിക, ഊർജ്ജ മേഖലകളിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പടിഞ്ഞാറൻ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയുടെ നിയന്ത്രണം ഇന്ത്യയുടെ കൈവശം വരുന്നത് മേഖലയിലെ സാമ്പത്തിക സ്ഥിരത വർധിപ്പിക്കും. നിലവിൽ ബഗ്ലിഹാർ അണക്കെട്ടിൻ്റെ ഷട്ടറുകൾ അടച്ചിട്ടിരിക്കുന്നത് ഇന്ത്യയുടെ നിശ്ചയദാർഢ്യത്തിൻ്റെ പ്രതീകമാണെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.
സൈന്യത്തെ അഭിനന്ദിച്ച് മോദി
ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ കൈവരിച്ച അസാധാരണ വിജയം നമ്മുടെ ധീരരായ സൈനികരുടെ അതുല്യമായ വീര്യത്തിൻ്റെയും ദേശസ്‌നേഹത്തിൻ്റെയും പ്രചോദനാത്മകമായ ഉദാഹരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവരുടെ അജയ്യമായ ധൈര്യത്തിലും അചഞ്ചലമായ നിശ്ചയദാർഢ്യത്തിലും കർത്തവ്യബോധത്തിലും രാജ്യത്തെ ഓരോ പൗരനും അഭിമാനം കൊള്ളുന്നു. "ഭാരതമേ, ഉന്നതമായ മനക്കരുത്തുള്ള പോരാളികളും യുദ്ധവിമാനങ്ങളും ആരുടെ സൈന്യത്തിലുണ്ടോ, അവർക്ക് തീർച്ചയായും വിജയം സുനിശ്ചിതമാണ്. ഒരു വർഷം മുമ്പ്, പഹൽഗാമിൽ നിരപരാധികളായ ഇന്ത്യക്കാരെ ആക്രമിക്കാൻ തുനിഞ്ഞവർക്ക് സമുചിതമായ മറുപടി നൽകിക്കൊണ്ട് നമ്മുടെ സായുധ സേന സമാനതകളില്ലാത്ത ധൈര്യവും കൃത്യതയും നിശ്ചയദാർഢ്യവുമാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ പ്രകടിപ്പിച്ചത്. നമ്മുടെ സേനയുടെ ആ വീര്യത്തിന് മുന്നിൽ രാജ്യം മുഴുവൻ സല്യൂട്ട് അർപ്പിക്കുന്നു" അദ്ദേഹം കുറിച്ചു.
A year ago, during #OperationSindoor, our armed forces showcased their valour and gave a firm response to those who attacked our people. Every Indian is proud of our armed forces. As a mark of respect to our forces and their success during #OperationSindoor, let us all change our… pic.twitter.com/w4A3j1bGTw
— Narendra Modi (@narendramodi) May 7, 2026
ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ ശക്തമായ പ്രതികരണത്തിൻ്റെയും ദേശീയ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിലെ വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയുടെയും പ്രതിഫലനമായിരുന്നു ഓപ്പറേഷൻ സിന്ദൂർ. നമ്മുടെ സായുധ സേനയുടെ പ്രൊഫഷണലിസവും സുസജ്ജമായ തയ്യാറെടുപ്പും ഏകോപിത കരുത്തും ഇത് എടുത്തുകാട്ടി. അതോടൊപ്പം തന്നെ, സേനകൾക്കിടയിൽ വളർന്നുവരുന്ന യോജിച്ചുള്ള പ്രവർത്തനശൈലിയും പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തത ദേശീയ സുരക്ഷയ്ക്ക് നൽകിയ കരുത്തും ഈ ദൗത്യം അടിവരയിടുന്നു. ഇന്ന്, ഒരു വർഷത്തിന് ശേഷവും, ഭീകരവാദത്തെ പരാജയപ്പെടുത്തുന്നതിനും അതിനെ സഹായിക്കുന്ന ആവാസവ്യവസ്ഥയെ തകർക്കുന്നതിനുമുള്ള നമ്മുടെ നിശ്ചയദാർഢ്യത്തിൽ നാം മുമ്പത്തേക്കാളും ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓപ്പറേഷൻ സിന്ദൂർ; കേന്ദ്രത്തിൻ്റെ പിഴവുകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്
ഓപ്പറേഷൻ സിന്ദൂറിൻ്റെ ഒന്നാം വാർഷികം ആഘോഷിക്കുകയും നമ്മുടെ സായുധ സേനയുടെ നേട്ടങ്ങളെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്ന ഈ വേളയിൽ, ഈ ദൗത്യവുമായി ബന്ധപ്പെട്ട ചില പ്രധാന സംഭവവികാസങ്ങൾ സ്മരിക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് കോണ്‍ഗ്രസ്. ഓപ്പറേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിൻ്റെ ഭാഗത്തുണ്ടായ വീഴ്‌ചകള്‍ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് രംഗത്തെത്തിയത്. പ്രധാന ആരോപണങ്ങള്‍ താഴെ പറയുന്നു.
അപ്രതീക്ഷിതമായ വെടിനിർത്തൽ പ്രഖ്യാപനം
2025 മെയ് 10-ന് വൈകുന്നേരം 5:37-ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആണ് ഓപ്പറേഷൻ സിന്ദൂർ അപ്രതീക്ഷിതമായി നിർത്തിവെച്ചുകൊണ്ടുള്ള ആദ്യ വെടിനിർത്തൽ പ്രഖ്യാപനം നടത്തിയത്. പ്രസിഡൻ്റ് ട്രംപിൻ്റെ ഇടപെടൽ മൂലമാണ് ഇത് സാധ്യമായതെന്ന് അദ്ദേഹം അവകാശപ്പെട്ടു. തുടർന്ന് വിവിധ രാജ്യങ്ങളിൽ വെച്ച് നൂറിലധികം തവണ യു.എസ് പ്രസിഡൻ്റ് ഈ അവകാശവാദം ആവർത്തിച്ചെങ്കിലും, അദ്ദേഹത്തിൻ്റെ അടുത്ത സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കൽ പോലും ഇത് നിഷേധിച്ചില്ല എന്നത് ശ്രദ്ധേയമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
आज हम ऑपरेशन सिंदूर के लॉन्च की पहली वर्षगांठ मना रहे हैं और अपने सशस्त्र बलों की उपलब्धियों को सलाम कर रहे हैं, ऐसे में निम्नलिखित बातों को याद करना जरूरी है:
— Jairam Ramesh (@Jairam_Ramesh) May 7, 2026
1. ऑपरेशन सिंदूर को अप्रत्याशित रूप से रोकने वाले युद्धविराम की पहली घोषणा 10 मई 2025 को शाम 5:37 बजे अमेरिकी विदेश… pic.twitter.com/HJoUA9QvFF
തന്ത്രപരമായ പിഴവുകളും തിരുത്തലുകളും
2025 മെയ് 30-ന് സിംഗപ്പൂരിൽ വെച്ച് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ നടത്തിയ പ്രസ്താവന സുപ്രധാനമാണ്. തുടക്കത്തിൽ ചില തന്ത്രപരമായ പിഴവുകൾ കാരണം ഇന്ത്യക്ക് ചില നഷ്ടങ്ങൾ നേരിടേണ്ടി വന്നുവെന്നും, എന്നാൽ കൃത്യമായ വിലയിരുത്തലുകൾക്കും മെച്ചപ്പെടുത്തലുകൾക്കും ശേഷം പാകിസ്ഥാനുള്ളിൽ കടന്നുചെന്ന് പ്രഹരം ഏൽപ്പിക്കാൻ ഇന്ത്യക്ക് സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കിയെന്നും കോണ്‍ഗ്രസ് പറയുന്നു.
രാഷ്ട്രീയ പരിമിതികളെക്കുറിച്ചുള്ള വെളിപ്പെടുത്തൽ
2025 ജൂൺ 10-ന് ജക്കാർത്തയിൽ നടന്ന സെമിനാറിൽ, ഇന്തോനേഷ്യയിലെ ഇന്ത്യൻ എംബസിയിലെ ഡിഫൻസ് അറ്റാഷെ ഒരു സുപ്രധാന കാര്യം സമ്മതിക്കുകയുണ്ടായി. രാഷ്ട്രീയ നേതൃത്വം നിശ്ചയിച്ച അതിർവരമ്പുകൾ കാരണമാണ് 2025 മെയ് 7-ന് ഇന്ത്യക്ക് സ്വന്തം വിമാനങ്ങൾ നഷ്ടപ്പെടേണ്ടി വന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചുവെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
ചൈനയുടെ പങ്കും സർക്കാരിൻ്റെ നിലപാടും
ഓപ്പറേഷൻ സിന്ദൂറിനുള്ള പാകിസ്ഥാന്റെ മറുപടിയിൽ ചൈന വഹിച്ച ഗുരുതരമായ പങ്കിനെക്കുറിച്ച് 2025 ജൂലൈ 4-ന് ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ രാഹുൽ സിംഗ് തുറന്നുപറഞ്ഞു. നിർണ്ണായകമായ യുദ്ധസാമഗ്രികൾക്ക് പുറമെ, സാറ്റലൈറ്റ് ചിത്രങ്ങളും തത്സമയ ടാർഗെറ്റിംഗ് പിന്തുണയും ചൈന പാകിസ്ഥാന് നൽകി. എന്നിരുന്നാലും, ലഡാക്കിലെ പട്രോളിംഗ് അവകാശങ്ങൾ നഷ്ടപ്പെട്ടതും റെക്കോർഡ് ഇറക്കുമതിയും എഫ്ഡിഐ (FDI) നിയമങ്ങളിലെ ഇളവുകളും ഉൾപ്പെടെ ചൈനയോടുള്ള മോദി സർക്കാരിന്റെ സന്തുലിത സമീപനം മാറ്റമില്ലാതെ തുടരുന്നു.
നയതന്ത്ര വെല്ലുവിളികൾ
ഇന്ത്യയുടെ വിപുലമായ നയതന്ത്ര നീക്കങ്ങൾക്കിടയിലും, 2008-ലെ മുംബൈ ആക്രമണത്തിന് ശേഷമുണ്ടായതുപോലെ പാകിസ്ഥാനെ ഒറ്റപ്പെടുത്താൻ പൂർണ്ണമായി സാധിച്ചില്ല. നേരെമറിച്ച്, 2025 ജൂൺ മുതൽ പാകിസ്ഥാൻ ആർമി ചീഫ് ഫീൽഡ് മാർഷൽ ആസിം മുനീറിനെ പ്രസിഡൻ്റ് ട്രംപ് ഊഷ്മളമായി സ്വീകരിക്കുന്ന കാഴ്ചയാണ് കണ്ടത്. കൂടാതെ, അതിർത്തി കടന്നുള്ള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാനെ യു.എസ് സൈനിക നേതൃത്വം പ്രശംസിക്കുകയുമുണ്ടായി.
ചരിത്രപരമായ ഒരു ഓർമ്മപ്പെടുത്തൽ
1999 ജൂലൈയിൽ കാർഗിൽ യുദ്ധം അവസാനിച്ചതിന് തൊട്ടുപിന്നാലെ, അന്നത്തെ വാജ്‌പേയി സർക്കാർ സംഭവവികാസങ്ങൾ അന്വേഷിക്കാനും ഭാവിയിലേക്കുള്ള നിർദ്ദേശങ്ങൾ നൽകാനുമായി കെ. സുബ്രഹ്മണ്യത്തിൻ്റെ (നിലവിലെ വിദേശകാര്യ മന്ത്രിയുടെ പിതാവ്) അധ്യക്ഷതയിൽ നാലംഗ കാർഗിൽ റിവ്യൂ കമ്മിറ്റി രൂപീകരിച്ചിരുന്നു. 'ഫ്രം സര്‍പ്രൈസ് ടു റെക്കനിങ്' എന്ന പേരിൽ 2000 ജനുവരി 7-ന് സമർപ്പിച്ച ഈ റിപ്പോർട്ട് ഫെബ്രുവരി 23-ന് പാർലമെന്റിൽ അവതരിപ്പിക്കുകയുണ്ടായി. അത്തരമൊരു സുതാര്യമായ പുനപരിശോധന ഇപ്പോഴത്തെ സാഹചര്യത്തിലും പ്രസക്തമാണ്.

