ഐടി മേധാവിയുടെ വീട്ടിലും ഓഫീസിലും ഇഡി റെയ്‌ഡ്; പാഞ്ഞെത്തി മുഖ്യമന്ത്രി, കടുത്ത പ്രതിഷേധം
നടപടികൾക്ക് ശക്തമായ പ്രതികരണങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി മമത ബാനർജി. രാജ്യത്തെ സംരക്ഷിക്കാൻ കഴിയാത്ത കഴിവില്ലാത്ത ആഭ്യന്തര മന്ത്രിയെന്ന് അമിത് ഷായ്‌ക്കും വിമർശനം.

Published : January 8, 2026 at 2:57 PM IST
|Updated : January 8, 2026 at 4:55 PM IST
കൊൽക്കത്ത: പശ്ചിമബംഗാളില്‍ ഇഡിയുടെ (എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ്) മിന്നൽ പരിശോധനയ്‌ക്കിടെ പാഞ്ഞെത്തി മമത ബാനർജി. സാൾട്ട് ലേക്കിലെ ഐ പാക് ഓഫിസിലും ഐടി മേധാവി പ്രദീക് ജയിനിൻ്റെ വസതിയിലും നടന്ന മിന്നൽ പരിശോധനയ്‌ക്കിടെ നാടകീയ സംഭവങ്ങള്‍.
പാർട്ടിയുമായി ബന്ധപ്പെട്ട വസ്‌തുക്കൾ ഇഡി പിടിച്ചെടുത്തുവെന്നും ആഭ്യന്തരമന്ത്രി കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുന്നതായും മമത ബാനർജി ആരോപിച്ചു. "പാർട്ടിയുടെ സ്ഥാനാർഥി പട്ടിക ശേഖരിക്കേണ്ടത് അമിത് ഷായുടെ ഇഡിയുടെ കടമയാണോ? രാജ്യത്തെ സംരക്ഷിക്കാൻ കഴിയാത്ത 'കഴിവില്ലാത്ത' ആഭ്യന്തര മന്ത്രി എൻ്റെ എല്ലാ പാർട്ടി രേഖകളും എടുത്തുകൊണ്ടുപോകുന്നു" മമത ബാനർജി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഈ നടപടികൾക്ക് ശക്തമായ പ്രതികരണങ്ങൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. വരാനിരിക്കുന്ന പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രത്തിൽ നിന്ന് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും മമത ആരോപിച്ചു. റെയ്‌ഡിനെതിരെ വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിൻ്റെ തീരുമാനം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രത്യേക തീവ്ര പരിഷ്‌കരണ (എസ്ഐആർ) പ്രക്രിയയ്ക്കിടെ സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ നിന്ന് വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കുന്നുണ്ടെന്നും അവർ അവകാശപ്പെട്ടു. "ബിജെപി പാർട്ടി ഓഫിസ് ഞാൻ റെയ്‌ഡ് ചെയ്‌താൽ എന്ത് ഫലം ഉണ്ടാകും? ഒരു വശത്ത്, അവർ പശ്ചിമ ബംഗാളിൽ എസ്‌ഐആർ നടത്തി എല്ലാ വോട്ടർമാരുടെയും പേരുകൾ ഇല്ലാതാക്കുകയാണ്... തെരഞ്ഞെടുപ്പിന് മുന്നോടിയായി, അവർ എൻ്റെ പാർട്ടിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിക്കുകയാണ്" എന്നും മുഖ്യമന്ത്രി മമത ബാനർജി കൂട്ടിച്ചേർത്തു. മമത ബാനർജിക്കൊപ്പം കാബിനറ്റ് മന്ത്രി സുജിത് ബോസും ഉണ്ടായിരുന്നു.
കൽക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട നിരവധി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്നാണ് ഇഡിയുടെ വിശദീകരണം. ഇതേ കേസുമായി ബന്ധപ്പെട്ട് ബുറാബസാറിൽ സംരംഭകൻ്റെ വീട്ടിലും പരിശോധന ഇഡി പരിശോധന നടത്തി. പശ്ചിമ ബംഗാളിലെ വ്യാജ സർക്കാർ ജോലി അഴിമതിയെക്കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായി രാജ്യത്തെ 15 സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് റെയ്‌ഡുകൾ നടത്തിവരികയാണ്. വ്യാജ നിയമനങ്ങൾ വാഗ്‌ദാനം ചെയ്‌ത് ഒരു സംഘടിത ശൃംഖല ഇതിൽ ഉൾപ്പെടുന്നുണ്ടെന്നും ഇഡി ആരോപിച്ചു.
ജനുവരി അഞ്ചിന്, മമത ബാനർജി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ (ഇസിഐ) രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടിരുന്നു. വോട്ടർമാരെ വലിയ തോതിൽ ഉപദ്രവിക്കുന്നുണ്ടെന്ന് ആരോപിച്ചു. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സുപ്രീം കോടതിയെ സമീപിക്കുന്നതുൾപ്പെടെയുള്ള നിയമനടപടികൾ തൻ്റെ സർക്കാർ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
പേരുകൾ നീക്കം ചെയ്യാൻ കൃത്രിമബുദ്ധി ദുരുപയോഗം ചെയ്യുന്നുവെന്നും വോട്ടർ പട്ടികയിൽ നിന്ന് ഏകദേശം 54 ലക്ഷം പേരുകൾ ഇല്ലാതാക്കിയതായും മമത ബാനർജി ആരോപിച്ചിരുന്നു. ഈ വർഷം ആദ്യ പകുതിയിൽ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറുന്നത്.
Also Read: അമർത്യ സെന്നിന് എസ്ഐആർ നോട്ടീസ്; തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം

