'ട്രബിൾ ഷൂട്ടർ' ഇനി കർണാടകയുടെ അമരക്കാരൻ; ഡി.കെ. ശിവകുമാർ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
പാർട്ടി പ്രതിസന്ധികളിലായപ്പോഴൊക്കെ കോട്ടപോലെ കാത്തുസൂക്ഷിച്ച 'കനകപുരയിലെ കനൽത്തരി' ഒടുവിൽ കർണാടകയുടെ ഭരണം നിയന്ത്രിക്കുന്ന പരമാധികാരിയായി മാറുന്നു...

Published : June 3, 2026 at 7:08 AM IST
ബെംഗളൂരു: ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിലെ അതിശക്തനായ ജനനായകൻ ഡി.കെ. ശിവകുമാർ കർണാടകയുടെ മുഖ്യമന്ത്രിയായി ഇന്ന് അധികാരമേൽക്കുന്നു. മൂന്ന് വർഷത്തെ ഭരണം പൂർത്തിയാക്കി സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതോടെയാണ് കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ മുൻനിശ്ചയപ്രകാരമുള്ള പുതിയ നേതൃമാറ്റത്തിന് കർണാടക സാക്ഷ്യം വഹിക്കുന്നത്.
ബെംഗളൂരു രാജ്ഭവൻ പരിസരത്തുള്ള ലോക് ഭവൻ ഗ്ലാസ് ഹൗസിൽ വൈകുന്നേരം 4.05-ന് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് ഡി.കെ. ശിവകുമാറിന് സത്യവാചകം ചൊല്ലിക്കൊടുക്കും. 13 ഓളം എംഎല്‍എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കാത്തിരുന്ന് നേടിയ കനകസിംഹാസനം
കോൺഗ്രസിൻ്റെ ദേശീയ രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും വലിയ 'ട്രബിൾ ഷൂട്ടർ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡി.കെ. ശിവകുമാറിന് ഇത് വെറുമൊരു പദവിയല്ല, മറിച്ച് ദീർഘകാലത്തെ രാഷ്ട്രീയ തപസ്യയുടെ സഫലീകരണമാണ്. 1989-ൽ തൻ്റെ 27-ാം വയസ്സിൽ ആദ്യമായി നിയമസഭയിലെത്തിയ അദ്ദേഹം എട്ടു തവണ തുടർച്ചയായി എം.എൽ.എ ആയ ചരിത്രമുള്ള നേതാവാണ്.
പാർട്ടി പ്രതിസന്ധികളിലായപ്പോഴൊക്കെ കോട്ടപോലെ കാത്തുസൂക്ഷിച്ച 'കനകപുരയിലെ കനൽത്തരി' ഒടുവിൽ കർണാടകയുടെ ഭരണം നിയന്ത്രിക്കുന്ന പരമാധികാരിയായി മാറുമ്പോൾ അത് അണികൾക്ക് പകരുന്ന ആവേശം ചെറുതല്ല. "ഇത് എൻ്റെ സ്വപ്‌നമല്ല, എൻ്റെ ലക്ഷ്യത്തിലേക്കുള്ള സമർപ്പണമായിരുന്നു" എന്നാണ് സത്യപ്രതിജ്ഞയ്ക്ക് മുമ്പ് നിയുക്ത മുഖ്യമന്ത്രി പ്രതികരിച്ചത്.
ലളിതമായ ചടങ്ങ്
നഗരത്തിലെ ഗതാഗതക്കുരുക്കും പൊതുജനങ്ങളുടെ ബുദ്ധിമുട്ടും ഒഴിവാക്കാൻ തികച്ചും ലളിതവും എന്നാൽ അച്ചടക്കമുള്ളതുമായ രീതിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. എങ്കിലും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി തുടങ്ങിയ പ്രമുഖ ദേശീയ നേതാക്കളും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും ചടങ്ങിൽ സന്നിഹിതരാകും. തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും
ആദ്യഘട്ടത്തിൽ ഡി.കെ. ശിവകുമാറിനൊപ്പം 13 പുതിയ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കുമെന്നാണ് സൂചന. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ ഉൾപ്പെടെയുള്ള പ്രമുഖർ ആദ്യഘട്ട മന്ത്രിമാരുടെ പട്ടികയിലുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ബാക്കി മന്ത്രിമാരുടെ സത്യപ്രതിജ്ഞ ജൂൺ 18-ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം രണ്ടാം ഘട്ടമായി നടക്കാനാണ് സാധ്യത.
വരും ദിവസങ്ങളിൽ ജാതി-മേഖലാ സമവാക്യങ്ങൾ പാലിച്ച് മന്ത്രിസഭ പൂർണതോതിൽ വികസിപ്പിക്കും. ലിംഗായത്ത്, വൊക്കലിഗ, ദളിത്, ഒ.ബി.സി, മുസ്ലിം വിഭാഗങ്ങൾക്ക് കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടുള്ള ഒരു പട്ടികയാണ് ഹൈക്കമാൻഡ് തയ്യാറാക്കുന്നത്. നിലവിലെ മന്ത്രിസഭയിലെ പ്രമുഖരായ മുതിർന്ന നേതാക്കളിൽ ഭൂരിഭാഗവും പുതിയ മന്ത്രിസഭയിലും തുടർന്നേക്കും
മുന്നിലുള്ളത് കനത്ത വെല്ലുവിളികൾ
ഭരണത്തിൻ്റെ അമരത്തേക്ക് ഡി.കെ. ശിവകുമാർ എത്തുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. കോൺഗ്രസ് ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങളും ഗ്യാരൻ്റികളും കൃത്യമായി നടപ്പിലാക്കിക്കൊണ്ട് സുതാര്യമായ ഭരണം കാഴ്ചവെക്കുക എന്നതാണ് പുതിയ സർക്കാരിൻ്റെ ലക്ഷ്യം. ഒപ്പം, വരാനിരിക്കുന്ന 2028-ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കും 2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കും പാർട്ടിയെ സജ്ജമാക്കുക എന്ന വലിയ ദൗത്യവും ഡി.കെ.എസ് എന്ന കരുത്തനായ സംഘാടകന് മുന്നിലുണ്ട്.
Also Read: അക്രമണങ്ങളിൽ പ്രതിഷേധം; കുത്തിയിരിപ്പ് സമരവുമായി മമത ബാനർജി

