സൈബർ തട്ടിപ്പ് പണം ഭീകര പ്രവർത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു; മ്യൂൾ അക്കൗണ്ടുകൾ കണ്ടുകെട്ടി, കശ്‌മീരിൽ വിപിഎൻ നിരോധനം
സുരക്ഷാ ആശങ്കകളും ക്രമസമാധനവും മുൻനിർത്തിയാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. താഴ്‌വരയിലെ പല പ്രദേശങ്ങളിലും കൗണ്ടർ-ഇൻ്റലിജൻസ് സൈബർ ഭീകര സംഘടനകളെ കണ്ടെത്തുന്നതിനായി റെയിഡ് നടത്തി വരികയാണന്നും പൊലീസ് വ്യക്തമാക്കി.

Published : January 7, 2026 at 3:43 PM IST
ശ്രീനഗർ: സൈബർ തട്ടിപ്പിലൂടെയുള്ള പണം ഭീകര പ്രവർത്തനങ്ങള്‍ക്കുപയോഗിക്കുന്നതായി കണ്ടെത്തൽ. തീവ്രവാദ ഫണ്ടിങുമായി ബന്ധപ്പെട്ട മ്യൂൾ അക്കൗണ്ടുകൾ (അനധികൃതമായി പണം തട്ടിയെടുക്കാൻ തട്ടിപ്പ് സംഘം ഉപയോഗിക്കുന്ന ബാങ്ക് ആകൗണ്ട്) കണ്ടെത്തി ജമ്മു കശ്‌മീർ പൊലീസ്. സൈബർ തട്ടിപ്പ്, ഭീകര സംഘടനകൾ എന്നിവയ്‌ക്കെതിരെ ജമ്മു കശ്‌മീർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മ്യൂൾ അക്കൗണ്ടുകൾ കണ്ടുകെട്ടിയത്.
സുരക്ഷാ ആശങ്കകളും ക്രമസമാധനവും മുൻനിർത്തിയാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. താഴ്‌വരയിലെ പല പ്രദേശങ്ങളിലും കൗണ്ടർ-ഇൻ്റലിജൻസ് സൈബർ ഭീകര സംഘടനകളെ കണ്ടെത്തുന്നതിനായി റെയിഡ് നടത്തി വരികയാണന്നും പൊലീസ് വ്യക്തമാക്കി.
പല പ്രദേശങ്ങളിലായി നടത്തിയ റെയ്‌ഡിൽ സൈബർ തട്ടിപ്പുകളും തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട മ്യൂൾ അക്കൗണ്ടുകൾ വ്യാപകമായി കണ്ടെത്തിയിട്ടുണ്ട്."ഭീകര ഫണ്ടിങുമായും സൈബർ തട്ടിപ്പുമായും ബന്ധപ്പെട്ട മ്യൂൾ അക്കൗണ്ടുകൾ കണ്ടുപിടിക്കാനാണ് അന്വേഷണം ഊർജിതമാക്കിയത്. നിയമവിരുദ്ധമായി പണം കൈമാറുന്ന ആളുകളെ തിരിച്ചറിയാൻ വേണ്ടിയാണ് റെയ്‌ഡ് നടത്തുന്നത്" - അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
റെയ്‌ഡുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. സുരക്ഷാ ആശങ്കകളും പൊതു ക്രമസമാധാനവും ചൂണ്ടിക്കാട്ടി താഴ്‌വരയിലുടനീളം വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകളുടെ (വിപിഎൻ) ഉപയോഗം നിരോധിക്കും. കൂടാതെ വെർച്വലായും അല്ലാതെയും പൊലീസിൻ്റെ സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ വർഷം വിപിഎൻ നിരോധനം ഏർപ്പെടുത്തിയ ജമ്മു കശ്‌മീരിലെ ചില ജില്ലകളിൽ നിയമലംഘനം നടത്തിയവർക്കെതിരെ നടപടി എടുത്തതായി പൊലീസ് പറഞ്ഞു. ജനുവരി രണ്ടിന് കശ്‌മീരിൽ നിരോധനം ഏർപ്പെടുത്തിയതിന് ശേഷം 140ലധികം പേരാണ് നിയമം ലംഘനം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയത്.
പുൽവാമ ജില്ലയിൽ മാത്രം 100ലധികം പേരാണ് നിരോധന നിയമം ലംഘിച്ചത്. കുൽഗാമിലും പുൽവാമയിലും വിപിഎന്നുകളുടെ ഉപയോഗത്തിൽ നിരോധന ഉത്തരവ് പാലിക്കത്തതിൽ 49 പേർക്കെതിരെ നടപടിടെയുത്തതായും പൊലീസ് പറഞ്ഞു.
സുരക്ഷാ ആശങ്കകളും ക്രമസമാധാനവും ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥർ വിപിഎന്നുകളുടെ ഉപയോഗം നിരോധിച്ചത്. ഇത് ജനങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ പൊലീസ് പരിശോധിക്കുകയും നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുകയും ചെയ്‌തു. അതേസമയം പൊലീസിൻ്റെ നടപടി ടെക്കികളെ സാരമായി ബാധിച്ചിട്ടുണ്ടെന്നും പരാതിയുണ്ട്.
വിപിഎൻ ഉപയോഗം
വിപിഎൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്) ഉപയോഗിക്കുന്നത് ഇൻ്റർനെറ്റ് കണക്ഷൻ എൻക്രിപ്റ്റ് ചെയ്യാനും, ഐപി അഡ്രസ് മറയ്ക്കാനും, ഓൺലൈൻ പ്രവർത്തനങ്ങൾ സ്വകാര്യമായി സൂക്ഷിക്കാനും സഹായിക്കുന്നു. സുരക്ഷിതമല്ലാത്ത പബ്ലിക് വൈഫൈകളിൽ ഡാറ്റാ ചോർച്ച തടയാനും വിപിഎൻ ഉപയോഗിക്കാറുണ്ട്.
നിയന്ത്രണങ്ങളുള്ള ഉള്ളടക്കങ്ങൾ ആക്‌സസ് ചെയ്യാനും (ജിയോബ്ലോക്കിങ്), ഇൻ്റർനെറ്റ് സേവന ദാതാക്കളുടെ വേഗത നിയന്ത്രണം ഒഴിവാക്കാനും സഹായിക്കുന്നു. സ്വകാര്യതയ്ക്കും ഓൺലൈൻ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള വിപിഎൻ ഉപയോഗം വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് വലിയ സുരക്ഷാ വീഴ്‌ചയ്‌ക്ക് കാരണമാകാറുണ്ട്.

