ETV Bharat / bharat

'നായയ്‌ക്ക് മത്സ്യത്തിൻ്റെ തൊലി'... ഫിഷ്‌ സ്‌കിൻ ഗ്രാഫ്റ്റിംഗിലൂടെ അണുബാധ നീക്കി നൂതന ചികിത്സ

ഗുരുതരമായ അണുബാധ മൂലം 50 ശതമാനത്തോളം ചർമ്മത്തിന് കേടുപാടുകൾ സംഭവിച്ച ഒരു വളർത്തു നായയ്‌ക്കാണ് ഫിഷ് സ്‌കിൻ ഗ്രാഫ്റ്റിംഗ് ഉപയോഗിച്ച് വിജയകരമായി ചികിത്സ നൽകിയത്.

DOG SKIN TREATMENT  FISH SKIN GRAFTING IN DOG  FISH SKIN GRAFTING IN HYDERABAD  DOG FISH SKIN GRAFTING
Dog Successfully Treated with Fish Skin Grafting in Hyderabad (ETV Bharat)
author img

By ETV Bharat Kerala Team

Published : January 11, 2026 at 5:14 PM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: നൂതന ഫിഷ് സ്‌കിൻ ഗ്രാഫ്റ്റിംഗ് ചികിത്സയിലൂടെ വളർത്തുനായയ്ക്ക്‌ പുതുജീവൻ. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ പെറ്റ്സ് കെയർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് ഈ ചികിത്സാരീതിയെ ഉപയോഗപ്പെടുത്തിയത്. ഗുരുതരമായ അണുബാധ മൂലം 50 ശതമാനത്തോളം ചർമ്മത്തിന് കേടുപാടുകൾ സംഭവിച്ച ഒരു വളർത്തു നായയ്‌ക്കാണ് ഫിഷ് സ്‌കിൻ ഗ്രാഫ്റ്റിംഗ് ഉപയോഗിച്ച് വിജയകരമായി ചികിത്സ നൽകിയത്.

ബോഡുപ്പൽ നിവാസിയുടെ നായ ഗുരുതരമായ ചർമ്മ അണുബാധയെത്തുടർന്ന് അവശനിലയിൽ കഴിയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നായയുടെ ഉടമ പെറ്റ്സ് കെയർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയെ സമീപിക്കുന്നത് എന്ന് ആശുപത്രിയുടെ സ്ഥാപകനും ചീഫ് വെറ്ററിനറി ഡോക്‌ടറുമായ വെങ്കട്ട് യാഥവ് പറയുന്നു.

ആശുപത്രിയുടെ പരമ്പരാഗതമായ വെറ്റിനറി നടപടിക്രമങ്ങൾക്ക് പകരം ഒരു നൂതന പുനരുജ്ജീവന ചികിത്സാ രീതി സ്വീകരിക്കാൻ മെഡിക്കൽ സംഘം തീരുമാനിച്ചു. നായയുടെ ശരീരത്തിലെ അണുബാധ ബാധിച്ച ഭാഗങ്ങളിൽ മത്സ്യത്തിൻ്റെ തൊലി തുന്നിച്ചേർത്തു. ഈ നൂതന രീതിയിലൂടെ നായ അനുഭവിക്കുന്ന വേദന കുറയ്‌ക്കാനും അണുബാധ തടയാനും സഹായിച്ചതായി ഡോ. വെങ്കട്ട് യാദവ് പറഞ്ഞു.

ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു.

"മത്സ്യത്തിൻ്റെ തോൽ തുന്നിച്ചേർക്കുന്നതോടെ ഇതൊരു ചർമ്മമായി പ്രവർത്തിക്കുകയും ശരീരത്തിൻ്റെ സ്വാഭാവിക നില കൈവരിക്കുകയും ചെയ്യുന്നു. ഇത് രോഗശാന്തിയും ഉറപ്പുവരുത്തുന്നു. ശരീരത്തിലെ വേഗത്തിലുള്ള ടിഷ്യു പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കുകയും മുറിവിനെ ഉണക്കി സംരക്ഷിക്കുകയും ചെയ്യുന്നു" - ഡോക്‌ടർ വിശദീകരിച്ചു.

ഡോക്‌ടറുടെ അഭിപ്രായത്തിൽ മത്സ്യത്തോലിൽ പ്രകൃതിദത്ത കൊളാജൻ, ഒമേഗ ഫാറ്റി ആസിഡുകൾ, ബയോ ആക്റ്റീവ് സംയുക്തങ്ങൾ എന്നിവയാൽ സമ്പുഷ്‌ടമാണ്. ഇവ ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. ഫിഷ് സ്‌കിൻ ഗ്രാഫ്റ്റിംഗ് സ്വാഭാവികമായി മുറിവിനോട് പറ്റിനിൽക്കുകയും ഈർപ്പം നിലനിർത്തുകയും ചർമ്മത്തിൻ്റെ ഉപരിതല പുനരുജ്ജീവനത്തെ വേഗത്തിലാക്കുന്ന ഒരു സംരക്ഷണ പാളി സൃഷ്‌ടിക്കുകയും ചെയ്യുന്നു.

"ഈ ചികിത്സാ രീതിയിലൂടെ രോഗശാന്തി വേഗത്തിലാക്കുക മാത്രമല്ല, മൃഗത്തിൻ്റെ അസ്വസ്ഥത കുറയ്ക്കുകയും ചെയ്യുന്നു. അണുബാധ, പൊള്ളൽ അല്ലെങ്കിൽ പരിക്കുകൾ കാരണം ചർമ്മത്തിൽ വലിയ തോതിൽ കേടുപാടുകൾ സംഭവിക്കുന്ന സന്ദർഭങ്ങളിൽ ഇത്തരം ചികിത്സാ പ്രതിവിധി വളരെ ഉപയോഗപ്രദമാണ്", എന്നും ഡോക്‌ടർ കൂട്ടിച്ചേർത്തു.

വെറ്ററിനറി ചികിത്സയുടെ ഭാവി

ഫിഷ് സ്‌കിൻ ഗ്രാഫ്റ്റിംഗ് ചികിത്സയെ പ്രശംസിച്ചുകൊണ്ട് വെറ്ററിനറി കോളജിൻ്റെ മുൻ പ്രിൻസിപ്പൽ പ്രൊഫസർ ലക്ഷ്‌മൺ, വെറ്ററിനറി വിദഗ്‌ധൻ ഡോ. ഷിരിൻ എന്നിവരും മുൻപോട്ടുവന്നു. ആശുപത്രിയുടെ ശ്രമങ്ങളെ അവർ പ്രശംസിക്കുകയും അത്തരം നൂതന ചികിത്സാ രീതികൾ ഇന്ത്യയിലെ മൃഗങ്ങളുടെ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുമെന്ന് പറയുകയും ചെയ്‌തു.

പുനരുജ്ജീവന വൈദ്യശാസ്ത്രം വെറ്ററിനറി ചികിത്സയുടെ ഭാവിയാണെന്ന് പ്രൊഫസർ ലക്ഷ്‌മൺ പറഞ്ഞു. "മത്സ്യത്തോൽ പോലുള്ള ജൈവ വസ്‌തുക്കൾ ഉപയോഗിക്കുന്നത് മുറിവ് കൈകാര്യം ചെയ്യുന്നതിനുള്ള സുരക്ഷിതവും ഫലപ്രദവുമായ ഒരു വിദ്യയാണ്. കുറഞ്ഞ സങ്കീർണതകളോടെ മൃഗങ്ങളെ വേഗത്തിൽ സുഖപ്പെടുത്താൻ ഇത് സഹായിക്കും," അദ്ദേഹം പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൂടാതെ വളർത്തുമൃഗ ഉടമകളിൽ അവബോധത്തിൻ്റെ പ്രാധാന്യം ഡോ. ​​ഷിരിൻ എടുത്തുപറഞ്ഞു. ''വളർത്തുമൃഗങ്ങൾക്ക് അണുബാധ ഉണ്ടാകുമ്പോൾ പലരും ചികിത്സ വൈകിപ്പിക്കുന്നു. എന്നാൽ നേരത്തെയുള്ള വൈദ്യസഹായവും ആധുനിക ചികിത്സാ രീതികളും മൃഗങ്ങളുടെ ജീവൻ നിലനിർത്താൻ സഹായിക്കും", എന്ന് അദ്ദേഹം പറഞ്ഞു.

നായയുടെ വിജയകരമായ ഫിഷ് സ്‌കിൻ ഗ്രാഫ്റ്റിംഗ് ചികിത്സ വളർത്തുമൃഗ ഉടമകൾക്കും മൃഗസ്‌നേഹികൾക്കും പ്രതീക്ഷയാണ് നൽകുന്നത്. വരും വർഷങ്ങളിൽ രാജ്യത്തുടനീളമുള്ള വെറ്ററിനറി ആശുപത്രികളിൽ ഇത്തരം നൂതന ചികിത്സകൾ വ്യാപകമായി ഉപയോഗിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് മറ്റ് വിദഗ്‌ധരും അഭിപ്രായപ്പെട്ടു.

Also Read: ഈ എടിഎമ്മിൽ പണം കിട്ടില്ല; പകരം 24 മണിക്കൂറും ശുദ്ധമായ പാൽ കിട്ടും