ETV Bharat / bharat

Exclusive:അസമും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും അയൽരാജ്യത്തുനിന്നുള്ള പുതിയ ഇസ്‌ലാമിസ്റ്റ് ഭീകരവാദ ഭീഷണി നേരിടുന്നു: ഹിമന്ത ബിശ്വ ശർമ്മ

ന്യൂഡൽഹിയിൽ ഇടിവി ഭാരത് പ്രതിനിധി ഗൗതം ദേബ്രോയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നിര്‍ണായക വിവരങ്ങള്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വെളിപ്പെടുത്തിയത്.

Himanta Biswa Sarma  terror threat assam  Assam flood
ഹിമന്ത ബിശ്വ ശർമ്മ (ETV Bharat)
author img

By ETV Bharat Kerala Team

Published : August 27, 2026 at 12:17 PM IST

2 Min Read
Choose ETV Bharat

ന്യൂഡൽഹി: ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇസ്‌ലാമിസ്റ്റ് ഭീകര സംഘടനകളിൽ നിന്ന് അസമും മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളും വലിയ സുരക്ഷാ ഭീഷണി നേരിടുന്നതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മേഖലയിൽ സജീവമായ ഇന്ത്യവിരുദ്ധ ശക്തികൾക്കെതിരെ സുരക്ഷാ ഏജൻസികൾ ശക്തമായ നടപടികൾ ആരംഭിച്ചതായും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ന്യൂഡൽഹിയിൽ ഇടിവി ഭാരത് പ്രതിനിധി ഗൗതം ദേബ്രോയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിൻ്റെ സുരക്ഷാ വെല്ലുവിളികൾ, മ്യാൻമർ-അരുണാചൽ വഴിയുള്ള മയക്കുമരുന്ന് കടത്ത്, അസമിലെ വിട്ടുമാറാത്ത പ്രളയക്കെടുതി എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

അസമും വടക്കുകിഴക്കൻ മേഖലയും ഇസ്‌ലാമിസ്റ്റ് ഭീകരരുടെ ഭീഷണിയിലാണെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചു. സുരക്ഷാസേനകൾ ഭീകരവാദ ശൃംഖലകൾക്കെതിരെ വ്യാപകമായ തെരച്ചിൽ നടത്തിവരികയാണെന്നും, അടുത്തിടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ചില ഇസ്‌ലാമിസ്റ്റ് ഭീകരരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Himanta Biswa Sarma  terror threat assam  Assam flood
ഹിമന്ത ബിശ്വ ശർമ്മ (ETV Bharat)

ബംഗ്ലാദേശിലുണ്ടായ രാഷ്ട്രീയ അസ്ഥിരതയ്ക്കിടെ ജയിൽ ചാടിയതോ മോചിതരായതോ ആയ തീവ്രവാദികൾ വീണ്ടും ഇന്ത്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന് പാർലമെൻ്ററി സമിതി അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് 4,096 കിലോമീറ്റർ നീളമുള്ള ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ പുതിയ സുരക്ഷാ ആശങ്കകൾ ഉയർത്തുന്നുണ്ട്.

പുതിയ മയക്കുമരുന്ന് കടത്ത് പാത

അസമിൻ്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം അതിനെ അതീവ സങ്കീർണ്ണമായ ഒരു സുരക്ഷാ മേഖലയാക്കി മാറ്റുന്നു. മ്യാൻമറിൽ നിന്നുള്ള മയക്കുമരുന്ന് കടത്താണ് സംസ്ഥാനം നേരിടുന്ന മറ്റൊരു വലിയ വെല്ലുവിളി. അടുത്തിടെ ഏകദേശം 100 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരം പിടികൂടിയിരുന്നു. മുൻപ് 'മോറെ' പാതയായിരുന്നു മയക്കുമരുന്ന് കടത്തിന് പ്രധാനമായും ഉപയോഗിച്ചിരുന്നതെങ്കിൽ, ഇപ്പോൾ കള്ളക്കടത്തുകാർ മ്യാൻമർ-അരുണാചൽ പ്രദേശ് വഴിയുള്ള പുതിയ പാത ഉപയോഗിക്കുന്നത് ആശങ്കയുണർത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രനേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ

കഴിഞ്ഞ ആറ് ദിവസമായി ദേശീയ തലസ്ഥാനത്തുള്ള മുഖ്യമന്ത്രി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ, നിതിൻ ഗഡ്കരി ഉൾപ്പെടെയുള്ള പ്രമുഖ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. അസമിൻ്റെ വികസന പദ്ധതികളെക്കുറിച്ചും സംസ്ഥാനത്തെ പ്രളയ സാഹചര്യത്തെക്കുറിച്ചും കൂടിക്കാഴ്ചകളിൽ വിശദമായി ചർച്ച ചെയ്‌തുവെന്നും മുഖ്യമന്ത്ര വ്യക്തമാക്കി.

പ്രളയ പ്രതിരോധവും ദേശീയ പാത പുനരുദ്ധാരണവും

പ്രളയത്തിൽ തകർന്ന ദേശീയപാതകൾ എത്രയും വേഗം പുനരുദ്ധരിക്കാനും, ഭാവിയിലെ പ്രളയങ്ങളെ പ്രതിരോധിക്കാൻ തക്കവണ്ണം പാലങ്ങളുടെയും കൽവർട്ടുകളുടെയും രൂപകൽപ്പന ശാസ്ത്രീയമായി മാറ്റാനും റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയോട് അദ്ദേഹം ആവശ്യപ്പെട്ടു. അസമിലെ തുടര്‍ച്ചയായ പ്രളയ പ്രശ്നത്തിന് ശാസ്ത്രീയവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ ഒരു പരിഹാരം'കണ്ടെത്തുന്നതിനായി ഐഐടി റൂർക്കിയുമായും മറ്റ് വിദഗ്‌ധ സംഘടനകളുമായും സംസ്ഥാന സർക്കാർ ബന്ധപ്പെട്ടുവരികയാണെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

Himanta Biswa Sarma  terror threat assam  Assam flood
ഹിമന്ത ബിശ്വ ശർമ്മ (ETV Bharat)

ദുരിതാശ്വാസ നിധിയും നാശനഷ്ടങ്ങളും

പ്രളയാനന്തര പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 130 കോടി മുതൽ 140 കോടി രൂപ വരെ സമാഹരിച്ചിട്ടുണ്ട്. എന്നാൽ, ഇത്തവണത്തെ പ്രളയക്കെടുതിയുടെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ ദുരിതാശ്വാസത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കുമായി ഏകദേശം 1,200 കോടി മുതൽ 1,500 കോടി രൂപ വരെ ആവശ്യമായി വരുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ കേന്ദ്രത്തിൽ നിന്ന് മതിയായ ധനസഹായം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Also Read: പ്രളയച്ചുഴിയില്‍ നേപ്പാൾ: 300-ലധികം ഇന്ത്യക്കാരെ കാണാതായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍